Quantcast
Channel: ...വാഴക്കോടന്‍റെ പോഴത്തരങ്ങള്‍...
Viewing all 37 articles
Browse latest View live

പൊറിഞ്ചുവിന്റെ രതിനിര്‍വ്വേദം !!!

$
0
0
ഇത് ഇത്തിരി പഴക്കമുള്ള കഥയാണ്. കൃത്യമായി പറഞ്ഞാല്‍ തൃശൂര്‍ ഗിരിജയില്‍ അഡള്‍ട്ട് ഓണ്‍ലി സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിച്ചിരുന്ന കാലം.അന്നൊക്കെ കുന്നംകുളം ഗീതയില്‍  മമ്മൂട്ടിയുടെ ചിത്രങ്ങളായിരുന്നു നൂണ്‍ഷോയ്ക്ക് പോലും തകര്‍ത്തോടിയിരുന്നത്.ആ സുവര്‍ണ്ണ കാലഘട്ടത്തില്‍ തൃശൂര്‍ ഗിരിജയുടെ ഒരു മുതല്‍ക്കൂട്ടായിരുന്നു ‘ഫ്രാന്‍സിസ്’ എന്ന് സ്വന്തമായി പേരുണ്ടെങ്കിലും മുഖത്ത് നോക്കിയാല്‍ പൊറിഞ്ചു എന്നല്ലാതെ വിളിക്കാന്‍ തോന്നാത്ത ‘കോടാലി’ ഗ്രാമവാസികൂടിയായ ഫ്രാന്‍സിസ്.സുമുഖന്‍ സുന്ദരന്‍ ഏഴഴകുള്ളവന്‍! 

വാസ്കോഡ ഗാമ ഗമയില്‍ കാപ്പാട് കാലു കുത്തിയത് വീട്ടിലെ പട്ടിണി മൂലമായിരുന്നില്ലെങ്കിലും പൊറിഞ്ചു വാഴക്കോട് കാലു കുത്തിയത് വീട്ടിലെ പട്ടിണി മാറ്റാന്‍ വേണ്ടിത്തന്നെയായിരുന്നു. വാഴക്കോട്ടെ എണ്ണപ്പാടങ്ങളില്‍ പണിയെടുത്ത് സമ്പാദിച്ച് നാട്ടിലേക്ക് ഡോളേര്‍സ് അയക്കാന്‍ വന്നവനെപ്പോലെയുള്ള ഒരു ഗമയായിരുന്നു ആദ്യമൊക്കെ പൊറിഞ്ചുവിന്. പിന്നീട് ഓരോ റവര്‍ മരത്തിനേയും ഓരോ എണ്ണപ്പനയായി സങ്കല്‍പ്പിച്ച് പൊറിഞ്ചു റവര്‍ മരത്തിന്റെ എണ്ണ ഊറ്റി ബക്കറ്റിലാക്കി എണ്ണപ്പാടത്ത് കറങ്ങി നടന്നു.‘റവറ് മൂട്ടിലെ അടിമ‘ എന്നും പൊറിഞ്ചുവിനെ ഞങ്ങള്‍ അത്യാവശ്യ ഘട്ടങ്ങളിലൊക്കെ വിളിച്ച് പോന്നിരുന്നു.

വിട്ടാല്‍ കാള പയറ്റില് എന്ന് പറഞ്ഞ പോലെ ഒഴിവു കിട്യാ അപ്പോ പൊറിഞ്ചു  തൃശൂര് ഗിരിജേലുണ്ടാവും.പിന്നെ നൂണ്‍ഷോയും മാറ്റിനിയും കഴിഞ്ഞ് കൊള്ളാമെങ്കില്‍ ഫസ്റ്റ് ഷോയും കണ്ടേ തിരിച്ച് വരാറുള്ളൂ.പൊറുഞ്ചുവിനെ സംബന്ധിച്ച് ഈ ഒരു കെട്ട പഴക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നഞ്ചെന്തിനാ നാനാഴി എന്ന് പറഞ്ഞത് പോലെയാണ്  പൊറിഞ്ചുവിന്റെ ഈ സ്വഭാവം. കാരണം ആഴ്ചയില്‍ കിട്ടുന്ന കൂലിയില്‍ ഏറിയ പങ്കും ഗിരിജയുടെ ബോക്സോഫീസിലാണ് ഡെപ്പോസിറ്റ് ചെയ്ത് പോന്നിരുന്നത്. അതിനാല്‍ തന്റെ മാത്രം വരുമാനത്തില്‍ കഴിയുന്ന തന്റെ കുടുംബത്തിന്  ചിലവു കഴിയാനുള്ള നാമമാത്ര ഫണ്ട് മാത്രമേ പൊറിഞ്ചു വീട്ടില്‍ കൊടുത്തിരുന്നുള്ളൂ എന്ന് ഞങ്ങള്‍ മനസ്സിലാക്കി.ഞങ്ങള്‍ അവനെ കാണുമ്പോഴൊക്കെ ഫ്രീയായി ഉപദേശിക്കാറുണ്ടെങ്കിലും ഗിരിജയും പൊറിഞ്ചുവും അടയും ചക്കരയും പോലെ പരസ്പര പൂരകങ്ങളായി നിലകൊണ്ടു.

അങ്ങിനെയിരിക്കെ ഒരു ദിവസം പൊറിഞ്ചുവിന്റെ വകയിലുള്ള ഒരു അമ്മാവന്‍ പൊറിഞ്ചുവിന്റെ താമസ സ്ഥലത്തേക്ക് കാര്യങ്ങള്‍ നേരിട്ടറിയാന്‍ വിസിറ്റ് വിസയില്‍ വന്നിറങ്ങി.അമ്മാവന്‍ കരുതിയത് അനന്തിരവന്‍ മുടിഞ്ഞ വെള്ളമടിയാണെന്നും അതിനാലാണ് വീട്ടിലേക്ക് നേരാം വണ്ണം ചിലവിന് കൊടുക്കാത്തത് എന്നുമൊക്കെയായിരുന്നു.ഇനിയെങ്ങാന്‍ അങ്ങിനെയാണെങ്കില്‍ രണ്ട് ദിവസം ഓസില്‍ മിനുങ്ങാമല്ലോ എന്നൊരു ദുരാഗ്രഹവും അമ്മാവന്റെ മനസ്സിലുണ്ടായിരുന്നു.എന്തു കൊണ്ടോ അമ്മാവന്‍ വന്ന ആഴ്ച പൊറിഞ്ചു ഗിരിജയെ കടുത്ത മനോവേദനയോടെ പിരിഞ്ഞിരുന്നു.ആ ദുഃഖം വല്ലാത്തൊരു ആത്മ സംഘര്‍ഷത്തോട് കൂടിയാണ് പൊറിഞ്ചു അതിജീവിച്ചത്.

അമ്മാവനെ വേണ്ട രീതിയില്‍ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് പൊറിഞ്ചു ചെറിയൊരു കൈമടക്കും നല്‍കി അമ്മാവനെ യാത്രയാക്കി.അമ്മാവന്‍ ബസ്സ് കയറാന്‍ വാഴക്കോട് സെന്ററില്‍ നില്‍ക്കുമ്പോഴാണ് ഞങ്ങള്‍ അമ്മാവനെ പരിചയപ്പെടാന്‍ ചെല്ലുന്നത്.അമ്മാവന്‍ പൊറിഞ്ചുവിന്റെ വീട്ടിലെ ദയനീയ സ്ഥിതി ഞങ്ങളോട് വിവരിച്ചു.പൊറിഞ്ചുവിന്റെ അപ്പന്‍ മരിച്ചു പോയെന്നും പൊറിഞ്ചുവിനു താഴെ പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് സഹോദരിമാര്‍ ഉണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കി. അമ്മയ്ക്ക് ആസ്ത്മയുടെ വലിവുണ്ടെങ്കിലും അവര്‍ കൂലിപ്പണിക്ക് ഇടയ്ക്ക് പോകാറുണ്ട് എന്നും അമ്മാവന്‍ പറഞ്ഞു. പൊറിഞ്ചു കിട്ടുന്ന കൂലി നേരാം വണ്ണം വീട്ടില്‍ കൊടുക്കുകയാണെങ്കിലോ അല്ലെങ്കില്‍ എവിടേയെങ്കിലും സ്വരുക്കൂട്ടി വെക്കുകയോ ചെയ്തില്ലെങ്കില്‍ ആ കുടുംബം അനാഥമാകുമെന്ന് ആ അമ്മാവന്‍ ഭയപ്പെട്ടിരുന്നു. പൊറിഞ്ചുവിനെ എങ്ങിനേയെങ്കിലും കാര്യപ്രാപ്തി വരുത്തണം എന്നും അതിന് ഞങ്ങളുടെ സഹായവും അമ്മാവന്‍ അഭ്യര്‍ത്ഥിച്ചു.കാര്യങ്ങളുടെ ഗൌരവം മനസ്സിലാക്കിയ ഞങ്ങള്‍ പൊറിഞ്ചുവിനെ ഒരു സത്സ്വഭാവിയും കുടുംബ സ്നേഹിയുമാക്കാമെന്ന് അമ്മവന്റെ ചിലവില്‍ സോഡാസര്‍വ്വത്ത് കഴിച്ച് കൊണ്ട്  അമ്മാവന് ഉറപ്പ് കൊടുത്തു. അങ്ങിനെ ഞങ്ങള്‍ പൊറിഞ്ചുവിനെ നന്നാക്കാനുള്ള മിഷന്‍ അമ്മവന്റെ അനുഗ്രഹത്തോടെ ഏറ്റെടുത്തു.അമ്മാവന്‍ യാത്രയാകുന്നതിനു മുന്‍പ് ഒരു കാര്യം കൂടി ചോദിച്ചു,
“അതേയ് ഈ ഷൊര്‍ണൂര് ഷണ്മുഖ എന്ന ടാക്കീസ് എവിട്യാ? ഇപ്പോ എങ്ങിനേ നൂണ്‍ഷോയ്ക്ക് ബിറ്റുണ്ടോ?”
അമ്മാവന്റെ ആ ജിജ്ഞാസയ്ക്ക് മുന്‍പില്‍ ഞങ്ങള്‍ നമ്ര ശിരസ്കരായി. അമ്മാവന്‍ ഇച്ചേലുക്കാണെങ്കില്‍ പിന്നെ അനന്തിരവന്റെ കാര്യം പറയാനുണ്ടോ? അമ്മാവനെ നിരാശപ്പെടുത്തേണ്ട എന്ന് കരുതി ഞങ്ങള്‍ എല്ലാവരും കൂടി അമ്മാവന് ഷണ്മുഖയിലേക്ക് വഴികാണിക്കാനായി ബസ്സില്‍ ഷൊര്‍ണൂര്‍ക്ക് അമ്മാവന്റെ ചിലവില്‍ യാത്രയായി! അമ്മാവന്‍ വഴിതെറ്റാതിരിക്കാന്‍ ഞങ്ങള്‍ അമ്മാവന്റെ കൂടെത്തന്നെ ഉണ്ടാവുകയും,അവസാനം പടം കഴിഞ്ഞ് അമ്മാവനെ തൃശൂര്‍ ബസ്സില്‍ കയറ്റി വിടുകയും ചെയ്തു. അമ്മാവന്‍ ഇടയ്ക്കിടയ്ക്ക് വരാമെന്നും പറഞ്ഞാണ് പോയത്.

ആയിടക്കാണ് തൃശൂര്‍ പൂരവും പൊങ്കലും ഒരുമിച്ച് വന്നപോലെയൊരു സന്തോഷം പൊറിഞ്ചുവിനെ പോലുള്ളവര്‍ക്ക് കുളിര്‍മഴയായി ഗിരിജാ തീയറ്ററില്‍ പെയ്തിറങ്ങിയത്. “സിറാക്കോ” എന്ന ഇംഗ്ലീഷ് പടം ഇടതടവില്ലാതെ ആളുകളേ ഇക്കിളിപ്പെടുത്തുന്ന വാര്‍ത്ത പൊറിഞ്ചുവിലും എത്തി.പിന്നെ പൊറിഞ്ചു ഒന്നും ആലോചില്ല ഒരു ദിവസം ലീവെടുത്ത് കൊണ്ട് തന്നെ ഗിരിജയിലെത്തി ഹാജര്‍ വെച്ചു,പിറ്റെ ദിവസവും ഹാജര്‍ വെച്ചു. കാര്യം അമ്മാവന്‍ അവനെ നേര്‍വഴികാണിക്കാന്‍ ഞങ്ങളെ ഏല്‍പ്പിച്ചെങ്കിലും അവന്റെ ചിലവില്‍ സിറാക്കോ കാണാനുള്ള പദ്ധതികള്‍ വരെ കൂട്ടുകാര്‍ ആസൂത്രണം ചെയ്തെങ്കിലും എന്റെ ശക്തമായ സമ്മര്‍ദ്ദത്തിന് വഴങ്ങി (വിശ്വസിക്കൂ പ്ലീസ്) എല്ലാവരും ആ ശ്രമത്തില്‍ നിന്നും പിന്തിരിഞ്ഞു. ഒരു ദിവസം ജോലി കഴിഞ്ഞ് വിശ്രമിക്കുന്ന പൊറിഞ്ചുവിനെ ഉപദേശിക്കാനെന്ന വണ്ണം ഞങ്ങള്‍ മൂന്നാല് പേര്‍ അവന്റെ താമസ സ്ഥലത്തെത്തി.

പൊറിഞ്ചുവിനെ ഞങ്ങള്‍ വിശാലമായ കൊളമ്പ് മുക്കിലെ പള്ളിയേലിലേക്ക് ക്ഷണിച്ചു. ദാഹം തീര്‍ക്കാന്‍ കമറു തെങ്ങില്‍ കയറി ‘തംസ് അപ്പ്’ എല്ലാവര്‍ക്കും വെട്ടിയിട്ടു. സ്വന്തം വാപ്പാടെ പറമ്പിലെ തെങ്ങിന്മേല്‍ കേറുന്ന അധികാരത്തിലാണ് ചാത്തങ്കോട്ട്കാരുടെ തെങ്ങില്‍ നിന്നും ഇളനീര്‍ എന്ന തംസ് അപ്പ് വെട്ടി കുടിക്കാറ്.അങ്ങിനെ ഒരു തംസ് അപ്പ് പൊറിഞ്ചുവിനും കൊടുത്തു കൊണ്ട് പൊറിഞ്ചുവിനോട് കാര്യങ്ങള്‍ അവന് മനസ്സിലാകുന്ന വിധത്തില്‍ ഉപദേശിച്ച് കൊടുത്തു.എല്ലാം കേട്ട് കഴിഞ്ഞിട്ട് അവന്‍ തിരിച്ചൊരു ചോദ്യമിട്ടു,
“അതേയ് എനിക്ക് ആകെയുള്ള ദുശ്ശീലം ഈ സിനിമ കാണല്‍ മാത്രാണ്.ഗിരിജേല് ഇമ്മാതിരി പടം വന്നാല്‍ പിന്നെ ഞാന്‍ എങ്ങിനെ അടങ്ങിയിരിക്കും? നമ്മളൊക്കെ ചെറുപ്പക്കാരല്ലേ കൂട്ടരേ?”
ആ ഒരു കമന്റില്‍ ഞങ്ങളേക്കൂടി ഒന്ന് വാരിയ പൊറിഞ്ചുവിനോട് പിന്നെ അധികമൊന്നും ഉപദേശിച്ചിട്ട് കാര്യമില്ല എന്ന് മനസ്സിലായി. എന്നാല്‍ തന്ത്രം കൊണ്ട് ശരിയായില്ലെങ്കില്‍ കുതന്ത്രം കൊണ്ട് ശരിയാക്കാമെന്ന അതി മോഹത്താല്‍ ഞങ്ങള്‍ ഒരു കുതന്ത്രത്തെ പറ്റി ഗഹനമായി ചിന്തിച്ചു.കാജാ ബീഡികള്‍ പൊറിഞ്ചുവിനെ നന്നാക്കാനായി പുകഞ്ഞ് കൊണ്ടിരുന്നു.പക്ഷേ കുതന്ത്രം മാത്രം ആരുടെ തലയിലും വന്നില്ല.

“വല്ല കോഴി മോഷണമോ കപ്പ മോഷണമോ ആണെങ്കില്‍ നിസ്സാരമായിരുന്നു” കമറുവാണ് പറഞ്ഞ് തൂടങ്ങീത്,“ഇത്തിരി വെള്ളം കോഴീടെ മേലെ തളിച്ചാല്‍ പിന്നെ കോഴികള്‍ മിണ്ടില്ല. പിന്നെ പുഷ്പം പോലെ പിടിക്കാം.ഇതിപ്പോ അവന്റെ ഗിരിജേ പോക്ക് നിര്‍ത്തണം. വല്ല പ്രസവം നിര്‍ത്താനാണെങ്കി എരുമപ്പെട്ടി ആശുപത്രീലു കൊണ്ട് പോകായിരുന്നു.ഒരു ബക്കറ്റും ഫ്രീയായി കിട്ടിയേനെ! ഞാനാലോചിച്ച് ഒരു വഴീം കാണുന്നില്ല“

ചര്‍ച്ചകളും ഉപചര്‍ച്ചകളുമൊക്കെയായി കാജാ ബീഡി തീര്‍ന്നതല്ലാതെ ഒരു തീരുമാനം ഉണ്ടായില്ല. ഒടുവില്‍ ഒരു മന്ത്രവാദിയെക്കൊണ്ട് പൂജയോ കൂടൊത്രമോ  ചെയ്യിപ്പിച്ച് ഇവന്റെ ഗിരിജാസക്തി മാറ്റാമെന്ന തീരുമാനത്തിലെത്തി.പക്ഷേ അപ്പോള്‍ മറ്റൊരു പ്രശ്നം! എന്ത് പറഞ്ഞ് പൊറിഞ്ചുവിനെ മന്ത്രവാദിയുടെ അടുത്തെത്തിക്കും? വീണ്ടും കാജാ ബീഡികള്‍ പുകഞ്ഞു.ഒടുവില്‍ ‘മുത്തു‘ ഒരു പദ്ധതി മനസ്സില്‍ കണ്ടുകൊണ്ട് പറഞ്ഞു, “അവനെ മന്ത്രവാദിയുടെ അടുത്തെത്തിക്കുന്ന കാര്യം ഞാനേറ്റു,നിങ്ങള്‍ ബാക്കി കാര്യങ്ങള്‍ ചെയ്തോളിന്‍“

അങ്ങിനെ പൊറിഞ്ചുവിന്റെ ഗിരിജാസക്തി കുറയ്ക്കാന്‍ ഞങ്ങള്‍ കാഞ്ഞിരശ്ശേരിയിലുള്ള ഒരു ചാത്തന്‍ മഠത്തിലെ മന്ത്രവാദിനിയെ ഏര്‍പ്പാടാക്കി.അങ്ങിനെ ആ ദിവസം വന്നെത്തി. ആഭിചാര കര്‍മ്മമായത് കൊണ്ട് രാത്രി പത്തിന് ശേഷം എത്തിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം.അത് പ്രകാരം ഞാനും മറ്റു രണ്ട് പേരും ആദ്യം തന്നെ മന്ത്രവാദിനിയുടെ കുടിലിന്റെ പരിസരത്ത് എത്തി മുത്തുവിനേയും പൊറിഞ്ചുവിനേയും കാത്ത് നിന്നു. കൂരിരുട്ടിലെവിടേ നിന്നോ കുറുക്കന്റെ ഓരിയിടലും മന്ത്രവാദിനിയുടെ വീട്ടിലെ നിര്‍ത്താതെയുള്ള മണിയടി ശബ്ദവും ഞങ്ങള്‍ക്കുള്ളില്‍ അല്‍പ്പം ഭയപ്പാടുണ്ടാക്കി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ മുത്തു പൊറിഞ്ചുവുമായി എത്തി.പൊറിഞ്ചുവിന്റെ മുഖത്തെ ദാഹവും മുത്തുവിന്റെ മുഖത്തെ മന്ദഹാസവും കാര്യങ്ങള്‍ അതിന്റെ നേരായ വഴിക്ക് തന്നെയാണെന്ന് നടക്കുന്നതെന്ന് ഞാന്‍  ഊഹിച്ചു. പൊറിഞ്ചുവിനെ അരികിലേക്ക് വിളിച്ച് കൊണ്ട് ഞാന്‍ പറഞ്ഞു,
“എടാ അവിടെ ഒരു തന്തയുണ്ട്.ചിലപ്പോ എന്തേങ്കിലുമൊക്കെ ചോദിക്കും.ഒരു പത്ത് രൂപ കൊടുത്തേക്ക്.പിന്നെ റൂമിനകത്താണ് പെണ്ണുള്ളത്.നിനക്കറിയാലോ നാട്ടുകാര്‍ക്ക് സംശയമില്ലാണ്ടിരിക്കാന്‍ അവളൊരു മന്ത്രവാദിനിയുടെ വേഷത്തിലാവും ഇരിക്കുക.ആദ്യം കുറച്ച് പൂജേം മണിയടിയൊക്കെയുണ്ടാവും. നീ ഒന്നും കാര്യാക്കണ്ട.അത് കഴിഞ്ഞിട്ട് മതി നിന്റെ പരാക്രമണം കെട്ടോ?”
പൊറിഞ്ചു എല്ലാം അനുസരണയോടെ തലയാട്ടി സമ്മതിച്ചു.മുത്തു ചിരി അടക്കാന്‍ പാട് പെടുന്നത് ഞാന്‍ ശ്രദ്ധിച്ചു.ഞാന്‍ പൊറിഞ്ചുവിനേയും കൂട്ടി വീടിനകത്ത് കടന്നു.പറഞ്ഞ പ്രകാരം കോലായില്‍ ഒരു തന്തപ്പിടി ഇരിക്കുന്നുണ്ടായിരുന്നു.ഞാന്‍ പൊറിഞ്ചുവിനെ അയാള്‍ക്ക് പരിചയപ്പെടുത്തി.

“ഇതാണ് പയ്യന്‍.കുറച്ച് നാളായി തുടങ്ങീട്ട്.അതൊന്ന് ഒഴിവാക്കണം” അയാളൊന്ന് മൂളി.ഞാന്‍ പൊറിഞ്ചുവിനെ നോക്കിയതും അവനൊരു പത്ത് രൂപാ നോട്ട് മടക്കി അയാള്‍ക്ക് നീട്ടി. തികഞ്ഞ ഗൌരവത്തോടെ അയാളത് വാങ്ങി പോക്കറ്റിലിട്ടു. എന്നിട്ട് പൊറിഞ്ചുവിനോടായി പറഞ്ഞു,

“ആ ഷര്‍ട്ട് ഇവിടെ അഴിച്ച് വെച്ച് അകത്തേക്ക് പൊക്കോളൂ. ഒരു സഹായത്തിന് താനും ചെല്ലടോ!” എന്ന് വൃദ്ധന്‍ എന്നോട് പറഞ്ഞതും പൊറിഞ്ചുവിന് ദേഷ്യം വന്നു.

“സഹായോ? എനിക്കരുടേം സഹായമൊന്നും വേണ്ടാ.അയ്യേ. ഈ കാര്യത്തിനാപ്പോ സഹായം,ഞാന്‍ ഒറ്റയ്ക്ക് പൊക്കോളാം”
അത്രയും പറഞ്ഞ് പൊറിഞ്ചു വാതില്‍ തുറന്ന് അകത്തേക്ക് കയറി. എല്ലാം മംഗളമായി കഴിയണേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൊണ്ട് ഞാന്‍ പതുക്കെ പുറത്തേയ്ക്കിറങ്ങി.വീടിന്റെ സൈഡിലുള്ള വെടിപ്പോതിലൂടെ അകത്ത് നടക്കുന്ന പൂജ കാണാന്‍ മുത്തുവും കമറുവുമൊക്കെ ആദ്യമേ അവിടെ സ്ഥലം പിടിച്ചിരുന്നു. ഞാന്‍ ഇടയ്ക്ക് കയറി ആ പൊത്തിലൂടെ അകത്തേയ്ക്ക് നോക്കി.പൊറിഞ്ചു അകത്ത് കയറി ഒരു പൂജാമുറിയുടെ സെറ്റപ്പ് കണ്ട് അമ്പരന്ന് നിന്നു. ദക്ഷിണ വെച്ച ശേഷം അവന്‍ മന്ത്രവാദിനിയെ നോക്കിക്കൊണ്ട്,
“ചേച്ചി വിജാരിച്ച പോലല്ലാട്ട ചരക്കാ. അല്ല ഇവിടെ കട്ടിലൊന്നും ഇല്ലേ?”

“ചേച്ചിയല്ല ദേവിയാണ് ദേവി, ആ കളത്തിലോട്ട് കേറി ഇരുന്നാട്ടെ”

“അതേയ് പൂജേം മണിയടിയൊക്കേ വേഗം തീര്‍ത്തേക്കണം, ഇതൊക്കെ കഴിഞ്ഞിട്ട് വേഗം പോണം,നാളെ പണിയുള്ളതാ”

“തിരക്ക് കൂട്ടരുത്,എല്ലാ പരിപാടിയും കഴിഞ്ഞേ പോകാന്‍ പറ്റൂ”

“മതി അതു മതി,പെട്ടെന്നങ്ങട് തുടങ്ങാര്‍ന്നു” പൊറിഞ്ചുവിന് നാണം വന്നെന്ന് തോന്നുന്നു.

“എത്ര നാളായി ഈ ആസക്തി തുടങ്ങീട്ട്?”

“ദേവ്യേച്ചി എന്തൂട്ടാ ഈ ചോദിക്കണേ? മ്മള് ഈ ആങ്കുട്യോള്‍ക്ക് ഉള്ള പോലെയുള്ള ഒരാസക്തിയെന്നെ എനിക്കും ഉള്ളൂ.പിന്നെ സിറാക്കോ വന്നത് മുതല്‍ പിടിച്ചാ കിട്ടാണ്ടായി”

“സിറാക്കോയോ? ഹമ്മേ...പരദേവതകളേ, നല്ല മുന്തിയ ഇനം മറുതയാണെന്ന് തോന്നുന്നു.എനിക്ക് ശക്തി തരൂ അമ്മേ.പറയൂ സിറാക്കോ വന്ന് കൂടിയിട്ട് എത്ര നാളായി?”

“മൂന്ന് ആഴ്ചയായി.ഇന്നലേക്കൂടി ഞാന്‍ കണ്ടു.അതങ്ങിനെ അടുത്തൊന്നും മാറില്ല”

“ഞാന്‍ മാറ്റിക്കോളാം, കടുത്തൊരു പ്രയോഗം തന്നെ വേണ്ടി വരും”

“ഏയ് അതൊന്നും വേണ്ട,എല്ലാവരും ചെയ്യുന്ന പോലൊക്കെ മതി”

“അതൊന്നും പറ്റില്ല. ഇത് മുന്തിയ ഇനമാണെന്ന് പരദേവതകള്‍ വന്ന് പറയുന്നു”

“ഈ പരദേവതകളുടേ ഒരു കാര്യം! അവരതും കണ്ടോ? സമ്മതിച്ചു ദേവ്യേച്യേ”

“എന്താ നിന്റെ ഉദ്ദേശം? ഒഴിഞ്ഞ് പോകുന്നോ അതോ ഞാന്‍ ഒഴിപ്പിക്കണോ?”

“ഇത് നല്ല കൂത്ത്,ദക്ഷിണ വെച്ചത് ചുമ്മാതാണോ? കാര്യം കഴിയാതെ ഞാന്‍ പോകത്തില്ല“

“സിറാക്കോ മറുത എന്നെ പരീക്ഷിക്കുകയാണോ?അമ്മേ എന്നെ സഹായിക്കണേ”

“അമ്മേടെ സഹായമൊന്നും വേണ്ടെന്നേ.ഇതൊക്കെ ഞാന്‍ മേനേജ് ചെയ്യാമെന്നേ. ദേവ്യേച്ചി ഇങ്ങട് വന്നേ.ഞാനിപ്പോ ശര്യാക്യേരാ”

“ഓഹോ അപ്പോള്‍ എന്നെയും ചേര്‍ത്ത് നശിപ്പിച്ച് പ്രതികാരം ചെയ്യാനാണ് വന്നിരിക്കുന്നത് അല്ലേ?”

“എന്തൂട്ടാ ഈ പറേണെ? ഏതെങ്കിലും കുടിയന്‍ ബീവറേജ് ഷാപ്പിനോട് പ്രതികാരം ചെയ്യുമോ?ദേവ്യേച്ചി ബഹളം ഉണ്ടാക്കണ്ട.കാര്യം കഴിഞ്ഞാല്‍ ഞാനങ്ങൊട്ട് പൊയ്ക്കോളാം!”

“ഹും അപ്പോള്‍ പേടിയുണ്ട്. ശരി സമ്മതിച്ചു. പോയി എന്ന് ഞാനെങ്ങനെ അറിയും? എന്തേങ്കിലും അടയാളം കാണിക്കണം”

“അതൊക്കെ ചേച്ചിക്ക് തന്നെ അറിഞ്ഞൂടെ? ഇതെന്താ ആദ്യായിട്ട് ചെയ്യണ പോലെ.മതി പൂജിച്ചത്. ദേവി ഇങ്ങട്ട് വരുന്നോ അതോ ഞാനങ്ങോ‍ട്ട് വരണോ? വെറുതേ സമയം കളയല്ലേ”
പൊറിഞ്ചു പതുക്കെ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു.അത് കണ്ടതും മന്ത്രവാദിനി ഭസ്മമെടുത്ത് പൊറിഞ്ചുവിന്റെ നേര്‍ക്ക് എറിഞ്ഞ് കൊണ്ട് അലറി,
“ഇരിക്കവിടെ ഇല്ലെങ്കില്‍ ഞാന്‍ എന്റെ തനി സ്വരൂപം കാണിക്കും”

“പെട്ടെന്നാവട്ടെ ചേച്യേ,നിന്ന് പരസ്യം ഇടാണ്ട് അങ്ങട്ട് കാണിക്കെന്നേ”

“അമ്മേ സിറാക്കോ ശക്തിയുള്ള മറുതയാണ്,എത്രയും വേഗം ചൂരല്‍ പ്രയോഗം നടത്തിയില്ലെങ്കില്‍ ഒരു പക്ഷേ എന്നെ ആക്രമിച്ചേക്കും” അവര്‍ വലിയൊരു ചൂരല്‍ എടുത്ത് കൊണ്ട് പൊറിഞ്ചുവിന്റെ നേര്‍ക്ക് നടന്നടുത്തു,ചൂരല്‍ പൊറിഞ്ചുവിന്റെ നേരെ നീട്ടിക്കൊണ്ട് അവര്‍ പറഞ്ഞു,

“മര്യാദയ്ക്ക് ഈ ശരീരം വിട്ട് ഒഴിഞ്ഞ് പോകുന്നതാ നല്ലത്.ഇല്ലെങ്കില്‍ ഞാന്‍ ഒഴിപ്പിക്കും!”

“അതിന് ഞാന്‍ ശരീരത്തില്‍ കേറിയില്ലല്ലോ?”

അവര്‍ ചൂരല്‍ കൊണ്ട് പൊറിഞ്ചുവിനെ തലങ്ങും വിലങ്ങും “ഒഴിഞ്ഞ് പോ “ എന്ന് ആക്രോശിച്ച് കൊണ്ട് അടിക്കാന്‍ തുടങ്ങി. വേദന കൊണ്ട് ചാടി എഴുന്നേറ്റ പൊറിഞ്ചു അടിക്കായി ഓങ്ങുന്ന ഇടവേളയില്‍ വിളിച്ചു പറഞ്ഞു,
“കയ്യിലിരിക്കണ കാശും വാങ്ങിച്ച് തെണ്ടിത്തരം കാണിക്കുന്നോ?എന്റെ കാശിങ്ങേടുത്തേ”

“ഹും ഒഴിഞ്ഞ് പോ ഒഴിഞ്ഞ് പോ”

“അതങ്ങ് പാവറട്ടി പള്ളീല് പോയി പറഞ്ഞാ മതി.ഈ പ്രാന്തത്തീടേടുത്തേക്കാ ആ പഹയന്മാര് എന്നെ കൊണ്ട് വന്നത്,ദ്രോഹികള്‍“ എന്നും പറഞ്ഞ് പൊറിഞ്ചു അവര്‍ എടുത്ത് വെച്ച ദക്ഷിണ കൈക്കലാക്കി വാതിലും തുറന്ന് ജീവനും കൊണ്ട് പുറത്തേക്കോടി!

വാല്‍ക്കഷണം: മന്ത്രവാദ ഫലം കൊണ്ടോ,ഞങ്ങള്‍ ഈ സംഭവം വീട്ടിലും നാട്ടിലും പാട്ടാക്കുമെന്ന ഞങ്ങളുടെ ഭീഷണികൊണ്ടോ എന്തോ പൊറിഞ്ചുവിന്റെ ഗിരിജാസക്തി അന്നത്തോടെ അവസാനിച്ചു.പിന്നീട് ഞങ്ങളോടൊപ്പം കൂടി എന്ന ഒരു കെട്ട പഴക്കമേ പൊറിഞ്ചുവിനുണ്ടായിരുന്നുള്ളൂ.


പഞ്ചകര്‍മ്മ പുരാണം - ഭാഗം - പതിനൊന്ന്!

$
0
0
പത്താം കര്‍മ്മത്തിനായി ഇവിടെ അമര്‍ത്തുക!

വിഷുവിനു വാങ്ങിച്ച പച്ച നൂലു കെട്ടിയ ഗുണ്ട് പടക്കത്തിന് തീ കൊളുത്താന്‍ പോകുന്ന പോലെ അല്‍പ്പം ഭയപ്പാടൊടെ ഞാന്‍ പച്ച ചുരിദാറിട്ട ആ കുട്ടിയുടെ സമീപമെത്തി.കഴുത്തില്‍ താലിയുണ്ടോ എന്ന് ഞാന്‍ നോക്കിയ ആ നോട്ടം കണ്ട് ആ കുട്ടി തെറ്റിദ്ധരിച്ചെന്ന് തോന്നുന്നു.ആ കുട്ടി കഴുത്തില്‍ നിന്നും ഷാളെടുത്ത് മുന്നിലേക്ക് ഇറക്കിയിട്ടു.എനിക്കെന്തോ വല്ലാതായി. ഉല്‍ഘാടനത്തിന്റെ അന്ന് തന്നെ അടച്ച് പൂട്ടേണ്ടി വന്ന കടക്കാരന്റെ അവസ്ഥയാകുമോ എന്ന് ഞാന്‍ ചെറുതായൊന്ന് ഭയപ്പെട്ടു. എങ്കിലും സകല ധൈര്യവും ആവാഹിച്ച് കൊണ്ട് ഞാന്‍ ആ കുട്ടിയോട് സംസാരിക്കാന്‍ തുടങ്ങി,
“എനിക്കൊരു കാര്യം അറിയാനുണ്ടായിരുന്നു” ഞാന്‍ പറഞ്ഞൊപ്പിച്ചു

“എന്താ കാര്യം?” സൌമ്യമായ ശബ്ദത്തില്‍ മറുമൊഴി.

“ഒരു കല്യാണക്കാര്യമായിരുന്നു”

“അയ്യോ സോറി ട്ടോ കല്യാണത്തിനൊന്നും കൂടാന്‍ ഒഴിവുണ്ടാവുമോന്നറിയില്ല.ഒന്നും തോന്നരുതേ”

“അയ്യോ കല്യാണത്തിന് ക്ഷണിച്ചതല്ല. കുട്ടിക്കൊരു കല്യാണക്കാര്യം ആലോചിക്കാന്‍....” ഞാന്‍ പ്രതികരണം അറിയാനായി കാത്ത് നിന്നു.ആ കുട്ടി എന്നെ അടിമുടിയൊന്ന് നോക്കിയ ശേഷം,

“മൂന്നാനാണല്ലേ? ഐ മീന്‍ ബ്രോക്കര്‍”

“അയ്യോ മൂന്നാനും നാലാന്നോനുമൊന്നുമല്ല കുട്ടി, എന്റെ കൂട്ടുകാരന് കുട്ടിയെ കണ്ടപ്പോള്‍ ഒരു ആഗ്രഹം.കുട്ടിയുടെ അഭിപ്രായം അറിഞ്ഞാല്‍ ഒഫീഷ്യലായിട്ട് കാര്യങ്ങള്‍ നീക്കാലോ എന്ന് കരുതിയാണ്”
ഒരു സൈക്കിളില്‍ നിന്നു വീണ ചിരിയുടെ അകമ്പടിയോടെ ഞാനത് പാറഞ്ഞൊപ്പിച്ചു. ആ കുട്ടി പക്ഷേ ഒന്നും മിണ്ടിയില്ല.മുഖം അല്‍പ്പം മ്ലാനമായി.ആ കണ്ണുകള്‍ നിറയുന്നുണ്ടോ എന്ന് എനിക്ക് സംശയമായി.അവള്‍ ഒന്നും മിണ്ടാതെ തിരിച്ച് നടക്കാന്‍ തുടങ്ങി.എന്ത് വേണമെന്നറിയാതെ ഞാന്‍ ഒരു നിമിഷം തരിച്ച് നിന്നു.ഒടുവില്‍ ഞാന്‍ ആ കുട്ടിയുടെ പിന്നാലെ ചെന്ന് കൊണ്ട് ചോദിച്ചു,
“അല്ല കുട്ടി ഒന്നും പറഞ്ഞില്ല, എന്തേങ്കിലും പ്രശ്നമുണ്ടോ? താല്പര്യമില്ലെങ്കില്‍ വിട്ടേക്കൂ,ഞാനൊന്നും ചോദിച്ചില്ല എന്ന് കരുതിയാല്‍ മതി”
അതിനും ആ കുട്ടി ഉത്തരമൊന്നും പറഞ്ഞില്ല. അവള്‍ വരാന്തയില്‍ നിന്നും മുറ്റത്തേയ്ക്കിറങ്ങി.ഒരു നിമിഷം അവിടേ നിന്ന ശേഷം പതിയെ എന്റെ നേര്‍ക്ക് തിരിഞ്ഞു.ഞാന്‍ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു.അവളുടെ കണ്ണുകള്‍ ഇപ്പോള്‍ ശരിക്കും നിറഞ്ഞിട്ടുണ്ട്.ഒരു തൂവല കൊണ്ട് കണ്ണുകള്‍ തുടച്ച് കൊണ്ട് അവള്‍ പറയാന്‍ തുടങ്ങി,

“ഇനിയൊരു കല്യാണം എന്റെ ജീവിതത്തില്‍ ഉണ്ടാവുമോന്നറിയില്ല.കല്യാണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് വല്ലാത്ത പേടിയാണ്” എന്തിനേയോ ഭയപ്പെടുന്നത് പോലെ  ഒരു ഭാവം ആ കുട്ടിയുടെ മുഖത്ത് പ്രകടമായിരുന്നു.അവളില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു.

“കുട്ടിയുടെ കല്യാണം കഴിഞ്ഞതാണോ? അല്ലാ ഞാന്‍ നോക്കീട്ട് താലിയൊന്നും കണ്ടില്ല.സത്യമായിട്ടും ഞാന്‍ നേരത്തെ താലിയുണ്ടോ എന്ന് നോക്കിയിരുന്നു...“ എന്റെ സംശയം ഞാന്‍ പറഞ്ഞു.

“താലി കെട്ടൊന്നും ഉണ്ടായില്ല. അതിന് മുന്‍പ് തന്നെ എല്ലാം കഴിഞ്ഞിരുന്നു”മുമ്പ് കഴിഞ്ഞ ഒരു ദുരന്തത്തിന്റെ ഓര്‍മ്മകള്‍ ആ മുഖത്ത് നിഴലിക്കുന്നതായി എനിക്ക് തോന്നി.

“എന്തൂട്ടാ ഈ ഉല്‍ഘാടന സമ്മേളനത്തിന്റൊപ്പം സമാപന സമ്മേളനം നടത്യേ പോലെ പറയണത്?എന്താണെന്ന് തെളിച്ച് പറയൂ. പറഞ്ഞാലല്ലേ മനസ്സിലാവൂ.ഇങ്ങനെ അടൂര്‍ ഗോപാലകൃഷ്ണന്റെ പടം പോലെ പറഞ്ഞാ മനസ്സിലാവണ്ടേ?”

“ഏകദേശം രണ്ട് കൊല്ലം മുന്‍പാണ് എല്ലാം നടന്നത്! പത്രത്തിലൊക്കെ വാര്‍ത്തയും  ചിത്രങ്ങളുമൊക്കെ ഉണ്ടായിരുന്നു.വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് വരനും മറ്റു രണ്ട് പേരും മരിച്ച വാര്‍ത്ത ! താങ്കള്‍ ഓര്‍ക്കുന്നോ ആവോ? ആ അപകടത്തില്‍ മരിച്ച വരന്‍ എന്നെ താലി ചാര്‍ത്താന്‍ വരുകയായിരുന്നു.വിവാഹനാളില്‍ തന്നെ വരന്‍ മരണമടഞ്ഞാല്‍  പ്രതിശ്രുത വധുവിനുണ്ടാവുന്ന ദുര്‍വ്വിധി എന്താണെന്ന് ഞാന്‍ പറയേണ്ടല്ലോ. ജാതക ദോഷം മറച്ച് വെച്ചെന്ന് പറഞ്ഞ് ഒരു കൂട്ടര്‍,ഭര്‍ത്താവു വാഴില്ലെന്ന് പറഞ്ഞ് വിധി പുറപ്പെടുവിച്ചു മറ്റൊരു കൂട്ടര്‍,അങ്ങിനെ എണ്ണിയാല്‍ തീരാത്ത കുറ്റങ്ങളും പഴികളും ഈ കാലത്തിനുള്ളില്‍ ഞാന്‍ സഹിച്ചു.എനിക്കോ അച്ഛനോ ജാതകത്തിലൊന്നും വിശ്വാസമൊന്നുമില്ല.പക്ഷേ വരുന്നവര്‍ അവരുടെ ജീവനില്‍ കൊതിയുള്ളവരാണല്ലോ”

“കേട്ടിട്ടെനിക്ക് വിശ്വസിക്കാനാവുന്നില്ല.ഇന്നത്തെ കാലത്തും ജാതകത്തിലൊക്കെ വിശ്വാസിച്ച് കല്യാണം നടക്കാതെ പോകുന്നു എന്ന് പറയുന്നതില്‍, എനിക്കെന്തോ ഉള്‍ക്കൊള്ളാനാകുന്നില്ല.ഞങ്ങളീ ജാതകോം മുഹൂര്‍ത്തോം നോക്കിയൊന്നുമല്ലല്ലോ കെട്ടുന്നത്. ബിരിയാണി വെന്താല്‍ സദ്യ തുടങ്ങും,മുസ്ല്യാര് വന്നാല്‍ നിക്കാഹും നടത്തും അത്ര തന്നെ!”

“ശരിയാണ്,നിങ്ങളുടെ വിശ്വാസമല്ലല്ലോ ഞങ്ങളുടേത്.പിന്നെ ശത്രുക്കള്‍ ഉണ്ടെങ്കില്‍ കല്യാണം മുടക്കാന്‍ അവര്‍ക്കൊരു പ്രത്യേക താല്പര്യമാണ്”

“നിങ്ങള്‍ക്കും ശത്രുക്കളോ? റേഷന്‍ കടക്കാരന് അനസ്തേഷ്യ  വല്ല ശത്രുവാണോ.അത് പോലെ പാമ്പ് നിങ്ങളെ കടിക്കും എന്ന് നിങ്ങള്‍ക്ക് പേടിയും പാമ്പിനെ നിങ്ങള്‍ ഉപദ്രവിക്കുമെന്ന് പാമ്പിന് പേടി.ഇത് പോലെയുള്ള ശത്രുതയാവും അല്ലേ?”

“അല്ല, ടൌണില്‍ ഞങ്ങടെ സ്ഥലമാണ് ശത്രുതയ്ക്ക് കാരണം.പലര്‍ക്കും അത് ചുളുവിലയ്ക്ക്   കിട്ടണം,അത് ഞങ്ങള്‍ക്ക് മറ്റൊരാള്‍ക്ക് വില്‍ക്കാനോ,അതിലെന്തെങ്കിലും ചെയ്യാനോ കുറച്ച് പേര്‍ ചേര്‍ന്ന് അനുവദിക്കുന്നില്ല. അതിന്റെ ഭാഗമായിട്ടാണ് എന്റെ കല്യാണവും മുടക്കുന്നത്.അവര്‍ക്കെന്തോ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന് തോന്നുന്നു.ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല”

“ഇത് നല്ല തമാശ.ദേ ദിങ്ങട് നോക്യേ. ഇക്കണ്ട വെള്ളക്കാരെ നമ്മുടെ നാട്ടീന്ന് ഗാന്ധിജിക്ക് തുരത്താമെങ്കില്‍ ഈ രണ്ട് മൂന്നാളുകളേ തുരത്താന്‍ കുട്ടിക്കാവില്ലേ? അതിനിപ്പോ കത്തിയും കഠാരയുമൊന്നും എടുക്കണ്ടല്ലോ! മാത്രല്ല ഇന്നാട്ടില്‍ പോലീസും കോടതിയുമൊക്കെയില്ലേ? ആ വഴിക്കൊക്കെ നീങ്ങിക്കൂടെ?”

“പറയാനൊക്കെ വളരെ എളുപ്പമാണ്.ഇപ്പോള്‍ അമ്മയ്ക്ക് ഭാഗമായി കിട്ടിയ ഒരു കൊച്ചു വീട്ടിലാണ് ഞങ്ങള്‍ താമസിക്കുന്നത്. അവിടെ ഞങ്ങള്‍ക്കിപ്പോള്‍ മനസ്സമാധാനമുണ്ട്. വെറുതെ അത് കൂടി ഇല്ലാതാക്കണോ? അവരൊക്കെ വലിയ ആള്‍ക്കാരാണ് പണവും സ്വാധീനവുമുള്ളവര്‍.ഞങ്ങളെ സഹായിക്കാന്‍ പുറപ്പെട്ടവര്‍ കൂടി അപായപ്പെട്ടിട്ടുണ്ട്.അതൊന്നും ഒരു കേസും കൂട്ടോം ആയില്ല. പിന്നെയാണ്”

“എറിയാന്‍ അറിയണോന്റെ കയ്യിലു ദൈവം വടി കൊടുക്കില്ല എന്ന് പറഞ്ഞ പോലത്തെ അവസ്ഥയായല്ലോ ഇത്! എനിക്ക് ഡിസ്കിന് പ്രശ്നമായിപ്പോയി അല്ലെങ്കില്‍ ഞാനൊറ്റയ്ക്ക് തന്നെ തീര്‍ക്കാവുന്ന കാര്യേ ഉണ്ടായിരുന്നുള്ളൂ! അതൊക്കെ അവിടെ നിക്കട്ടെ അപ്പോള്‍ കല്യാണക്കാര്യം ഞാന്‍ എന്ത് പറയണം?”

അവള്‍ ചേറുതായൊന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു,”ചൊവ്വാ ദോഷക്കാരിയെ കെട്ടാന്‍ ചൊവ്വാ ഗ്രഹത്തില്‍ നിന്നും ആരെങ്കിലും വരാതിരിക്കില്ലന്നേ. എനിക്ക് പ്രതീക്ഷയുണ്ട്, അത് വരെ കാത്തിരിക്കാമെന്നേ!“

“എന്നാലും എത്രയാന്ന് വെച്ചിട്ടാ വടക്കാഞ്ചേരി മേല്‍പ്പാലത്തിന് കാത്തിരിക്കണ പോലെ കാത്തിരിക്യ! അതല്ല,ഇനി വല്ല ദോഷമുള്ള മറ്റൊരു ജാതകക്കാരന്‍ വന്നാലും കല്യാണം നടത്താമല്ലോ അല്ലേ?”

“എന്നെ കല്യാണം കഴിപ്പിച്ചേ അടങ്ങൂ എന്ന് വാശിയാണോ?” അവള്‍ വീണ്ടും ചിരിച്ചു,ഞാന്‍  സാമാന്യം തരക്കേടില്ലാതെ തന്നെ ചമ്മിപ്പോയി.അവള്‍ തുടര്‍ന്നു,
“രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അത് പൊലെ ഒരു ശുദ്ധ ജാതകക്കാരന്‍ തന്നെയാണ് വിവാഹ ദിവസം അപകടത്തില്‍ മരിച്ചത്.എല്ലാം എന്റെ വിധിയാണെന്ന് കരുതി സമാധാനിക്കുന്നു. കല്യാണം കഴിച്ചില്ലാ എന്ന് വെച്ച് വേറെ ദോഷമൊന്നും വരാനില്ലല്ലോ അല്ലേ?“
അവള്‍ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് തുടര്‍ന്നു, “എന്റെ കാര്യത്തില്‍ തോന്നിയ ഈ താല്പര്യത്തിന് നന്ദിയുണ്ട് കെട്ടോ.എന്നാല്‍ ഞാനങ്ങോട്ട് നീങ്ങട്ടെ?”

അവള്‍ മെല്ലെ നടന്ന് ഗേറ്റിന് പുറത്തേക്ക് പോയി.ആ കുട്ടി അകലെ മറയുന്നത് വരെ ഞാന്‍ ആ കുട്ടിയുടെ വിധിയെ പഴിച്ച് അവിടെ നിന്നു.അവള്‍ കണ്ണില്‍ നിന്നും മറഞ്ഞതും ഞാന്‍ തിരിച്ച് വരാന്തയിലേക്ക് കയറാനായി തിരിഞ്ഞു.പെട്ടെന്നൊരു കൊട്ട തീ ഉള്ളിലൂടെ ആളിപ്പോയി.ഭാര്യ എന്നെയും നോക്കിക്കൊണ്ട് വരാന്തയില്‍ ഒരു സംഹാരതാണ്ഡവമാടാനുള്ള കലിപ്പില്‍ നില്‍ക്കുന്നുണ്ടായിരുന്നു.ഞാനൊരു ചെറു ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.

“കടിക്കണ നായക്ക് എന്തിനാണ് തല അല്ലേ? നിങ്ങക്കീ ആശുപത്രി കിടക്കുമ്പോഴെങ്കിലും അടങ്ങി ഒതുങ്ങി കിടന്നൂടെ? അതിനെങ്ങനേ അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കില്ലല്ലോ” അല്‍പ്പം ഗൌരവവും സങ്കടവും കലര്‍ന്ന മിശ്രിതത്തില്‍ അവള്‍ പരിഭവിച്ചു.

“എടീ നീയിത് എന്താ പറയുന്നേ? നീ വിചാരിക്കുന്നത് പോലെയൊന്നുമല്ല.ഇതൊരു കല്യാണക്കാര്യാ”

“ഓഹോ അപ്പോള്‍ അവിടെ വരെ എത്തിയോ കാര്യങ്ങള്‍.എന്നെ ഒന്ന് ഒളിച്ചോടാന്‍ പോലും പറ്റാത്ത പരുവത്തിലാക്കിയിട്ടാണോ നിങ്ങള്‍ വേറെ കല്യാണം കഴിക്കാന്‍ ഒരുങ്ങുന്നത്?”

“നീ എന്നെ വെറുതെ കൊതിപ്പിക്കല്ലേ ട്ടാ...എടി ഞാനല്ല കെട്ടാന്‍ പോകുന്നത്.ആ അപ്പാപ്പന്റെ മോളെ നമ്മുടെ ശ്യാമിന് ഇഷ്ടായി. എന്നാല്‍ ഒന്ന് സംസാരിച്ച് ആ കുട്ടിയുടെ അഭിപ്രായം അറിയാന്‍ വന്നതല്ലേ? അപ്പോഴേക്കും നീ ഇങ്ങനെ തെറ്റിദ്ധരിച്ചാലോ?”

“സമാധാനമായി,എന്തായാലും ഞാന്‍ പട്ടിണി കിടക്കേണ്ടി വരില്ല,അറിയാവുന്ന ഒരു തൊഴിലെങ്കിലും വശമുണ്ടല്ലോ.എന്നിട്ടെന്തായി? ഉറപ്പിച്ചോ?“

“എവിടെ ആ കുട്ടിക്കെന്തോ ചൊവ്വാ ദോഷമോ,ശനി ദോഷമോ മറ്റോ ഉണ്ടത്രേ.ഓരോരൊ വയ്യാവേലികളേ.എന്നാലും അവര്‍ക്ക് ദോഷങ്ങളൊക്കെ കല്യാണത്തിന് മുന്‍പേ അറിയാം നമുക്കൊക്കെ കല്യാണം കഴിഞ്ഞേ ദോഷങ്ങളൊക്കെ അറിയാനൊക്കൂ.അതാ!” ഒരു ചെറു ചിരിയോടെ ഞാനൊരു ദീര്‍ഘശ്വാസം കഴിച്ചു.

“അതേയതേ നക്ഷത്ര ദീപങ്ങള്‍ തിളങ്ങീ എന്ന പാട്ട് ദോഷങ്ങള്‍ മാറാന്‍ നിങ്ങള്‍ ഇനിയും അനവധി തവണ പാടേണ്ടി വരുമെന്ന് സാരം!”

“ഞാനൊരു തമാശ പറഞ്ഞാ അപ്പോഴേക്കും അത് കാര്യാക്കി എടുക്കും! ഈ ഒരു കൊഴപ്പം മാത്രേ ഉള്ളൂ നിനക്ക്. ഇനി ആ ശ്യാമിനെ എന്ത് പറഞ്ഞ് സമാധാനപ്പെടുത്തും എന്തോ?”

ഞങ്ങള്‍ നേരെ വാര്‍ഡിലേക്ക് പോയി.സന്ദര്‍ശകര്‍ ഓരോരുത്തരായി ഒഴിഞ്ഞ് തുടങ്ങിയിരുന്നു. എല്ലാവരും പോയപ്പോള്‍ ഞാന്‍ ബാബുവിന്റെ കട്ടിലിനരികിലേക്ക് ചെന്നു.ശ്യാമും അങ്ങോട്ടെത്തി.അല്‍പ്പം നിരാശയോടെ ഞാന്‍ ആ സത്യം അവരോടായി പറഞ്ഞു.
“ശ്യാമേ,ആ കുട്ടിയുടെ കല്യാണം ഉറപ്പിച്ചതാ.അവരുടെ അകന്ന ബന്ധത്തിലുള്ള ഒരാളാ.ആ കുട്ടിയുടെ പഠിപ്പ് കഴിഞ്ഞാല്‍ കല്യാണം ഉണ്ടാകും.അപ്പോ പിന്നെ നമുക്ക് വേറെ കുട്ടിയെ അന്വേഷിക്കാം. അല്ലെങ്കിലും ശ്യാമിന് കെട്ടാനുള്ള പ്രായം ആവുന്നതല്ലേയുള്ളൂ. മാത്രമല്ല ചികിത്സയൊക്കെ കഴിഞ്ഞിട്ട് വേണ്ടേ? അതൊക്കെ അതിന്റെ സമയമാകുമ്പോള്‍ നടക്കും ശ്യാമേ”
ഞാന്‍ ശ്യാമിനെ സമാധാനപ്പെടുത്തുമ്പോള്‍ അവന്റെ മുഖത്ത് എന്നോടുള്ള രൌദ്ര ഭാവം ഇരുമ്പ് പഴുത്ത് കേറുന്ന പോലെ രൂക്ഷമായിക്കൊണ്ടിരുന്നു.പിന്നീട് കുറച്ച് നേരത്തിന് ആരും ഒന്നും മിണ്ടിയില്ല.കല്യാണത്തലേന്ന് വധു കാമുകന്റെ കൂടെ ഒളിച്ചോടിയ വീട് പോലെ എല്ലാവരും മ്ലാനവദനരായി ഇരുന്നു.അങ്ങിനെ ഒരു കുഞ്ഞുണ്ണിക്കവിത പോലെ “കാക്ക പാറി വന്നു, പാറയില്‍ ഇരുന്നു,കാക്ക പാറിപ്പോയി, പാറ ബാക്കിയായി!’ എന്ന പോലായി ശ്യാമിന്റെ കല്യാണാലോചന.

ചൊവ്വാ ദോഷവും പിന്നെ ആ കുട്ടിക്കുണ്ടായ ദുരന്തവും എല്ലാവരേയും അറിയിക്കാന്‍ എനിക്കെന്തോ മനസ്സ് അനുവദിച്ചില്ല.ഓരോരുത്തര്‍ക്കും ഓരോരോ പ്രശ്നങ്ങളുണ്ടാവും.ചിലര്‍ അതെല്ലാം ഉള്ളിലൊതുക്കി ചിരിച്ച് സന്തോഷത്തോടെ പെരുമാറുന്നു.അത്തരക്കാര്‍ പുണ്യം ചെയ്തവരാണെന്ന് ഞാന്‍ മനസ്സിലോര്‍ത്തു.ആ കുട്ടിയേയും ഞാന്‍ അത്തരത്തിലൊരു പുണ്യ ജന്മമായി കണക്കാക്കി.ശ്യാമിന്റെ ഇനി ശുദ്ധ ജാതകമാണെങ്കില്‍ പോലും എന്തേങ്കിലുമൊരു ദുരന്തം ശ്യാമിനുണ്ടാവുന്നത് എനിക്കും സഹിക്കാവുന്നതിനപ്പുറമാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.എല്ലാം ഒരു സിനിമാക്കഥ പോലെ ഞാന്‍ മറക്കാന്‍ ശ്രമിച്ചു.

പിറ്റേ ദിവസം ചികിത്സകളേല്ലാം കഴിഞ്ഞ്, ഉച്ചകഞ്ഞിയും കഴിഞ്ഞ് ഞാന്‍ സജിയുടെ നിര്‍ദ്ദേശപ്രകാരം ഓഫീസിലെത്തി. അവിടെ ഒരു കസേരയില്‍ ഇരിക്കുകയായിരുന്ന ഒരു യുവ കോമളാംഗി ഒരു ലെറ്റര്‍ പാട് മറിച്ച് നോക്കി എന്തൊക്കെയോ വായിക്കുന്നുണ്ടായിരുന്നു. കാഴ്ചയില്‍ ഒരു മുപ്പത് വയസ് തോന്നും. ഇവളായിരിക്കും നായിക എന്ന് ഞാന്‍ ഊഹിച്ചു. തടി അല്‍പ്പം കൂടുതലാണെങ്കിലും കണാന്‍ നല്ല ലുക്കൊക്കെ ഉണ്ടായിരുന്നു.അവള്‍ ആത്മാര്‍ത്ഥതയോടെ ഡൈലോഗ് പഠിക്കുകയാണെന്ന് ഞാന്‍ വിശ്വസിച്ചു.അല്‍പ്പം കഴിഞ്ഞപ്പോള്‍ റൂമിലേക്ക് വേറൊരാള്‍ കയറിവന്ന് കൊണ്ട് ആ സ്ത്രീയെ നോക്കിക്കൊണ്ട് ലൈറ്റപ്പ് ചെയ്ത് കഴിഞ്ഞെന്ന് പറഞ്ഞു.അയാളുടെ കൂടെ വന്നയാള്‍ എന്നെ നോക്കിക്കൊണ്ട് പൊയി ഡ്രസ് മാറ്റി തയ്യാറാവാന്‍ പറഞ്ഞു.ഞാന്‍ നേരെ തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഉള്ളില്‍ നിറയെ സന്തോഷത്തോടെയും ആഹ്ലാദത്തോടേയും കൂടി സിനിമാഭിനയം എന്ന അഭിനിവേശം സാക്ഷാത്കരിക്കാനായി നടന്നു!

തുടരും..

പഞ്ചകര്‍മ്മ പുരാണം -ഭാഗം -പന്ത്രണ്ട്!

$
0
0
പതിനൊന്നാം പുരാണത്തിനായിഇവിടെ ഞെക്കുക!

സ്റ്റാര്‍ട്ട് ക്യാമറാ........ആക്ഷന്‍!!

“നേരാ മരുമോനേ… ഈ അപ്പച്ചന്‍ ചക്കക്കൂട്ടാന്‍ കണ്ടിട്ടില്ല… മരം വെട്ടുകാരനായിരുന്നു എന്റെ അപ്പന്‍.. കണ്മുന്നീ വെച്ചെന്റ്റെ അമ്മച്ചിയുടെ കയ്യീന്ന് വരിക്കച്ചക്ക തട്ടിപ്പറിച്ച റേഞ്ചര്‍ സായ്‌വിനെ ഒറ്റവെട്ടിന് രണ്ടു തുണ്ടാക്കീട്ട് എന്റെ അപ്പന്‍ ജയിലിക്കേറുമ്പോ എനിക്കൊമ്പതു വയസ്.. വരിക്കപ്ലാവേന്ന് അപ്പന്‍ ചക്കയിറക്കി, ദാ..ഇങ്ങനെ കയ്യിലോട്ടു വാങ്ങിക്കുമ്പോ ..അന്നെന്റെ പത്താമത്തെ പെറന്നാളാ.. പനയോലയില്‍ പൊതിഞ്ഞുകെട്ടി മൂന്നാം പക്കം എന്റെ അപ്പന്‍ തന്ന ചക്കച്ചുള പള്ളിമുറ്റത്തു കൊണ്ടു വരുമ്പോ.. എന്റെ കണ്ണിന്റെ മുന്നീ ഇപ്പളും ഞൊളയ്ക്കുവാ മരുമോനേ ദേണ്ടീ ഈ നീളത്തിലുള്ള കൃമികള്… ചക്കച്ചൊളേന്നും കുരൂന്നും… അന്നു മൂക്കുപൊത്തിക്കൊണ്ടാ ഇതുപോലത്തെ കുപ്പായമിട്ട തിരുമേനിമാര് അപ്പന്റെ ചക്കച്ചുളയെയിട്ടാട്ടിയത്.. എടുത്ത് തെമ്മാടിക്കുഴീക്കൊണ്ടെ തള്ളിക്കോളാന്‍.. അന്യന്‍ വെയര്‍ക്കുന്ന കാശുകൊണ്ട് അപ്പോം തിന്ന് വീഞ്ഞും കുടിച്ച് കോണ്ടാസേലും ബെന്‍സേലും കേറിനടക്കുന്നവരുടെ പളുപളുത്ത കുപ്പായത്തോട് അന്നു തീര്‍ന്നതാ മരുമോനേ ബഹുമാനം… ഇപ്പം എനിക്ക് അതിനോട് മോന്‍ ഇംഗ്ലീഷില്‍ പറഞ്ഞ സാധനമാ… എന്നതാടാ…? നീ തലകുലുക്കിയല്ലോ..?
ഇറവറന്‍സ്… ബഹുമാനക്കുറവ്.. ശരിയാ മോനെ…
ങാ.. പിന്നെ ചക്ക വിറ്റ് പിച്ചക്കാരെ തീറ്റുന്ന കാര്യം.. അതുമൊരു കഥയാ.. പതിനൊന്നാമത്തെ വയസില് അപ്പന്‍ കെടക്കുന്നേന്റെ എടതു ഭാഗത്ത് അമ്മേം കുഴിച്ചു മൂടിയിട്ട് മീനച്ചിലാറ് നീന്തിക്കേറി ചക്ക മോഷ്ടിക്കാന്‍  തൊടങ്ങുമ്പോ ഇന്നത്തെ ഈ ചക്കരാജാവിന് കത്തീം വടോം ഉറുമ്പ് പൊടീം വാങ്ങാനുള്ള കാശുതന്നത് പള്ളീം പട്ടക്കാരുമൊന്നുമല്ല… അങ്ങാടീ തെണ്ടിപ്പെറുക്കി നടന്ന ഒരു തള്ളയാ.. ഒരു മുഴുപ്രാന്തി… അതിന്റെ സ്മരണേലാ മോനേ എന്റെ വീട്ടിന്റെ മുറ്റത്ത് ഇപ്പഴും ഈ അന്നദാനം…!!!

കട്ട്.......

“താനെന്താടോ ഈ രൂപക്കൂട്ടില് പുണ്യാളന്‍ നിക്കണ പോലെ നിക്കണത്? പോയി ആ കോസ്റ്റ്യൂം മാറ്റിയിട്ട് വാടോ!” 

ക്യാമറാ മാന്റെ ആ ചോദ്യം എന്നെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി.ഞാന്‍ കണ്ടത് വെറും സ്വപ്നമാണല്ലോ എന്നോര്‍ത്തപ്പോള്‍ മനസ്സില്‍ വല്ലാത്ത ദുഃഖം തോന്നി.കാരണം “ചക്കലേലം “ എന്ന ചിത്രത്തില്‍ തകര്‍ത്തഭിനയിച്ചു നില്‍ക്കുകയായിരുന്ന സ്വപ്നമാണ് പൊലിഞ്ഞ് പോയത്. അത് പോലൊരു വേഷം ഇനി ചെയ്യാന്‍ പറ്റിയില്ലെങ്കിലോ?എന്ത് ചെയ്യാന്‍ നല്ലൊരു സ്വപ്നം കാണാന്‍ പോലും യോഗമില്ല എന്ന് കരുതി എനിക്ക് തന്ന കോസ്റ്റ്യൂം മാറാനായി റൂമിലെത്തി.

ഒരു നിമിഷം എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ എനിക്കായില്ല. ഞാന്‍ വീണ്ടും വീണ്ടും ആ കോസ്റ്റ്യൂം തിരിച്ചും മറിച്ചും നോക്കി. തലയില്‍ ഒരു പെരുപ്പ് അരിച്ച് കയറി.ഉള്ളില്‍ ദേഷ്യവും സങ്കടവും സമം ചേര്‍ത്ത അളവില്‍ തിളച്ച് വന്നു.ഞാന്‍ ആ കോസ്റ്റ്യൂമിലേക്ക് ഒരിക്കല്‍കൂടി നോക്കി, അതേ നല്ല അസ്സല്‍ പട്ട് കോണകം!! അതെന്റെ കയ്യില്‍ കിടന്ന് തിളങ്ങുന്നു!!

നായകനാവാന്‍ വേണ്ടി ഇറങ്ങിത്തിരിച്ച എനിക്ക് ആദ്യമായി കിട്ടിയത് ആദ്യപാപത്തിലെ  നായകന്റെ കോസ്റ്റ്യൂമാണല്ലോ ഈശ്വരാ  എന്ന ചിന്ത എന്നെ വല്ലാതെ കുണ്ഠിതപ്പെടുത്തി. അവിടെ നിന്നും ഇറങ്ങി ഓടിയാലോ എന്ന് ശക്തമായ തോന്നല്‍ മനസ്സില്‍ ഇരമ്പി വന്നെങ്കിലും,ജീവിതത്തില്‍ ആദ്യമായി ഒരു കോണകമുടുത്താണെങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ കിട്ടിയ ചാന്‍സ് ഉപേക്ഷിച്ചാല്‍ പിന്നെ ഗുരുത്വ ദോഷം വരുമെന്നും മേലാല്‍ സിനിമയില്‍ അഭിനയിക്കാനേ ചാന്‍സ് കിട്ടില്ലെന്നും ഞാന്‍ വല്ലാതെ ഭയപ്പെട്ടു.അങ്ങിനെ രണ്ടും കല്‍പ്പിച്ച് ഞാന്‍ കോസ്റ്റ്യൂം ഉടുക്കാന്‍ തീരുമാനിച്ചു.

എന്നെ കാണാഞ്ഞിട്ട് കേമറ മേന്‍ വീണ്ടും റൂമിലേക്ക് വന്ന് പെട്ടെന്ന് വരാന്‍ പറഞ്ഞു. എന്റെ മനസ്സമാധാനത്തിന് ഞാന്‍ അയാളൊട് ചോദിച്ചു,

“ഈ സിനിമയുടെ പേരെങ്കിലും ഒന്ന് പറഞ്ഞ് തരാമോ?”

മറുപടിയായി അയാള്‍ ചിരിച്ച് കൊണ്ട് പറഞ്ഞു,“സിനിമേ? ഇത് സിനിമയൊന്നുമല്ല.ഇത് കേന്ദ്ര സര്‍ക്കാറിന് വേണ്ടി പഞ്ചകര്‍മ്മയെ കുറിച്ചൊരു ഡോക്യുമെന്ററി തയ്യാറാക്കുകയാണ്.ഇത് ഒരു പരസ്യം പോലെ ലോകം മൊത്തം കാണിക്കാനുള്ളതാ! താന്‍ പെട്ടെന്ന് വാ,ഷൂട്ട് തുടങ്ങാം!” അതും പറഞ്ഞ് അയാള്‍ ഹാളിലേക്ക് പോയി.

ഇടവത്തിലെ ഇടിവെട്ടേറ്റ തെങ്ങ് പോലെ ഞാന്‍ കോപത്താല്‍ നിന്നു കത്തി. ആ പെരട്ട സജിയെയെങ്ങാന്‍ എന്റെ കയ്യില്‍ അപ്പോള്‍ കിട്ടിയെങ്കില്‍ ഞാനവനെ കൊന്ന് കറി വെച്ചേനെ! ഇനി ലോകം മുഴുവന്‍ എന്റെ കോണകമുടുത്തുള്ള ഡോക്യുമെന്ററി കാണിക്കുമല്ലോ എന്ന ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ബ്ലൂ ടൂത്തിലും പ്രോണോ സൈറ്റിലുമൊക്കെ തലവെട്ടി ആളുകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുമ്പോള്‍,തല വെട്ടിമാറ്റാതെ തന്നെ ഒട്ടിക്കാവുന്ന ഒരു കോലത്തില്‍ ഞാന്‍ ഏതൊക്കെ ചിത്രങ്ങളില്‍ കറങ്ങുമെന്ന്  വെറുതേ ആശങ്കപ്പെട്ടു.എങ്കിലും മനസ്സില്ലാ മനസ്സോടെ ഞാന്‍ ആ ഡോക്യുമെന്ററിയുടെ ഭാഗഭാക്കാകാന്‍ തീരുമാനിച്ചു.ആ നടത്തത്തില്‍ ഞാന്‍ ഡോക്യുമെന്ററികളേ വെറുത്തു പിന്നെ ശപിച്ചു, എങ്കിലും സിനിമകള്‍ എനിക്കേറെ ഇഷ്ടമായിരുന്നു. 

സിനിമയില്‍ നായകനായി അഭിനയിക്കാന്‍ മോഹിതനായി എത്തിയ ഞാന്‍ എണ്ണത്തോണിയില്‍ പട്ട് കോണകമുടുത്ത് പിണം പോലെ കിടക്കേണ്ടി വന്നതിലെ ദുര്‍വ്വിധിയെ മനസ്സില്‍ പഴിച്ച് കൊണ്ട് നീണ്ട് നിവര്‍ന്ന് കിടന്നു.നായികയാണെന്ന് ഞാന്‍ തെറ്റിദ്ധരിച്ചവള്‍ സംവിധായികയായി. അല്ലെങ്കിലും അവള്‍ക്ക് നായികയാകാനുള്ള സൌന്ദര്യമൊന്നുമില്ലെന്ന് ഞാന്‍ മനസ്സില്‍ മന്ത്രിച്ചു. അവളുടെ നായകനാകേണ്ടി വന്നാല്‍ പിന്നെ ഭാവിയില്‍ കിട്ടുന്ന നായികമാരെല്ലാം പ്രായം കൂടിയവരാകുമെന്ന്‍ എണ്ണത്തോണിയില്‍ കിടന്നും ഒട്ടും അഹങ്കാരമില്ലാത്ത മനസ്സ് കൊണ്ട് ഞാന്‍ കണക്ക് കൂട്ടി.എണ്ണത്തോണിയുടെ അറ്റത്ത് പിടിപ്പിച്ച പാത്രത്തില്‍ നിന്നും എണ്ണ ധാര ധാരയായി നെറ്റിയില്‍ വീഴുന്ന “ധാര” എന്ന ചികിത്സാ രീതിയുടെ സീനാണ് ആദ്യം ഷൂട്ട് ചെയ്യുന്നത്.അതിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി.

അങ്ങിനെ സംവിധായികയുടെ കിളി നാദത്തില്‍ സ്റ്റാര്‍ട്ട് ക്യാമറയും ആക്ഷനും പറഞ്ഞു. പാത്രത്തില്‍ നിന്നും എണ്ണ ധാരധാരയായി എന്റെ നെറ്റിയിലേക്ക് പതിച്ചു.അതിന്റെ കുളിര്‍മ കൊണ്ടെന്നോണം എന്റെ ദേഷ്യങ്ങളൊക്കെ പതിയെ ശമിച്ചു.അല്‍പ്പം കഴിഞ്ഞില്ല അപ്പോഴേക്കും കട്ടും പറഞ്ഞ് സംവിധായിക എന്റെ അടുത്ത് വന്നു  പറഞ്ഞു.
“യു സീ ഓയില്‍ വീഴുമ്പോള്‍ മുഖത്ത് അത് ഫീല്‍ ചെയ്യുന്ന എക്സ്പ്രഷന്‍ വരട്ടെ”
എനിക്ക് ദേഷ്യമാണ് വന്നത്. എക്സ്പ്രഷനാത്രേ എക്സ്പ്രഷന്‍! ഡൊക്യുമെന്ററിയില്‍ ഇത്ര എക്സ്പ്രഷനൊക്കെ മതിയെന്നും കൂടുതല്‍ എക്സ്പ്രഷനൊന്നും എനിക്ക് സൌകര്യമില്ലെടി ചട്ടക്കാരീ എന്ന് മനസ്സില്‍ പറഞ്ഞെങ്കിലും പുറത്തേക്ക് ഭവ്യതയോടെ ഒരു തലയാട്ടല്‍ മാത്രമാണ് ഉണ്ടായത്.
“കുയിലെപ്പുടിച്ച് കൂണ്ടിലടച്ച് കൂവച്ചൊല്ലുകിറ ഉലകം...
മയിലെ പുടിച്ച് കാല് ഒടച്ച് ആട ചൊല്ലുകിറ ഉലകം..
അത് എപ്പടി പാടുമയ്യാ...അത് എപ്പടി ആടുമയ്യാ....”
എന്ന ഗാനം ഉച്ചത്തില്‍ വെച്ച ഒരു ലോട്ടറി വണ്ടി റോഡില്‍ കൂടി കടന്ന് പോയി. എന്റെ ഈ അവസ്ഥ അറിഞ്ഞ ഏതോ കൊടിയ ശത്രുവായിരിക്കണം ആ ലോട്ടറിവണ്ടി അത് വഴി അപ്പോള്‍ പറഞ്ഞ് വിട്ടതെന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു.എങ്കിലും എന്റെ ഈ അവസ്ഥയ്ക്ക് മാച്ചാവുന്ന പാട്ടാണല്ലോ കേട്ടത് എന്നോര്‍ത്ത് ഞാന്‍ ഒരു ദീര്‍ഘനിശ്വാസ്ത്തിന്റെ അകമ്പടിയോടെ ആശ്വസിക്കാന്‍ ശ്രമിച്ചു.പിന്നേയും സ്റ്റാര്‍ട്ട് ആക്ഷനും ക്യമറയും അവിടേ മുഴങ്ങി.എണ്ണ വീണ്ടും നെറ്റിയിലൂടെ ധാര ധാരയായി ഒഴുകി.അതെല്ലാം ക്യാമറാ മേന്‍ പല ആങ്കിളില്‍ നിന്നും പകര്‍ത്തിക്കൊണ്ടിരുന്നു.ഏത് ആങ്കിളിലും എന്റെ മുഖം കൃത്യമായി തിരിച്ചറിയുമല്ലോ എന്നൊരു വേവലാതിയും എന്റെ മുഖത്തെ എക്സ്പ്രഷനോടൊപ്പം പ്രകടമായിരുന്നു. പിന്നീടെപ്പോഴോ ഒരു “കട്ട്“ കേട്ടപ്പോള്‍ ആശ്വാസമായി.

ഷൂട്ടിങ്ങെല്ലാം കഴിഞ്ഞ് ഞാന്‍ വാര്‍ഡിലേക്ക് തിരിച്ചു. സഹമുറിയന്മാരോട് എന്ത് പറയും എന്നൊരു കണ്‍ഫ്യൂഷന്‍ മനസ്സിനെ വല്ലാതെ മഥിച്ചു.സിനിമയായിരുന്നു എന്നൊക്കെ പറഞ്ഞാല്‍ സജി കേറി അലമ്പാക്കും.അത് കൊണ്ട് തല്‍ക്കാലം സത്യം സത്യമായിത്തന്നെ പറയാമെന്ന് കരുതി ഞാന്‍ വാര്‍ഡിലെത്തി. ഒരു സിനിമാ നടന് കിട്ടുന്ന ബഹുമാനവും ശ്രദ്ധയും ഒരു ഡോക്യുമെന്ററി നടന് ഒട്ടും കിട്ടില്ലെന്ന സത്യം ആളുകളുടെ പെരുമാറ്റത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഞാന്‍ നേരെ ബാബുവിന്റെ അടുത്ത് ചെന്നിരുന്നു. ആരും അഭിനയെത്തെ പറ്റിയോ ഷൂട്ടിങ്ങിനെ പറ്റിയോ ചോദിക്കാത്തത് കൊണ്ട് ഞാന്‍ തന്നെ പറഞ്ഞ് തുടങ്ങണമെന്ന് മനസ്സിലാക്കിക്കൊണ്ട് ബാബുവിനോട് പറഞ്ഞു,
“ഈ ഡോക്യുമെന്ററിയില്‍ അഭിനയിക്കുന്നോരുടെ കാര്യം കഷ്ടാ അല്ലേ? സിനിമാ നടന്മാരൊക്കെ എത്ര ഭാഗ്യവാന്മാരാ!” 

“എന്തേ ഇപ്പോ അങ്ങിനെ തോന്നാന്‍?“ ബാബു ചോദിച്ചു
“അല്ലേ ഈ സിനിമാ നടന്മാര്‍ക്ക് കുടിക്കാന്‍ ഇടയ്ക്കിടയ്ക്ക് ജ്യൂസും,മിനറല്‍ വാട്ടറും ഒക്കെ കിട്ടും,അതോര്‍ത്ത് പറഞ്ഞതാ” ഞാനൊരു ദീര്‍ഘനിശ്വാസം കഴിച്ചു.
“അപ്പോ തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ലെന്ന് സാരം! നിനക്ക് ചായ വേണമെങ്കില്‍ ഫ്ലാസ്കിലുണ്ട് എടുക്കാന്‍ പറയട്ടെ?”

“ഏയ് വേണ്ട വേണ്ട.ഷാര്‍ജാ ഷേക്കും,മാംഗോ ഷേക്കുമൊക്കെ വേണോന്ന് ചോദിച്ചതാ.ഞാന്‍ പിന്നെ വേണ്ട എന്ന് പറഞ്ഞത് കൊണ്ട് തന്നില്ലെന്ന് മാത്രം”  ഒരുവിധത്തില്‍ ഞാന്‍ പറഞ്ഞൊഴിഞ്ഞു. കാര്യങ്ങള്‍ അറിയാനായി ആന്റണി മാഷ് അവിടേക്ക് കടന്ന് വന്നുകൊണ്ട് എന്നോടായി ചോദിച്ചു,
“എങ്ങിനെയുണ്ടായിരുന്നു ഡോക്യുമെന്ററി അഭിനയം? തകര്‍ത്തോ?”

“പിന്നെ ഗംഭീരമായിരുന്നു. മുഖത്തൊക്കെ നല്ല എക്സ്പ്രഷനായിരുന്നെന്നാ സംവിധായിക പറഞ്ഞത്” ഞാനും മോശമാക്കിയില്ല.

“പിന്നേ ഉടുതുണിയില്ലാതെ എണ്ണത്തോണീല് കിടക്കുമ്പഴാ ഒരു എക്സ്പ്രഷന്‍!”
മാഷിന്റെ ആ പരിഹാസം കേട്ട് ബാബു ചിരിച്ചു.എനിക്ക് അല്‍പ്പം ചമ്മല്‍ വന്നെങ്കിലും അത് മറച്ച് വെച്ച് കൊണ്ട് മാഷിനോട് പറഞ്ഞു,
“മാഷേ മാഷക്കറിയോ ലോകത്തില്‍ ഏത് നടന്റേയും നടിയുടേയും മുഖത്ത് ഏറ്റവും കൂടുതല്‍ എക്സ്പ്രഷന്‍ വരുന്നത് തുണിയില്ലാതെ അഭിനയിക്കുമ്പോഴാണെന്ന് സുപ്രസിദ്ധ സംവിധായകന്‍ ഗോപാലകൃഷ്ണന്‍ സാറ് വരെ പറഞ്ഞിട്ടുണ്ട്!”

“ഏത് നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണന്‍ സാറോ?”  മാഷ് വിടുന്ന ഭാവമില്ല.

“അങ്ങേര് അടൂരാണോന്നറിയില്ല,പക്ഷേ അങ്ങരുടെ ഇനീഷ്യല്‍ കെ. എസ് എന്നോ മറ്റോ ആണെന്ന് തോന്നുന്നു”

“ഹ ഹ മ്മടെ മസാലപ്പടം സംവിധായകന്‍ കെ.എസ്. ഗോപാലകൃഷ്ണന്‍. അങ്ങേര് അതും പറയും അതിനപ്പുറവും പറയും! ആട്ടേ ഇനിയുണ്ടോ ഷൂട്ടിങ്ങ്?

“ചിലപ്പോ ഉണ്ടായിക്കൂടെന്നില്ല.അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്” ഞാന്‍ ഗമയ്ക്ക് കുറവൊന്നും വരുത്താതെ തട്ടി വിട്ടു.
ഇനി കൂടുതലെന്തെങ്കിലും ഷൂട്ടിങ്ങിനെ പറ്റി സംസാരിച്ചാല്‍ അത് ഒരു ബൂമറാങ്ങായി എന്റെ നെഞ്ചത്തോട്ട് തന്നെ വരും എന്ന് മനസ്സിലാക്കിയ ഞാന്‍ ഒരു സഹായത്തിനായി ചുറ്റും നോക്കി.പെരുന്നാളറിയിച്ച് മാനത്ത് ചന്ദ്രക്കല പ്രത്യക്ഷപ്പെട്ടത് പോലെ മനസ്സിനെ കുളിരണിയിച്ച് ഭാര്യ എന്റെ അടുത്തേക്ക് കടന്ന് വന്നു.

“നിങ്ങള് സിനിമാ ഷൂട്ടിങ്ങിന് പോയപ്പോ ഡോക്ടര്‍ റൌണ്ട്സിന് വന്നിരുന്നു.നാളെ “വസ്തി”ഉണ്ടെന്ന് പറയാന്‍ പറഞ്ഞു. എന്താ ഈ വസ്തി?“ അവള്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം പറഞ്ഞത് മാഷായിരുന്നു,

“നാളെ വസ്തി ഉണ്ടാ? ഹ ഹ ഹ “ മാഷ് പിന്നേയും വല്ലാത്തൊരു ചിരിയായിരുന്നു.,ഒരുമാതിരി സലിം കുമാറിന്റെ ചിരി.മാഷ് ഇതിന് മുന്‍പ് പല വസ്തിയും കഴിഞ്ഞിട്ടുണ്ടാകുമെന്ന് ആ ചിരിയില്‍ നിന്നും ഞാന്‍ വായിച്ചെടുത്തു. അവള്‍ വീണ്ടും മാഷിനോട് ചോദിച്ചു,
“പറ മാഷേ എന്താ ഈ വസ്തി?”

“അതേയ് മോളേ നിനക്കീ വയറും വെച്ച് ബക്കറ്റുമൊക്കെ പിടിച്ച് പിന്നാലെ ഓടാന്‍ പറ്റുമോ എന്തോ? വീട്ടിന്ന് ഉമ്മാട് വരാന്‍ പറയായിരുന്നു” മാഷ് അല്‍പ്പം ഗൌരവം അഭിനയിച്ച് കൊണ്ടാണ് പറഞ്ഞത്.

“മാഷ് വെറുതെ മനുഷ്യനെ പേടിപ്പിക്കാണ്ടിരുന്നേ.കേട്ടാല്‍ തോന്നും എന്തോ വല്യ ഓപ്പറേഷനാണെന്ന്! നീ ഇത് കേട്ടൊന്നും പേടിക്കണ്ട ട്ടോ” ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു.

“എനിക്കെന്ത് പേടി നിങ്ങക്കല്ലേ വസ്തി എനിക്കല്ലല്ലോ” അവള്‍ നയം വ്യക്തമാക്കി.

എന്തായാലും കാണാന്‍ പോണ പൂരം പറഞ്ഞറിയിക്കണില്ല. എല്ലാം നാളെ അറിയാം.സാധനങ്ങള്‍ വാങ്ങാനുള്ള ലിസ്റ്റ് തന്നില്ലേ മോളേ?” മാഷ് ഭാര്യയോട് ചോദിച്ചു.

“ഉണ്ട് അതിലെന്തോ ശര്‍ക്കരയും, പുളിയും പാലുമൊക്കെ എഴുതിക്കണ്ടു.ഇനി രാവിലെ സജിയോട് പറഞ്ഞ് വാങ്ങിപ്പിക്കാം!”

വസ്തി എന്തോ ഭയങ്കര സംഭവമാണെന്ന് ഞാന്‍ വെറുതെ മനസ്സില്‍ കരുതി.വസ്തിയെ ഞാന്‍ വെറുത്തു, പിന്നെ ശപിച്ചു എങ്കിലും ധാര എനിക്കേറെ ഇഷ്ടമായിരുന്നു.

തുടരും..

ഐശ്വര്യാറായി ഗര്‍ഭിണിയായി! ഒരു ചാനല്‍ റിപ്പോര്‍ട്ട്!

$
0
0
ഹലോ പിന്റു കേള്‍ക്കാമെങ്കില്‍ എപ്പോഴായിരുന്നു സംഭവം? കൃത്യം ഏത് മാസമാണ് കുളി തെറ്റിയത് എന്നതിനെക്കുറിച്ച് വല്ല റിപ്പോര്‍ട്ടും ഉണ്ടോ?

സുകേഷ്, കുളി തെറ്റിയ കൃത്യമായ തിയതിയോ സമയമോ ലഭ്യമല്ല എങ്കിലും ഒരു ഊഹം അനുസരിച്ച് കഴിഞ്ഞ തിങ്കളാഴ്ചയാവാനാണ് സാധ്യത.മാത്രമല്ല ഇതിന് മുന്‍പ് ഒരു തവണ ഐശ്വര്യ കുളിക്കാന്‍ മറന്നു എന്ന് പറഞ്ഞത് തെറ്റിദ്ധരിച്ച് കുളി തെറ്റി എന്നും ഗര്‍ഭിണിയായെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ബച്ചന്‍ കുടുംബം അത് നിഷേധിക്കുകയാണുണ്ടായത്.

പിന്റു അഭിഷേക് ബച്ചനെ ആരേങ്കിലും സംശയിക്കുന്നുണ്ടോ?കുളി തെറ്റാന്‍ അഭിഷേകിനുള്ള പങ്ക് പുറത്ത് വന്നിട്ടുണ്ടോ? മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത പ്രകാരമാണോ ഐശ്വര്യ ഗര്‍ഭിണിയായത്.

സുകേഷ്, എല്ലാ കന്നിമാസത്തിലും അഭിഷേക് പ്രതീക്ഷയോടെ കലണ്ടര്‍ നോക്കുമെങ്കിലും ഒരിക്കല്‍ പോലും കുളി തെറ്റിയില്ല എന്നതാണ് വാസ്തവം.അവര്‍ ഏറ്റെടുത്ത പ്രോജെക്റ്റുകള്‍ തീര്‍ക്കുന്നതിനിടയില്‍ മറന്ന് പോയതായും കണക്കാക്കുന്നു.എന്തായാലും അവര്‍ ഏറെ കാത്തിരുന്ന ഒരു സുദിനമാണ് സംജാതമായിരിക്കുന്നത്.

പിന്റൂ..കുട്ടി ആണോ പെണ്ണോ? പ്രസവം ഇന്ത്യയിലോ വിദേശത്തോ? അങ്ങിനെ കൂടുതല്‍ വല്ല വിവരങ്ങളും ലഭ്യമായിട്ടുണ്ടോ?

സുകേഷ് കൂടുതല്‍ വിവരങ്ങള്‍ക്കായി ഞാനിന്നു മുതല്‍ ഐശ്വര്യയുടേ വീടിന്റെ മുന്നില്‍ തന്നെ താമസമാക്കിയിരിക്കയാണ്. ഓരോ ദിവസത്തേയും വയറിന്റെ വളര്‍ച്ച,കഴിക്കുന്ന ഭക്ഷണത്തില്‍ പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ടോ തുടങ്ങി എല്ലാ വിവരങ്ങളും അപ്പപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്.


വളരേ നല്ലത്.ആട്ടെ ഈ വാര്‍ത്തയെ പറ്റി അമിതാഭ് ബച്ചന്‍ എന്താണ് പ്രതികരിച്ചത്?


സുകേഷ് ഇനി പേരക്കുട്ടിയുടെ കൂടെ ഒരു ചിത്രത്തില്‍ അഭിനയിക്കുന്ന ഒരു ദിവസത്തിനായി കാത്തിരിക്കുകയാണന്നും കഴിയുമെങ്കില്‍ പേരക്കുട്ടിയുടെ മകന്റെ റൊളില്‍ തന്നെ അഭിനയിക്കണമെന്നും ബച്ചന്‍ അറിയിച്ചു.തന്റെ ട്വിറ്ററും ബ്ലോഗുമെല്ലാം ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും ബച്ചന്‍ അറിയിച്ചു.


പിന്റൂ അഭിഷേക് ബച്ചന്റെ പ്രതികരണം എന്താണ്? വാര്‍ത്ത സ്ഥിരീകരിച്ചതായി അറിയുന്നോ?

സുകേഷ് മറ്റു പ്രശ്നങ്ങളൊന്നും ഇത് വരെ റിപ്പോര്‍ട്ട് ചെയ്യാത്തത് കൊണ്ട് ഈ വാര്‍ത്ത സ്ഥിരീകരിക്കാനാവും അഭിഷേക് തയ്യാറാവുക എന്നാണറിയുന്നത്.എന്തായാലും വിദേശത്തുള്ള അഭിഷേക് തിരിച്ചെത്തിയാല്‍ വാര്‍ത്ത സ്ഥിരീകരിക്കും എന്നാണ് അറിയുന്നത്.

പിന്റൂ ഐശ്വര്യ ഇനി സിനിമയില്‍ അഭിനയിക്കുന്നുണ്ടോ? അതോ ഗര്‍ഭിണിയായ ഐശ്വര്യക്ക് പറ്റിയ റോളുകളുള്ള സിനിമ ഇറക്കാന്‍ പരിപാടിയുണ്ടോ? മലയളത്തിലിറങ്ങിയ രതിനിര്‍വ്വേദത്തിന്റെ ഹിന്ദി പതിപ്പില്‍ ഐശ്വര്യയാണ് അഭിനയിക്കുന്നത് എന്ന വാര്‍ത്തയ്ക്ക് വല്ല സ്ഥിരീകരണമുണ്ടോ?

ഇത് വരെ അതിനെ പറ്റി കൂടുതലായി ഒന്നും അറിഞ്ഞിട്ടില്ല. എങ്കിലും ഇനി പ്രസവം കഴിഞ്ഞ് കുഞ്ഞിന്റെ ചോറൂണ് വരെ കഴിഞ്ഞേ അഭിനയിക്കാ‍ന്‍ തയ്യാറാവുകയുള്ളൂ എന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

നന്ദി പിന്റൂ ഐശ്വര്യയുടെ ഗര്‍ഭകാലത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടാം.

നന്ദി സുകേഷ്!

ലേബല്‍: ഇനി വാര്‍ത്തകളുടെ പെരുമഴ!

കുഞ്ഞീവിയുടെ പ്രതികരണങ്ങള്‍

$
0
0
അന്നും ഒരു വെള്ളിയാഴ്ചയായിരുന്നു.ഗുഡ് ഫ്രൈഡേ! കുഞ്ഞീവി രാവിലെ തന്നെ മീന്‍ വാങ്ങാന്‍ അങ്ങാടിയില്‍ പോയി വരുന്ന വരവാണ്.മീനിന്റെ വില കൂടുതലായത് കൊണ്ട് അതിനെ പഴിച്ച് പിറു പിറുത്ത് കൊണ്ടാണ് കുഞ്ഞീവിയുടെ നടപ്പ്.
“ട്രോളിങ്ങാത്രേ രണ്ട് മാസം.അത് കാരണം മീനിനു വെല കൂടിയതെന്ന് മീങ്കാരന്‍.ഈ നിലക്ക് പോയാന്‍ മീന്‍ ഗുളിക വാങ്ങി കറി വെക്കേണ്ടി വരുമല്ലോ പടച്ചോനെ! മീനുകള്‍ക്ക് വരെ രണ്ട് മാസം ആരും പിടിക്കാന്‍ വരില്ല എന്ന ധൈര്യത്തോടെ കടലില്‍ പെറ്റു പെരുകേങ്കിലും ചെയ്യാം, ഈ നാട്ടിലെ പെണ്ണുങ്ങക്ക് കൊല്ലത്തിലൊരു രണ്ട് മാസമെങ്കിലും ആരും പീഡിപ്പിക്കാതിരിക്കാനുള്ള ഒരു ട്രോളിങ്ങ് ഏത് കാലത്താണാവോ റബ്ബേ ഉണ്ടാവ്വാ.വന്ന് വന്ന് ലൈബോയ് സോപ്പിന്റെ പരസ്യം പറഞ്ഞ പോലെ എവിടെ പെണ്ണുണ്ടോ അവിടെ പീഡനമുണ്ട് എന്ന് പറഞ്ഞ പോലാ കാലത്തിന്റെ പോക്ക്”

“ഇങ്ങള് ആരുടെ പോക്കിന്റെ കാര്യാ പറയണത് കുഞ്ഞീവിത്താ?” അത് വഴി വന്ന കുഞ്ഞുട്ടി ലോഹ്യം പറയാനായി ചോദിച്ചു.

“അന്റെ കെട്യോള്‍ടെ പോക്കിന്റെ കാര്യം! കാലത്തെന്നെ കിണ്ങ്ങാന്‍ നിക്കാണ്ട് ഇജ്ജ് പോ കുഞ്ഞുട്യേ.സാധനങ്ങളുടെ വെലക്കേറ്റം കൊണ്ട് നട്ടം തിരീമ്പളാപ്പോ അന്റെയൊരു ലോഹ്യം പറച്ചില്. എടാ അനക്കറിയോ ഇപ്പോ സ്വര്‍ണ്ണത്തിന്റെ വെലേം റോക്കറ്റും കൂടി മേപ്പട്ട്ക്ക് വിട്ടാ,മോളില് ആദ്യം എത്തണത് സ്വര്‍ണ്‍നത്തിന്റെ വിലയാകും.ആ നെലക്കല്ലേ സ്വര്‍ണ്ണത്തിന്റെ വില മേപ്പട്ട് കേറണത്.”

“മീനിനും സ്വര്‍ണ്ണത്തിനും മാത്രോ? ഡീസലിന് ദേ പിന്നേം വില കൂടി.ഗ്യാസും കുറ്റീമേ ഉറുപ്യ അമ്പതാ ഇന്ന് മുതല്‍ കുടീത്. ഇഞ്ഞ് മാന്യായിട്ട് ജീവിക്കണെങ്കില്‍ കക്കാന്‍ പോണ്ടി വരും,മനുഷ്യനെ മക്കാറാക്കാനായി ഓരോ എടവാടുകളേ”

“കുറത്തി കൈ നോക്കീട്ട് ഇഞ്ഞ് വെച്ചടി വെച്ചടി കേറ്റാന്ന് പറഞ്ഞപ്പോ ഞാന്‍ ഒന്ന് സന്തോഷിച്ചതാ, ആ കേറ്റം വിലക്കേറ്റാണ്ന്ന് ഇപ്പഴല്ലേ ബോധ്യായത്.ബെര്‍തെ അല്ലാട്ടോ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ഇമ്മിണി വിമ്മിട്ടം. ആ നെലക്ക് കുറേ ചത്ത് പണ്ടാറടിങ്ങിയാ പിന്നെ ഈ വക ദുരിതമൊന്നും അറിയേണ്ടല്ലോ.പാവങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാണ്ടായി! ഏത്? 

“നമ്മള് ഈ പട്ടിണി പരിവെട്ടവുമായി കഴിയുന്നോരുടെ കാര്യം പോട്ട്.എന്ത് നല്ല നെലേല് ജീവിക്കണ ആളാ നമ്മുടെ ധോണി‍. ഓന്റെ പെരേടെ നികുതി അടക്കാന്‍ കൊടുത്ത ചെക്ക് വരെ മടങ്ങീല്ലെ? അപ്പോ പിന്നെ നമ്മടെ കാര്യം പറയാനുണ്ടോ കുഞ്ഞീവിത്താ?”

“ഓന്റെ കല്യാണം കഴിഞ്ഞപ്പോ ഓനും ഈ നെലയ്ക്കായതാവും.മ്മടെ പഴേ നടി ശ്രീദേവിക്ക് ഒരു മാസത്തെ ചെലവിന് ഇരുപത്തഞ്ച് ലക്ഷം വേണം ന്നാ കേട്ടത്.ആ ബോണി കപൂറിന് ഇതിലും ബല്യ അബദ്ധം പറ്റാനില്ലത്രേ. ഇഞ്ഞ് ഓന്റെ ചെക്ക് എന്നാണാവോ മടങ്ങി പണ്ടാരടങ്ങാ.അതോ ഇനി ഓന്‍ ശ്രീദേവിയെ മൊഴി ചൊല്ലുംന്നാ ഇപ്പോ പറഞ്ഞ് കേക്കണത്.കായിയാണ് കുഞ്ഞുട്യേ എല്ലാം.കായി ഇല്ലെങ്കില്‍ എത്രേം വേഗം മയ്യത്താവാ നല്ലത്! ന്നാ കുഞ്ഞുട്ടി ചെല്ല്,ഇക്കിത്തിരി പണീണ്ട്”

കുഞ്ഞുട്ടി വാഴക്കോട് കവലയിലേക്ക് നടന്ന് പോയി,കുഞ്ഞീവി ഒരു ദീര്‍ഘ നിശ്വാസത്തോടെ തന്റെ വീട്ടിലേക്കും അടുക്കളയില്‍ അടുപ്പിന്റെ മുകളില്‍ ചോറ് വെച്ച പാത്രം തിളച്ച് തൂവുന്നത് കണ്ട് കുഞ്ഞീവിക്ക് ദേഷ്യം വന്നു.സമദൂരം വെടിഞ്ഞ സൂമാരന്‍ നായരെപ്പോലെ കുഞ്ഞീവി സൂറാനെ വിളിച്ചു അലറി.
“എടീ ഒരുമ്പെട്ടോളേ സൂറാ”

സൂറ പുറത്ത് നിന്നും എന്ത് അത്യാപത്താണാവോ സംഭവിച്ചതെന്ന് കരുതി ഓടി വന്നു.
“നീ എവിടെ അടങ്ങാന്‍ പോയിരിക്യാടി? ഈ അരി തിളച്ച് പോകാന്‍ തൊടങ്ങീട്ട് നേരെത്രയായീന്നറിയോ? ഈ ഗ്യാസിങ്ങനെ കത്തിച്ച് കളയാന്‍ മാത്രം അന്റെ വാപ്പാക്ക് ലോട്ടറിയടിച്ച കായിയൊന്നും ഇല്ല എടുത്ത് കൊടുക്കാനെക്കൊണ്ട് . ഗ്യാസിനും സ്വര്‍ണ്ണത്തിനും   ഒരേ വെലേ ഇപ്പോ.ഒരു പത്ത് കുറ്റി ഗ്യാസ് സ്ത്രീധനം കൊടുക്കാന്ന് പറഞ്ഞാല്‍ അന്നെക്കെട്ടാന്‍ ആള്‍ക്കാരിവിടെ ക്യൂ നില്‍ക്കും അറിയാമോ?“

“എന്റെ ഉമ്മാ ഞാന്‍ ഇത്രേം നേരം ഇവിടെ ഉണ്ടാര്‍ന്നതാ. ഇപ്പോ അങ്ങോട്ടൊന്ന് മാറിയതാ,അപ്പഴാ ഇങ്ങള് വന്നത്”

“മാറാന്‍ ഇയ്യെന്താടി ഒടിയനോ? എടി അനക്കറീല്ലെ ഒരു കുറ്റി ഗ്യാസ് കിട്ടാന്‍ ലേബര്‍ രൂമിലു കേറ്റിയ പെണ്ണ് പെറുന്നതും കാത്ത് നിക്കണ പോലെ നിക്കണം എന്ന്. പെണ്ണ് പെറ്റില്ലെങ്കി വയറ് കീറി എടുക്കാന്ന് വെക്കാ.ഗ്യാസെങ്ങാനും കിട്ടാന്‍ വൈകിയാ അങ്ങിനെ വല്ലതും നടക്വോ?  ഇനിമുതല്‍ വല്ല പട്ടേം പാളയുമൊക്കെ അടുപ്പിലിട്ട് കത്തിച്ചാല്‍ മതി”

“അപ്പോ പാത്രത്തിന്മേലൊക്കെ ആകെ കരി പിടിക്കില്ലേ ഉമ്മാ? പോരാത്തതിന് ചുവരിലും കരി പിടിക്കും”

“പാത്രത്തിലും ചുവരിലും കരി പിടിച്ചാല്‍ പോട്ടേന്ന് വെക്കാം ഇല്ലെങ്കില്‍ നമ്മുടെ ജീവിതത്തില് തന്നെ കരി പിടിക്കും മോളേ, ആ ചേലുക്കാ ഗ്യാസിന്റെ വില കൂടിയേക്കണത്.ഓരോ ദിവസം കഴിഞ്ഞ് കിട്ടാനുള്ള പാടേ?പഞ്ചായത്ത് പ്രസിഡന്റിന് എയിഡ്സ് പിടിച്ച പോലെയല്ലേ കാര്യങ്ങളുടെ  പോക്ക്! പ്രസിഡന്റിന് എയിഡ്സ് വന്നാല്‍ പിന്നെയത് ഭാര്യക്ക് വരും,ഭാര്യക്ക് വന്നാ പിന്നെ നാട്ടാര്‍ക്ക് മൊത്തം വരും എന്ന് പറഞ്ഞ പോലെ ഡീസലിന് വില കൂട്യാ കടത്ത് കൂലി കൂടും,കടത്ത് കൂലി കൂട്യാ പിന്നെ സകല സാധനങ്ങള്‍ക്കും വില കൂടും! ആരോട് പരാതി പറയാന്‍?“

കുഞ്ഞീവി മീന്‍ നന്നാക്കാനായി നീങ്ങി.സൂറ തന്റെ കോളേജ് അഡ്മിഷന്റെ കാര്യം ഉമ്മയോട് സമ്മതിപ്പിക്കാനായി മയത്തില്‍ കുഞ്ഞീവിയുടെ അടുത്ത് ചെല്ലുന്നു.

“ഉമ്മാ കോളേജിന്ന് അഡ്മിഷന്‍ കാര്‍ഡ് വന്നേക്കണ്! എനിക്ക് മെറിറ്റില്‍ സീറ്റ് കിട്ടാന്‍ സാധ്യതയുണ്ട്.പിന്നെ ഫീസിളവും കിട്ടും”

“ഫ ശൈത്താനേ  ആ വക വേണ്ടാതീനം കാട്ടീട്ടൊന്നും ഇജ്ജങ്ങനെ ഫീസിളവ് ഉണ്ടാക്കണ്ട.അല്ലാണ്ട് കിട്ടുവാണെങ്കില്‍ പഠിക്കാന്‍ പോയാ മതി.ഇയ്യിപ്പോ മെറിറ്റ് ചെയ്യാണ്ടാ”

“നമുക്ക് എന്‍ ആര്‍ ഐ സീറ്റിലൊന്ന് നോക്കിയാലോ.ഫീസിത്തിരി കൂടും എന്നേയുള്ളൂ.അതിന് ലോണ്‍ കിട്ടും?”

“എന്‍ ആര്‍ ഐ സീറ്റ് കിട്ടാന്‍ ആരാടി അന്റെ  ഗള്‍ഫിലുള്ളത്?”

“അങ്ങിനെ നേരിട്ട് ബന്ധമുള്ള ആളാവണമെന്നൊന്നുമില്ല ഉമ്മാ”

“എന്നാ ഇന്നാളൊരു ഗള്‍ഫ്കാരന്‍ ഞമ്മടെ വേലിടെ എതക്കല് മൂത്രമൊഴിച്ചിട്ടുണ്ട്. ഓന്റെ പേരില് വേണമെങ്കി ഞമ്മക്കൊന്ന് സീറ്റ് നോക്കാം”
“നമുക്കാ ഗഫൂര്‍ക്കാനെ ഒന്ന് പോയി കണ്ടാലോ?”

“ഏത് നമ്മുടേ ഗഫൂര്‍ക്കാ ദോസ്തോ? കാലിഫോര്‍ണിയാക്ക് പോണ ചരക്ക് കപ്പല് ദുബായി കടപ്പുറം ബയി തിരിച്ച് വിട്ട ഗഫൂര്‍ക്കയോ?”

“അല്ല ഉമ്മ നമ്മുടെ ഫസല്‍ ഗഫൂര്‍ ഇക്കയില്ലേ. സമുദായത്തിലെ വരുമാനമില്ലാത്തോര്‍ക്ക് സീറ്റ് കൊടുക്കാനാണല്ലോ അവര്‍ക്കൊക്കെ കോളെജ് സര്‍കാറ് കൊടുത്തത്”

“ഇപ്പോ കിട്ടീതെന്നെ! സര്‍ക്കാരിനെ കൊണ്ട് നേട്ടമുണ്ടായില്ലെങ്കിലും നേതാക്കന്മാരെക്കൊണ്ട് നേട്ടമുണ്ടായ പല പെണ്ണുങ്ങളും നമ്മുടേ സമുദായത്തിലുണ്ട്.അനക്കെന്താ ആ ബയിക്ക് സഹായം വാങ്ങാനാ?”

“ഹോ ഈ ഉമ്മാടെ ഒരു കാര്യം.ഞാന്‍ കോളെജിലും പോണില്ല എവിടേക്കും പോണില്ല.സന്തോഷമായാ?” സൂറ കോപിച്ച് അകത്തേക്ക് പോയി.കുഞ്ഞീവി അവളുടെ കോപം കണ്ട് ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“അല്ലെങ്കിലും ഇന്നത്തെ കാലത്ത് മക്കള് കാരണം മനസ്സമാധാനം നഷ്ടപ്പെട്ടത് മാത്രമല്ല  അല്ലാണ്ടെന്നെ വേട്ടയാടപ്പെടുന്ന തന്തമാരുള്ള കാലാ.കോളേജില്‍ പോയി തിരിച്ച് കുടീലെത്തുന്ന വരെ മനുഷ്യന്‍ തീ തിന്നിട്ട് ഇരിക്കണം. പെണ്‍കുട്യോളെ എത്രയും വേഗം കെട്ടിച്ച് വിട്ടാല്‍ അത്രേം ആശ്വാസം.അത്രന്നെ!”

“ഇവിടെ ആളില്ലേ പൂയ്”
വീടിന്റെ ഉമ്മറത്ത് ആരോ വിളിക്കുന്നത് കേട്ട് കുഞ്ഞീവി ഉമ്മറത്തേക്ക് ചെന്നു.

“എന്താ ആളില്ലാത്ത വീട്ടിലു കേറി കക്കാന്‍ പ്ലാനുണ്ടോ അനക്ക്?”

“അല്ല ഇത്ത ഞാനൊരു കാര്യം പറയാന്‍ വന്നതാണ്" ആഗതന്‍ ഭവ്യതയോടെ പറഞ്ഞു.

“കാര്യം പറയാന്‍ കോടതീപ്പോടാ ഇവിടെ എന്താ കാര്യം?”

“ഇത്താ നിങ്ങക്ക് ഗുണമുള്ള ഒരു കാര്യാ”

“എന്താ ഇയ്യ് ഗ്യാസ് ഫ്രീയായി കൊടക്കണണുണ്ടാ?”

“അല്ലിത്ത ഇത്ത ഏലിയന്‍ സ്റ്റാര്‍ സുന്ദര്‍ പണ്ടിറ്റിനെ പറ്റി കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ 65 ഭാഷയില്‍ നിര്‍മ്മിക്കുന്ന പുതിയ പടത്തിന് ഒരു നായികയെ വേണം.സൂറാക്ക് ഒരു അവസരം കൊടുക്കാന്‍ അദ്ദേഹത്തോട് ഞാന്‍ റെക്കമെന്റ് ചെയ്യാം”

“പ്ഫ ശെയ്ത്താനെ അന്റെ മയ്യത്ത് ഈ മുറ്റത്ത് വീഴേണ്ടെങ്കി അന്റെ തടി കയിച്ചലാക്കിക്കോ. സിനിമേന്നും പറഞ്ഞ് ഒരുത്തീനെ കൊണ്ടൊയിട്ടിപ്പോ റേഷന്‍ പീട്യേലു മണ്ണെണ്ണയ്ക്ക് ക്യൂ നിക്കണ പോലെയല്ലേ ആളുകള്‍ തിരിച്ചറിയല്‍ പരേഡിന് നിക്കണത്.ഇജ്ജ് സ്ഥലം കാല്യാക്ക്”

“ഇത്താ മൂര്‍ഖന്‍ പാമ്പിനെയാണ് നോവിച്ച് വിടുന്നത്. പല വന്‍ കിട നിര്‍മ്മാതാക്കളും വന്ന് പണ്ടിറ്റ് സാറിന്റെ മുറ്റത്ത് ക്യൂ നില്‍ക്കുവാ”

“എന്താടാ ഓന്റെ കുടീലാണോ ഇപ്പോ ബ്രാണ്ടിക്കട?”

“സില്‍മ പിടിക്കാന്‍ അപേക്ഷിച്ചുള്ള ക്യൂ. എന്നിട്ടും ഒരാള്‍ക്കും പിടി കൊടുക്കാതെ ഇരിക്യാ പണ്ടിറ്റ് സാറ്! മൂന്നാലാളോട് നോയും പറഞ്ഞു!”

“ഓനോട് അങ്ങിനെ പിടി കൊടുക്കാണ്ടെന്നെ ഇരിക്കാന്‍ പറ.ഇല്ലെങ്കില് ബെര്‍തെ നാട്ടാര്‍ക്ക് പണിയാവും”

“ഇത്താ ഒന്നൂടെ ആലോചിച്ച് പറഞ്ഞാ മതി.കൈവരുന്നത് മഹാ ഭാഗ്യമാണ്, പറഞ്ഞില്ലെന്ന് വേണ്ട”

“ഫ ഇബലീസെ..ഇജ്ജെന്താടാ കുഞ്ഞീവിയെ പറ്റി കരുതീത്.സ്വന്തം മകളെ കൊണ്ടോയി കഴ്ച വെച്ച് സില്‍മാ നടിയാക്കും ന്നോ? അങ്ങനെ കിട്ടണ കായീം പെരുമേം കുഞ്ഞീവിക്ക് വേണ്ട.ഓള്‍ക്ക് കയിവുണ്ടെകി ഓളെ അന്വേഷിച്ച് സില്‍മാക്കാര് ഇവിടെ വരും.അല്ലാണ്ട് പട്ടിക്ക് മക്കളുണ്ടായ പോലെ കുട്യോളെ ഉണ്ടാക്കീട്ട് നാട്ട്കാര്‍ക്ക് കാഴ്ച വെക്കണ ഹറാം പറന്ന തന്തേനേം തള്ളേനേം ഇജ്ജ് കണ്ടിട്ടാവൊള്ളോ.കുഞ്ഞീവി ആള് ബേറെയാണ് മോനെ. ഞമ്മക്കിത്തിരി പഠിപ്പും പത്രാസും കുറാവാകും ഇന്നാലും പട്ടി എറച്ചി നമ്മള് തിന്നൂല്ല. മനസ്സിലായോ.പോ കടക്ക് പടി പൊറത്ത്!!”

ഈ ബഹളം കേട്ട് സൂറ പുറത്തെക്ക് വന്ന് കൊണ്ട്, “എന്താ ഉമ്മാ എന്താ ഒരു ബഹളം?”

“അതൊരു ഇറച്ചിക്കച്ചോടക്കാരനാ. ഇബടെ അറക്കാന്‍ കൊടുക്കാന്‍ വല്ലതും ഉണ്ടോന്ന് അന്വേഷിച്ച് ഇറങ്ങീതാ.ഇജ്ജ് കാഴ്ച കാണാന്‍ നിക്കാണ്ട് പോയി മീനടുപ്പെത്ത് വെക്കടീ....ബേം ചെല്ലീം ആ”




ഒരു വാക്ക്: ജനിപ്പിച്ച മാതാപിതാക്കള്‍ തന്നെ കൂട്ടിക്കൊടുപ്പുകാരാകുമ്പോള്‍ പെണ്ണായി പിറക്കാന്‍ ഇടവരല്ലേ എന്ന് ഇനിയുള്ള ഭ്രൂണങ്ങള്‍ പ്രാര്‍ത്ഥിക്കുമോ?

സമുദായത്തിനും വേണ്ടേ സ്വന്തം പഴഞ്ചൊല്ലുകള്‍ ?

$
0
0
സ്വസമുദായത്തോടുള്ള സ്നേഹം മുഴുത്ത് നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ മറ്റു സമുദായക്കാര്‍ ചൊല്ലുന്ന പഴഞ്ചൊല്ലുകള്‍ക്ക് പകരമായി സമുദായ പഴഞ്ചൊല്ലുകള്‍ വേണമെന്ന് കാലങ്ങളായി പല സമുദായ സ്നേഹികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തി പുതിയ ചില സമുദായ പഴഞ്ചൊല്ലുകള്‍ വിപണിയിലെത്തിക്കുന്നു!ആവശ്യം വരുമ്പോഴൊക്കെ ഈ പഴഞ്ചൊല്ലുകള്‍ മാത്രം പറഞ്ഞ് സമുദായ സ്നേഹം ഊട്ടിയുറപ്പിക്കൂ!!!

കാട്ട് കോഴിക്കെന്ത് സംക്രാന്തി?
ചാത്തപ്പനെന്ത് മഹ്ഷറ!

അമ്പലത്തേക്കാല്‍ വലിയ പ്രതിഷ്ഠ!
പടച്ചോനേക്കാള്‍ ബല്യ പടപ്പുകള്‍

മിന്നുന്നതെല്ലാം പൊന്നല്ല
തലേക്കെട്ടുള്ളവരെല്ലാം മുസ്ലിയാരല്ല!

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും, ഇല്ലെങ്കില്‍ കൊമ്പത്തും കായ്ക്കില്ല
വേണമെങ്കില്‍ ബാപ്പ സുബഹിക്കും പള്ളിക്ക് പോകും,ഇല്ലെങ്കില്‍ ജുമുഅക്കും പോകില്ല!

ഇല്ലത്തിന്ന് പോരുകേം ചെയ്തു കൊല്ലത്ത് എത്തിയതുമില്ല!
സുന്നിയില്‍ നിന്ന് പോരുകേം ചെയ്തു മുജാഹിദിലാട്ടാ എത്തിയിട്ടുമില്ല!

കാക്ക കുളിച്ചാല്‍ കൊക്കാകുമോ?
മുക്രിക്ക കുളിച്ചാല്‍ ‘ഖത്തീബാവുമോ?

മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി!
പള്ളി ഏതായാലും ‘ചിലവു’ നന്നായാല്‍ മതി.

അണ്ണാന്‍ മൂത്താലും മരം കേറ്റം മറക്കുമോ?
മുസ്ല്യാര് മൂത്താലും കൈമടക്ക് മറക്കുമോ?

ഉപ്പോളം വരുമോ ഉപ്പിലിട്ടത്?
പള്ളിയോളം വരുമോ പള്ളിക്കമ്മറ്റി!


അരിയെറിഞ്ഞാല്‍ ആയിരം കാക്ക!
ബിരിയാണി വിളമ്പിയാല്‍ ആയിരം കാക്കാര്‍ 


ആന ചത്താലും ജീവിച്ചാലും പന്തീരായിരം!
മൊല്ലാക്ക മന്ത്രിച്ചൂത്യാലും വെള്ളം ഊത്യാലും പന്തീരായിരം!




ജാത്സ്യാലുള്ളത് തൂത്താല്‍ പോകുമോ?

തലേലെഴുതീത് മൊല്ലാക്ക മന്ത്രിച്ചൂത്യാ മാറുമോ?



കക്ഷത്തിലുള്ളത് വീഴാനും പാടില്ല ഉത്തരത്തിലുള്ളത് എടുക്കേം വേണം

സുന്നിയില്‍ നിന്നും മാറാനും വയ്യ മുജാഹിദിന്റെ കൂടെ നടക്കേം വേണം


എല്ലിന്‍ തുണ്ടം പോയാലെന്താ പട്ടീടെ സ്വഭാവം മനസ്സിലായല്ലൊ

ബാപ്പ നാല് കെട്ടിയാലെന്താ, നാട്ടാരുടെ സ്വഭാവം മനസ്സിലായല്ലൊ!


ചത്ത കുട്ടീടെ ജാതം നോക്കീട്ട് കാര്യല്ല!

മയ്യത്തായ പോത്തിനെ മൊല്ലാക്ക അറുത്തിട്ടും കാര്യല്ല.




തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.ഇനിയൊരവസരത്തില്‍ തുടരും....

ഒരു പ്രണയത്തിന്റെ ഓർമ്മയ്ക്ക്!!!

$
0
0
ചിലർക്ക് ഇപ്പോഴും ഒരു വിചാരമുണ്ട് ഞാൻ ഗൾഫിലേക്ക് പോയത് പണ്ട് കാലിഫോർണിയക്ക് പോയ ഒരു ചരക്കു കപ്പൽ ദുബായി കടപ്പുറം വഴി തിരിച്ചു വിട്ടപ്പോൾ  അതിൽ നിന്നും ചാടി ഗൾഫിലേക്ക് നീന്തിക്കേറിയതാണെന്ന്!അസൂയ എന്നല്ലാതെ എന്ത് പറയാനാ!  അതിലൊന്നും ഒരു സത്യവുമില്ലെന്നേ!    പണ്ടൊക്കെ ആണ്മക്കളെക്കൊണ്ട് വീട്ടുകാരും  നാട്ടുകാരും പൊറുതിമുട്ടിയിരുന്ന കാലത്ത് അവരെ സത്സ്വഭാവികളാക്കാൻ വേണ്ടി വീട്ടുകാർ പല വഴിപാടുകൾ നടത്തുകയും നേർച്ച നെയ്യത്താക്കുകയുമൊക്കെ ഒരു നാട്ടുനടപ്പായിരുന്നു. അങ്ങിനെയുള്ള ഒരു  കാലഘട്ടത്തിലാണെന്ന്  തോന്നുന്നു  കേരളത്തിൽ ഒരു സിദ്ധൻ പ്രത്യക്ഷപ്പെടുകയും ഇത്തരം ശല്യക്കാരായ ആളുകളെ നാടുകടത്താൻ “ഗൾഫ്” എന്നൊരു രാജ്യം കണ്ടെത്തിയിട്ടുണ്ട് എന്നും, അങ്ങോട്ട് കയറ്റി വിട്ടാൽ പിന്നെ കുറേ കാലത്തിനെങ്കിലും ഒരു ശല്യവുമുണ്ടാകില്ലെന്ന് അരുളുകയും ചെയ്തത്. ദൈവ ക്യപയാൽ അന്നു മുതൽ കേരളത്തിൽ നിന്നും പല ശല്യക്കാരും ഗൾഫിലേക്ക് നാടുകടത്തപ്പെടുകയും പിൽക്കാലത്ത് നന്നാവുകയും ചെയ്തു എന്നാണ് വിശ്വാസം!ആ ‘കാലമാടൻ’  സിദ്ധന്റെ ഒടുക്കത്തെ ആ അരുളപ്പാട് പ്രകാരം ഇന്നും ശല്യക്കാരായ,നാട്ടുകാർക്കും വീട്ടുകാർക്കും പേടിസ്വപ്നമായ പല വില്ലാളി വീരന്മാരും ഗൾഫിലേക്ക് നാടുകടത്തപ്പെട്ട് കൊണ്ടേയിരിക്കുന്നു, ആ സിദ്ധൻ കണ്ടെത്തിയ ‘ഗൾഫിനെ  അങ്ങേയറ്റം ശപിച്ച്കൊണ്ട്. 

ഈ വിശ്വാസം പടർന്ന് പന്തലിച്ച് വാഴക്കോട് എന്ന കൊച്ചു ഗ്രാമത്തിൽ എത്തി എന്നതിന്റെ തെളിവിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈയുള്ളവനും ഗൾഫിൽ എത്തിയത് എന്നാണ് മറ്റൊരു പ്രബലമായ വിശ്വാസം! ഡിഗ്രി പരീക്ഷ എഴുതിത്തീർത്തതിന്റെ ക്ഷീണം മാറും മുമ്പ് തന്നെ എന്നെ ഗൾഫിലേക്ക് നാട്കടത്താൻ വീട്ടുകാർ നേർച്ച നേർന്നു. ആഗ്രഹം അറിയിച്ച് വിസ കച്ചവടം നടത്തുന്ന മഞ്ചേരി അഷറഫ് എന്നയാളെ സമീപിച്ചപ്പോൾ റൊക്കം അൻപതിനായിരം വെച്ചാൽ വിസ റെഡിയാണെന്ന് അറിയിപ്പ് കിട്ടി.പണത്തിനായി വീട്ടുകാർ നെട്ടോട്ടമോടി.എനിക്കാണെങ്കിൽ ഒരു നയാ പൈസ കടമായി ചോദിച്ചാൽ പോലും ആരും തരാനില്ലായിരുന്നു കാരണം കടം വാങ്ങിയാൽ  തിരിച്ച് കൊടുക്കുന്ന ഒരു രീതി എനിക്ക് അന്നു മുതലേ ഇല്ല. ഒന്നും മനഃപ്പൂർവ്വമായിരുന്നില്ല, സാഹചര്യങ്ങളുടെ സമ്മർദത്താൽ  ജീവിതത്തിന്റെ കഠിനമായ കരാള ഹസ്തങ്ങളിൽ പെട്ട് ഉഴലുന്ന എന്റെ കീശയിൽ എവിടുന്നാ കാശ്? തീരെ നിവ്യത്തിയില്ലാതെ വന്നപ്പോൾ ഇലക്ട്രിക് പോസ്റ്റിന്റെ അലുമിനിയം സ്റ്റേ കമ്പി മുറിച്ച് വിറ്റു എന്നൊരു ചെറിയ കാര്യം ഒഴിച്ചു നിർത്തിയാൽ നാട്ടിലെ പെൺപിള്ളാർക്കല്ലാതെ മറ്റാർക്കും ഒരു ശല്യവും ഉണ്ടാക്കാതെ ജീവിച്ച് പോരുകയായിരുന്ന എന്റെ മുന്നിൽ ഒരു ഇടിത്തീ പോലെ വിസ വന്നു വീണു.

ചിറകുകൾ അരിഞ്ഞ് പറക്കാൻ വിട്ട ഒരു കിളിയെപ്പോലെ നിസ്സഹായമായ ഒരു അവസ്ഥയിലേക്ക് വളരെ പെട്ടെന്ന്  ഞാൻ പറിച്ചെറിയപ്പെട്ടു.ഒരു ചെറിയ ഓഫീസിൽ  ചെറിയൊരു   ജോലി, അതിലും ചെറിയ ഒരു ശമ്പളം. അങ്ങിനെയായിരുന്നു തുടക്കം. ഒരു മാസം പിന്നിട്ടപ്പോൾ എന്റെ ജീവിതത്തിലെ ആദ്യത്തെ അദ്ധ്വാനത്തിന്റെ പ്രതിഫലം ശമ്പളം എന്ന പേരിൽ എന്റെ കൈകളിൽ വന്നു വീണു. സത്യത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞ് പോയി. വികാരഭരിതമായ ആ ഒരു നിമിഷത്തെ ഓർത്തല്ല കണ്ണുകൾ നിറഞ്ഞത്,മറിച്ച് ഇതിലും കൂടുതൽ പൈസയാണല്ലോ നാട്ടിലെ കണാരേട്ടൻ വെറും നോക്ക് കൂലിയായി മാത്രം വാങ്ങുന്നതെന്ന സത്യം എന്നെ വല്ലാതെ തളർത്തി.എങ്കിലും പെട്ടെന്നൊരു തിരിച്ച് പോക്ക് സാധ്യമല്ലെന്ന് നാട്ടിലെ കടങ്ങളെക്കുറിച്ചോർത്തപ്പോൾ എനിക്ക് ബോധ്യമായി.അങ്ങിനെ നീണ്ട നാലു വർഷങ്ങൾക്ക് ശേഷം നാട്ടിലൊന്ന് പോയി വരാനും ഒത്താൽ ഒരു കല്യാണം കഴിക്കാനുമൊക്കെ തീരുമാനിച്ച് ഞാൻ ലീവിന് പോകാൻ തീരുമാനിച്ചു.

നാട്ടിലെത്തിയതിന്റെ പിറ്റേ ദിവസം തന്നെ കല്യാണാലോചനകൾ പലരുടേയും നേത്യത്വത്തിൽ തക്യതിയായി നടന്നു.പക്ഷേ എന്റെ ചിന്തകൾ മുഴുവൻ ഷാഹിനയെക്കുറിച്ചായിരുന്നു. തലയിൽ തട്ടമിട്ട്,  ചന്തത്തിൽ കണ്ണെഴുതി, വളരെ സൌമ്യമായി സംസാരിക്കാറുള്ള ഷാഹിന ഡിഗ്രിയ്ക്ക് പഠിക്കുമ്പോഴാണ് ഞങ്ങളുടെ ക്ലാസിൽ വന്നത്.എനിക്കേറെ ഇഷ്ടം തോന്നിയ അവളോട് അതൊന്ന്  തുറന്ന് പറയാൻ ശ്രമിക്കാഞ്ഞത് അന്നത്തെ എന്റെ പരിതാപകരമായ അവസ്ഥ ഒന്നുകൊണ്ട് മാത്രമായിരുന്നു.അവൾക്കും എന്നെ ഏറെ ഇഷ്ടമായിരുന്നെന്ന് ഞാൻ മനസ്സിലാക്കി. ഞങ്ങളുടെ നിശബ്ദ പ്രണയം കോളേജ് അവസാനിച്ചപ്പോൾ സ്വാഭാവികമായി അസ്തമിച്ചു. പിന്നീട് ഗൾഫിൽ നിന്നും അവൾക്കൊരു കത്തയച്ചെങ്കിലും അതിന് മറുപടിയൊന്നും കിട്ടിയില്ല. അവളെക്കുറിച്ചൊന്ന് അന്വേഷിക്കാൻ മനസ്സെന്നെ വല്ലാതെ പ്രേരിപ്പിച്ചു. ഒരു പക്ഷെ ഞാൻ കത്തിൽ ആവശ്യപ്പെട്ട പോലെ എനിക്കായി അവൾ കാത്തിരിക്കുന്നുണ്ടെങ്കിലോ? എന്തായാലും അവളുടെ വീട് വരെ ഒന്ന് പോയി നേരിട്ട് അന്വേഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.

രാവിലെ ഒരു പതിനൊന്ന് മണിയോടെ ഞാൻ ഷാഹിനാടെ വീട്ടിലെത്തി.വീടിന്റെ മുന്നിലെ അരവാതിലിനപ്പുറത്ത് പുറത്തേയ്ക്ക് നോക്കി നിൽക്കുകയായിരുന്നു ഷാഹിനാടെ ഉമ്മ. ഞാൻ അവരുടെ അടുത്തെത്തിയ ശേഷം അവരോട് ചോദിച്ചു,

“ഷാഹിനാടെ വീടല്ലേ ഇത്?”

"അതേ"

“ഷാഹിന ഉണ്ടോ ഇവിടെ?

"അവള് തൂറാൻ പോയിരിക്യാടാ!"

അമ്പലപ്പുഴ പാൽ‌പ്പായസം ഒരു കൊളാമ്പിയിൽ വിളമ്പി കുടിക്കാൻ തന്നപോലെ എന്റെ മുഖമൊന്നു ചുളിഞ്ഞു.ഈ തള്ളയ്ക്ക് ഇത്തിരി നല്ല ഭാഷയിൽ കക്കൂസിൽ പൊയിരിക്കയാണ് എന്ന് പറഞ്ഞൂടെ എന്ന് മനസ്സിൽ കരുതി നിൽക്കുമ്പോൾ അവർ അൽ‌പ്പം ഗൌരവത്തോടെ വീണ്ടും ചോദിച്ചു,

“എന്താ കാര്യം?”

“ഒന്നു കാണാനായിരുന്നു”

"എന്ത് അവള് തൂറണതോ?"

രാവിലെത്തന്നെ വ്യത്തിയായി ചമ്മിയതിന്റെ ജാള്യതയിൽ ഞാൻ ആ തള്ളയയേയും രാവിലെ കണികണ്ടവനേയും മനസ്സിൽ പ്രാവിക്കൊണ്ട് ഞാൻ വളരെ വിനയാന്വിതനായി ഉമ്മയോട് പറഞ്ഞു,
“ഞങ്ങൾ കോളേജിൽ ഒരുമിച്ച് പഠിച്ചതാ.ഞാൻ ഗൾഫിലായിരുന്നു.വന്നപ്പോൾ ഒന്ന് കാണാൻ വന്നതാ”

"എന്നാ ഇങ്ങോട്ട് കയറിയിരിക്ക്.എന്താ നിന്റെ പേര്?"

“മജീദ്”

"എവിടുന്നാ ഇജ്ജ് വരണത്?

“ഞാൻ വാഴക്കോട്ടിന്ന് വരുകയാ”
എന്താന്നറിയില്ല വാഴക്കോട് എന്ന് കേട്ടപ്പോൾ അവർ അൽ‌പ്പം മയപ്പെട്ടു.പക്ഷേ മട്ടും ഭാവവും കണ്ടപ്പോൾ ഒരു സിനിമയിൽ ഫിലോമിന തറവാടേതാന്ന് അന്വേഷിച്ച് കുടിക്കാൻ കൊടുക്കുന്ന സോഫ്റ്റ് ഡ്രിങ്കിൽ ജഗതിയ്ക്ക് ‘വിം’കലക്കിക്കൊടുക്കുന്ന ഒരു രംഗം ഒരു കൊള്ളിമീൻ കണക്കേ മനസ്സിലൂടെ ഒന്ന് മിന്നി.അങ്ങിനേയൊന്നും സംഭവിക്കില്ലാ എന്ന് കരുതി ഞാൻ അവരോട് വീണ്ടും ചോദിച്ചു,

“അല്ലാ ഷാഹിന താമസിക്യോ?

"എന്ത് പോഴത്തരാ ഇയ്യ് പറയണത്? കക്കൂസിലാരെങ്കിലും താമസിക്യോ? അവളടെ തൂറലും പാത്തലും കഴിഞ്ഞാ അവളിങ്ങ് വരും”

ഒരു ബൊഫോർസ് തോക്ക് കിട്ടിയിരുന്നെങ്കിൽ ഒറ്റ വെടിയ്ക്ക് ആ തള്ളയെ മയ്യത്താക്കിയേനെ എന്ന് മനസ്സിൽ കരുതിയതും അവർ അതീവ ഗൌരവത്തോടെ എന്നെ നോക്കിക്കൊണ്ട് ചോദിച്ചു,

“നീയാണോടാ ഷാഹിനാക്ക് പ്രേമലേഖനം അയച്ചത്?”

ഞാനൊന്ന് ഞെട്ടി!പടച്ചോനെ കത്ത് അയച്ചത് ഇനി ഇവർക്കാണോ കിട്ടിയിട്ടുണ്ടാവുക?പറ്റ് കൊടുക്കാതെ മുങ്ങി നടന്ന് ഒടുവിൽ കാന്റീൻ കാരന്റെ മുന്നിൽ ചെന്ന് പെട്ടപ്പോഴും ഇത്രയും ഭീകരമായ ഒരു അവസ്ഥയുണ്ടായിട്ടില്ല.പെട്ടെന്നേന്തേങ്കിലും പറഞ്ഞ് ഇവരുടെ ശ്രദ്ധ മാറ്റാൻ ഞാനൊരു ശ്രമം നടത്താൻ തീരുമാനിച്ചു.ഞാൻ അവരുടെ ചോദ്യത്തിന് ഉത്തരമൊന്നും പറയാതെ അവരോട് അങ്ങോട്ട് ഒരു ചോദ്യം ചോദിച്ചു,

“ ഷാഹിനാടെ ബാപ്പ ഇവിടില്ലേ? പുറത്തേയ്ക്കൊന്നും കണ്ടില്ല!“
അത് കേട്ടതും അവരുടെ ഭാവം മാറി,കണ്ണുകൾ നിറഞ്ഞു,പിന്നീടതൊരു പൊട്ടിക്കരച്ചിലായി.അവർ കരഞ്ഞ് കൊണ്ട് അകത്തേയ്ക്ക് പോയി.ഷാഹിനാടെ ബാപ്പ മരിച്ചിട്ടുണ്ടാകുമെന്ന് ഞാൻ മനസ്സിലാക്കി.ചോദിക്കേണ്ടിയിരുന്നില്ല എന്ന് മനസ്സിൽ തോന്നിയെങ്കിലും മകൻ മരിച്ചാലും മരുമകളുടെ കണ്ണീർ കാണാൻ പറ്റിയല്ലോ എന്നാശ്വസിക്കുന്ന പോലെ അവരുടെ ചോദ്യത്തിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാനിരുന്നു.അൽ‌പ്പം കഴിഞ്ഞപ്പോൾ ഷാഹിന ഉമ്മറത്തേയ്ക്ക് വന്നു.

“മജീദേ, നീയായിരുന്നോ? എന്നാടാ നീ വന്നത്? നീ വല്ലാതെ തടിച്ചു ട്ടോ, എത്ര ലീവുണ്ടെടാ?”

“മൂന്ന് മാസം ലീവുണ്ട്, നീയും വല്ലാതെ തടിച്ചിട്ടുണ്ട് ട്ടോ”

“നിന്റെ പാട്ടൊക്കെ ഇപ്പോഴും ഉണ്ടോ? കോളേജ് ഡേയ്ക്ക് നീ പാടിയ ആ പാട്ട് ഞാൻ എപ്പോഴും ഓർക്കും”

“പാട്ടൊക്കെ ഗൾഫിൽ പോയതോടെ തീർന്നു. ബാത്ത് റൂമിൽ പോലും ഒന്ന് മൂളാൻ പറ്റില്ല.അപ്പോ കൊട്ടാൻ തുടങ്ങും കൂട്ടുകാർ”

“ആഹാ പ്രോത്സാഹിപ്പിക്കാൻ കൂട്ടുകാരുണ്ടായിട്ടാണോ പാട്ടൊക്കെ ഉപേക്ഷിച്ചത്?”

“കൂട്ടുകാർ കൊട്ടുന്നത് പ്രോത്സാഹിപ്പിക്കാനല്ല, ബാത്രൂമിന്ന് പെട്ടെന്ന് ഇറങ്ങാനാ,ഒരു റൂമിൽ തന്നെ എട്ടും ഒൻപതും പേരല്ലേ,എല്ലാവർക്കും ജോലിക്ക് പോകാനുള്ളതല്ലേ.അതൊക്കെ പറയുകയാണെങ്കിൽ ഒത്തിരിയുണ്ട്, അതൊക്കെ പോട്ടെ ഞാൻ നിനക്കൊരു കത്തയച്ചിരുന്നു. മറുപടിയൊന്നും കണ്ടില്ല”

“ഹും കത്തൊക്കെ കിട്ടി. നിനക്ക് അങ്ങിനെയൊരു മോഹമുണ്ടായിരുന്നെന്ന് പഠിക്കുന്ന കാലത്ത് ഒരിക്കൽ പോലും നീ പറഞ്ഞില്ലല്ലോടാ.നിന്റെ കത്ത് കിട്ടുമ്പോൾ വല്ലാതെ വൈകിപ്പോയിരുന്നു. ഉമ്മാടെ കയ്യിലാണ് കത്ത് കിട്ടിയത്,പിന്നെ ബാപ്പയറിഞ്ഞു, മേലാൽ ഒരു കത്തിടപാടും ഉണ്ടാവരുതെന്ന് സത്യം ചെയ്യിപ്പിച്ചു.അതോണ്ടാണ് നിനക്കൊരു മറുപടി പോലും അയക്കാഞ്ഞത്. പിന്നെ അപ്പോഴേക്കും കല്യാണം ഉറപ്പിച്ചിരുന്നു.വിധിച്ചതല്ലേ നടക്കൂ കൊതിച്ചത് നടക്കാറില്ലല്ലോ.ഇപ്പോൾ എല്ലാം തീർന്നു”

“നീ എന്താ എല്ലാം തീർന്നു എന്ന് പറഞ്ഞത്?”

“കല്യാണവും കഴിഞ്ഞു, ഇടവാടും തീർത്തു. ആറ് മാസം മാത്രം നീണ്ട ഒരു ദാമ്പത്യം.”

“നീ സത്യമാണോ പറയുന്നത് ഷാഹിനാ? എന്താടാ സംഭവിച്ചത്?’

“വളരെ സുമുഖനായ ഒരു ചെറുപ്പക്കാരൻ! അവൻ ഞങ്ങളെ വഞ്ചിക്കുകയായിരുന്നു.ആറ് മാസം കൊണ്ട് സ്വർണ്ണവും പണവുമൊക്കെ അവൻ ബുദ്ധിപൂർവ്വം കൈക്കലാക്കി.അവന് വേറേയും ഭാര്യമാർ ഉണ്ടായിരുന്നത്രേ. എല്ലാം അറിഞ്ഞപ്പോഴേക്കും ഞങ്ങൾക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടിരുന്നു”

അൽ‌പ്പ നേരം അവിടെ മൌനം തളം കെട്ടി നിന്നു. മൌനം ഭംഞ്ജിച്ച് കൊണ്ട് അകത്ത് നിന്നും അവളുടെ ഉമ്മ ഉമ്മറത്തേയ്ക്ക് വന്നുകൊണ്ട് എന്നോട് വളരെ ഗൌരവത്തിൽ ചോദിച്ചു,

“ടാ നീ ഷാഹിനാനെ പെണ്ണ് കാണാൻ വന്നതാ? നിനക്കവളെ കെട്ടിക്കൂടേടാ?”

ഞാൻ എന്ത് പറയണമെന്നറിയാതെ വിഷമിച്ചു.ഞാൻ  ഷാഹിനായെ നോക്കി.അവൾ  ദ്വേഷ്യത്തോടെ  ഉമ്മയുടെ നേർക്ക് തിരിഞ്ഞു ,

“ഉമ്മാ, അകത്തേയ്ക്ക് പോ, ആ റൂമിൽ പോയി ഇരിക്ക് ഹും പോ”

അവളുടെ ആജ്ഞ ഒരു കൊച്ചു കുട്ടിയെപ്പോലെ അവളുടെ ഉമ്മ അനുസരിച്ച് അകത്തേയ്ക്ക് പോയി. ഷാഹിന എന്നെ നോക്കി,

“സോറി ടാ,നീ ഒന്നും കാര്യമാക്കേണ്ട.എല്ലാം കൊണ്ടും പടച്ചവൻ എന്നെ പരീക്ഷിച്ച് കൊണ്ടിരിക്കയാണ്. എന്റെ ജീവിതം നശിച്ചതിന്റെ വിഷമത്തിൽ  ബാപ്പ ഏറെ ദുഃഖത്തിലായിരുന്നു. ഡൈവേർസ് കഴിഞ്ഞ് അധികം കഴിയുന്നതിന് മുമ്പ് ബാപ്പ എന്റെ കാര്യം ഓർത്ത് ഹ്യദയം തകർന്നാണ് മരിച്ചത്.ബാപ്പാടെ മരണം ഉമ്മാനെ ആകെ തളർത്തി. അതിന് ശേഷം ഉമ്മാക്ക് മാനസികമായി സുഖമില്ലാതെയായി. കുറേ ചികിത്സിച്ചു. ഒന്നും ഫലം കണ്ടില്ല. പിന്നെ സാമ്പത്തികമായി ബുദ്ധിമുട്ടായപ്പോൾ ചികിത്സയൊക്കെ നിർത്തി.ആ കഥകളൊന്നും പറഞ്ഞാൽ തീരില്ല”

“കൂടെ പഠിച്ചിരുന്നവരിൽ ആരേയും പിന്നെ കണ്ടില്ലേ?”

“ആരേയും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി.എന്റെ വിധി ഞാൻ തന്നെയല്ലേ അനുഭവിച്ച് തീർക്കേണ്ടത്. അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെടാ. സംസാരിച്ചിരുന്ന് നിനക്കൊരു ചായ പോലും തന്നില്ലല്ലോ. പാലില്ലെടാ,ഒരു  കട്ടനെടുക്കട്ടെ?

“വേണ്ട, ഞാൻ ഇറങ്ങട്ടെ ഷാഹിനാ,നിനക്ക് പണം വല്ലതും വേണോടാ?ഞാൻ കുറച്ച് പണം തരട്ടെ?”

“വേണ്ടടാ,ഒന്നും വേണ്ടാ, നിന്നെ കണ്ടത് തന്നെ മനസ്സിന് വലിയ സന്തോഷം, നീ ഇറങ്ങാൻ വരട്ടേടാ, നീ എന്റെ മോളെ കണ്ടില്ലല്ലോ? നീ ഇരിക്ക് ഞാൻ അവളെ എടുത്തിട്ട് വരാം.ഇന്ന് നേഴ്സറി ഇല്ലാത്തോണ്ട് അവൾ എഴുനേറ്റിട്ടില്ല”

അവൾ അകത്ത് പോയി രണ്ട് വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുഞ്ഞുമായി എന്റെ മുന്നിലേക്ക് വന്നിട്ട് പറഞ്ഞു,

 “ഇതാടാ എന്റെ മോൾ, ഫാത്തിമ!“

“മോൾക്ക് കൊടുക്കാൻ ഒരു മിഠായി പോലും വാങ്ങിയില്ലല്ലോ”

“സാരമില്ല,അവൾക്കതൊന്നും ശീലമില്ല”

ആ കൊച്ചു മിടുക്കി ഉറക്കച്ചടവിൽ കണ്ണുകൾ തിരുമ്മിക്കൊണ്ട് എന്നെ നോക്കിക്കൊണ്ട്  ഷാഹിനാട് ചോദിച്ചു,“ ഉമ്മച്ചീ ഇതാണോ എന്റെ വാപ്പച്ചി?”

ആ ചോദ്യത്തിനു മുന്നിൽ ഞങ്ങളുടെ ചിരി മങ്ങി,എങ്കിലും ഒരു ക്യത്രിമ ചിരി വരുത്തിക്കൊണ്ട് ഷാഹിന, “ഇത് ഉമ്മച്ചീടെ ഫ്രന്റാ, മോൾടെ വാപ്പച്ചി ഗൾഫിലല്ലേ? മോൾടെ വാപ്പച്ചിയോട് വേഗം വരാൻ ഉമ്മച്ചി ഈ ഫ്രന്റിനോട് പറഞ്ഞിട്ടുണ്ട് ട്ടോ!മോൾടെ വാപ്പച്ചി വേഗം വരും. എന്ന് അവളെ സമാധാനിപ്പിച്ച് കൊണ്ട് അവളുടെ കവിളിൽ ഷാഹിന മെല്ലെ ചുംബിച്ചു.

ഞാൻ യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഷാഹിന എന്റെ അടുത്ത് വന്ന് കൊണ്ട് ചോദിച്ചു,

“നീയായത് കൊണ്ട് ചോദിക്യാ,ഗൾഫില് വല്ല അറബികളുടെ വീട്ടില് അടുക്കളപ്പണിക്കുള്ള വല്ല വിസയും തരപ്പെടുത്തിത്തരാൻ നിനക്ക് പറ്റുമോടാ?ബുദ്ധിമുട്ടാവില്ലെങ്കിൽ നിനക്കൊന്ന് ശ്രമിക്കാമോ?

അതിനുത്തരമായി ഞാനൊന്ന് മൂളി. അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.ഒരു മഴ പെയ്തെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിച്ചു,കാരണം ആ മഴയത്ത് മനസ്സിലെ സങ്കടം മാറുന്നത് വരെ ഒന്ന് പൊട്ടിക്കരഞ്ഞ് നടന്നാലും എന്റെ കണ്ണുനീർ ആരും കാണില്ലല്ലോ എന്ന് സമാധാനിച്ചു.അൽ‌പ്പം കഴിഞ്ഞില്ല,എന്നെ ആശ്വസിപ്പിക്കുമാറ് ഒരു മഴത്തുള്ളി എന്റെ നെറുകിൽ വന്ന് ചുംബിച്ചു, പിന്നീടതൊരു പെരുമഴയായി മാറി. ഞാനാമഴയിൽ ഏറെ നേരം നനഞ്ഞു!മനസ്സിലെ സങ്കടം മുഴുവൻ മഴത്തുള്ളികൾ ഏറ്റ്വാങ്ങി ഭൂമിയിലേക്ക് അലിഞ്ഞ് ചേർന്നു!


പഞ്ചകര്‍മ്മ പുരാണം - ഭാഗം ഒന്ന്

$
0
0
ഇതൊരു പുരാണമാണ്,സാക്ഷാല്‍ പഞ്ചകര്‍മ്മ പുരാണം. ഇതിവിടെ തുടങ്ങി ഒരു മെഗാ സീരിയല്‍ പോലെ നീണ്ട് വളര്‍ന്ന് എവിടെച്ചെന്ന് അവസാനിക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല, എങ്കിലും ഇതിനൊരു അവസാനമുണ്ട് എന്നതാണ് ഈ പുരാണത്തിന്റെ ആദ്യ പ്രത്യേകത.ഈ പുരാണത്തെക്കുറിച്ച് ആധികാരികമായി പറയുകയാണെങ്കില്‍ ബൈ ദി ബൈ അങ്ങിനെയൊന്നില്ല. ഇത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വണ്‍ സ് അപോണ്‍ എ റ്റൈം ഫുഡ്ബോള്‍ കളിക്കാന്‍ പോയി ഡിസ്ക് തെറ്റിയ ഒരു കഥനിങ്ങള്‍ കേട്ടിരുന്നല്ലൊ! ഒരു കണക്കിന് പറഞ്ഞാല്‍ ഈ പുരാണം അതിന്റെ ഒരു തുടര്‍ച്ചയാണ്. പിന്നീട് ഞാന്‍ അന്നുഭവിച്ച ഒരു മാസത്തെ ആശുപത്രി ജീവിതം! ചെറുതുരുത്തിയിലെ കേന്ദ്ര സര്‍ക്കറിന്റെ കീഴിലുള്ള പഞ്ചകര്‍മ്മ അയുര്‍വേദിക് റിസര്‍ച്ച് സെന്റര്‍,‘പഞ്ചകര്‍മ്മ’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന  ആയുര്‍വേദ ആശുപത്രിയിലാണ് സംഭവ ബഹുലമായ ഈ പുരാണം അരങ്ങേറുന്നത്. ഇനി കുറച്ച് ദിവസത്തേയ്ക്ക് ഞാന്‍ നിങ്ങളെ പഞ്ചകര്‍മ്മയിലേക്ക് ക്ഷണിക്കുന്നു.സ്വാഗതം... പഞ്ചകര്‍മ്മയിലേക്ക്.... പഞ്ചകര്‍മ്മ പുരാണത്തിലേക്ക്!

കുറുപ്പിന്റെ ഉഴിച്ചല്‍ ചികിത്സ കൊണ്ടും എന്റെ പരിപൂര്‍ണ്ണമായ റെസ്റ്റ് കൊണ്ടും ഞാന്‍ പൂ‍ര്‍വ്വാധികം ശക്തിയായി ഉയിര്‍ത്തെഴുന്നേറ്റു.പിന്നീടവിടന്ന് എല്ലാ കാര്യത്തിനും ചക്കക്കൂ‍ട്ടാന്‍ കണ്ട ഗ്രഹണിപ്പിള്ളാരെപ്പോലെ ഒരാര്‍ത്തിയായിരുന്നു.നീട്ടി വെച്ചിരുന്ന കല്യാണ സല്‍ക്കാരങ്ങളും വിരുന്നുകളും തകൃതിയായിത്തന്നെ പുനരാരംഭിച്ചു.ഞാന്‍ റെസ്റ്റിലാണെന്ന് കരുതി വിരുന്ന് വിളിക്കാന്‍ മറന്നവരെ അങ്ങോട്ട് വിളിച്ച് വിരുന്നിന് എത്താമെന്ന് അറിയിച്ചു. വിരുന്ന് തരാതെ അവര്‍ക്കൊരു വൈക്ലഭ്യം വേണ്ട എന്ന് കരുതി മാത്രം!അല്ലാതെ വിരുന്ന് സദ്യയോര്‍ത്ത് കൊതിയായിട്ടൊന്നുമല്ല എന്ന് നിങ്ങള്‍ക്ക് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു.ഒടുവില്‍ എല്ലാ സുഖ സൌഭാഗ്യങ്ങള്‍ക്കും അവധി പറഞ്ഞ് കൊണ്ട് ഞാന്‍ തിരിച്ച് ഗള്‍ഫിലേക്ക് പറന്നു.എയര്‍പോര്‍ട്ടില്‍ നിന്നും പലവട്ടം തിരിച്ച് വീട്ടിലേക്കോടിപ്പോകാന്‍ മനസ്സ് പറഞ്ഞെങ്കിലും സുരക്ഷിതമായ ഒരു ഭാവിയെയോര്‍ത്ത് എല്ലാം സഹിച്ചു,ക്ഷമിച്ചു.

തുടര്‍ന്ന് ഒരഞ്ച് വര്‍ഷക്കാലം ഒരു സാധാ ഗള്‍ഫ്കാരനെപ്പോലെ മുന്നോട്ട് നീങ്ങി.കുറുപ്പിന്റെ ചികിത്സയുടെ ഗ്യാരണ്ടി പതിയെ തീര്‍ന്ന് വരുന്ന പോലെ എനിക്ക് തോന്നി.എനിക്ക് ശക്തമായ പുറം വേദന ആരംഭിച്ചു.എവിടേയും അഞ്ച് മിനിറ്റില്‍ കൂടുതല്‍ ഇരിക്കാന്‍ വയ്യാത്ത അവസ്ഥ. മൂലക്കുരു ഉള്ളവര്‍ക്ക് മാത്രമല്ല പുറം കടച്ചില്‍ ഉള്ളവര്‍ക്കും ഇരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് അന്ന് ഞാ‍ന്‍ മനസ്സിലാക്കി.ഗള്‍ഫിലെ സര്‍വ്വരോഗ സംഹാരിയായ ‘പനഡോളിന്’ പോലും എന്റെ വേദനയെ അല്‍പ്പം പോലും കുറക്കാ‍നായില്ല.വേദന ഓരോ ദിവസം ചെല്ലുന്തോറും അസഹ്യമായിക്കൊണ്ടിരുന്നു.ചങ്ങലക്കുറിയില്‍ ആളുകള്‍ ചേരുന്ന പോലെ എന്റെ പുറം വേദനയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് കൂടുതല്‍ അവയവങ്ങള്‍ വേദനയില്‍ പങ്ക് കൊണ്ടു. അതില്‍ ആദ്യം കാലുകളായിരുന്നു,പിന്നെ കൈകള്‍.ചുരുക്കിപ്പറഞ്ഞാല്‍ വേദനകളുടെ ഒരു ഹോള്‍സെയില്‍ കേന്ദ്രമായി എന്റെ ശരീരം മാറിക്കൊണ്ടിരിക്കുകയായിരുന്നു.

ജോലിയില്‍ തുടരാന്‍ നിര്‍വാഹമില്ലാത്തത് കൊണ്ടും ചികിത്സ തീരും വരെ ലീവ് തരാവില്യാന്ന് അര്‍ബാബ് അസന്നിഗ്ദമായി പ്രഖ്യാപിച്ചത് കോണ്ടും ഞാന്‍ ജോലി രാജിവെച്ച് ചികിത്സാര്‍ത്ഥം നട്ടിലേക്ക് മടങ്ങി.ഫുട്ബോള്‍ കളിച്ച് മെസിയും റൂണിയുമെല്ലാം കൈനിറയെ സമ്പാദിക്കുമ്പോള്‍ എനിക്കെന്റെ ആകെയുണ്ടായിരുന്ന ജോലി ഫുഡ്ബോ‍ള്‍ കളിച്ചത് കൊണ്ട്  നഷ്ടപ്പെടുത്തേണ്ടി വന്നു.ഫുഡ്ബോളിനെ അന്ന് ഞാനേറെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും  മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

ചികിത്സാര്‍ത്ഥം ആദ്യം എത്തിയത് ത്യശൂരിലെ മെട്രോപൊളീഷന്‍ ആശുപത്രിയിലായിരുന്നു. അവിടത്തെ എല്ലുരോഗ വിദഗ്ദന്‍ എന്റെ ഡിസ്കടക്കമുള്ള ഭാഗാങ്ങളുടെ മൂന്ന് വ്യത്യസ്ത എക്സ് റേ പടം  എടുപ്പിച്ചു. അതയാളത് തിരിച്ചും മറിച്ചും നോക്കി. ഞാനും കാര്യമായിത്തന്നെ നോക്കി. എനിക്കതില്‍ കാര്യമായ കുഴപ്പമൊന്നും കാണാന്‍ കഴിഞ്ഞില്ല!ഡോക്ടര്‍ പക്ഷേ അതിലെന്തെങ്കിലും കുഴപ്പം കണ്ടേ അടങ്ങൂ എന്ന ഭാവത്തില്‍ മൂന്ന് എക്സ് റേ ഷീറ്റിലും മാ‍റിമാറി നിരീക്ഷിച്ച് കൊണ്ടിരിക്കയാണ്. പിന്നെ എന്തെങ്കിലും കുഴപ്പം കണ്ടെത്തിയില്ലെങ്കില്‍ എക്സ് റേ എടുക്കാന്‍ ചിലവാ‍യ പണം വ്യഥാവിലാകുമല്ലോ എന്ന് ഞാനും കരുതി.അല്‍പ്പം കഴിഞ്ഞില്ല ഡോക്ടര്‍ ഒരു തീരുമാനത്തിലെത്തിയ പോലെ പറഞ്ഞു,

“ഒരു ചെറിയ കുഴപ്പമുണ്ട്”

എനിക്കാശ്വാസമായി എക്സ് റേ എടുത്ത കാശ് മുതലായി! ഡോക്ടര്‍ എക്സ് റേ ഷീറ്റില്‍ ഒരു പോയിന്റില്‍ തൊട്ട് കാണിച്ച് കൊണ്ട് പറഞ്ഞു,

“ദാ ഇവിടെ ഡിസ്കിനടുത്തുള്ള നട്ടെല്ലിന്റെ കശേരുക്കളില്‍ ഒരു ഗ്യാപ്പുണ്ട്.അത് വികാസം പ്രാപിക്കുന്നത് കൊണ്ടാണ് വേദന വരുന്നത്,ഈ ഗ്യാപ്പ് ആയിരത്തില്‍ ഒരാള്‍ക്കേ കാണൂ.ജന്‍മനാ ഉണ്ടാകുന്നതാ, പേടിക്കാനൊന്നുമില്ല!”

ജന്മനാ ഗ്യാപ്പോ? ഇനി അത് വല്ല ജനറേഷന്‍ ഗ്യാപ്പ് വല്ലതുമാണോ? ജന്മനാ അന്ധന്‍, മൂകന്‍ എന്നൊക്കെ കേട്ടിട്ടുണ്ട് ഇപ്പോ ഇതാ‍ ‘ജന്മനാ ഗ്യാപ്പും‘! കലികാലം തന്നെ!ഞാന്‍ മനസ്സില്‍ ഓര്‍ത്തു. ഓര്‍ത്തോ ഡോക്ടര്‍ എനിക്കുള്ള പരിഹാര കര്‍മ്മങ്ങള്‍ ഉരുവിട്ടു തുടങ്ങി.

“‍ഞാനൊരു ബെല്‍റ്റിന് എഴുതിത്തരാം,അതൊരു മൂന്ന് മാസം കെട്ടണം”

 നാട്ടില്‍ വീതിയുള്ള പച്ച ബെല്‍റ്റ് കെട്ടി നടക്കുന്ന എല്ലാവരേയും പോലെ ഞാനും ബെല്‍റ്റ് കെട്ടി നടക്കുന്നത് വെറുതെ ഒന്നോര്‍ത്തു. ഓര്‍ത്തോ തുടര്‍ന്നു,

“മൂന്നു മാസം കൊണ്ട് കുറവില്ലെങ്കില്‍ പിന്നെ ഒരു ഓപ്പറേഷന്‍ നടത്തേണ്ടി വരും, എന്തായാലും ബെല്‍റ്റ് കെട്ടി നോക്കൂ”

ഓപ്പറേഷന്‍ എന്ന് കേട്ടപ്പോള്‍ എന്റെ ചങ്കൊന്ന് പിടച്ചു.ഞാന്‍ വീണ്ടും ഫുഡ്ബോളിനെ വെറുത്തു, പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

പിന്നീട് ഓര്‍ത്തോ കല്പിച്ച ബെല്‍റ്റ് കണ്ട് ഞാന്‍ ഞെട്ടി!പച്ച ബെല്‍റ്റിന്റെ നാലിരട്ടി വീതി! റെസ്ലിങ്ങുകാര്‍ക്ക് സമ്മാനമായി കിട്ടാറുള്ളത്രയും പോന്ന ബെല്‍റ്റ്!വീതിയുള്ള ഭാഗം പിന്നിലോട്ടാക്കിയിട്ട് വേണം കെട്ടാനെന്ന് മാത്രം!ആദ്യ ദിവസം ബെല്‍റ്റ് കെട്ടിയപ്പോള്‍ ശരിക്കും ഫ്രീസറില്‍ നിന്നും എടുത്ത കോഴിയെപ്പോലെയായിരുന്നു ഞാന്‍! സ്റ്റെഡി വടി! നില്‍ക്കാനും ഇരിക്കാനും കിടക്കാനുമെല്ലാം ഭയങ്കര ബുദ്ധിമുട്ട്, മാത്രമല്ല ഉള്ള വേദന പോരാഞ്ഞ് ബെല്‍റ്റ് കെട്ടിയതിന്റെ ഒടുക്കത്തെ വേദന വേറെയും!ബെല്‍റ്റിട്ടുകൊണ്ട് മുന്നൊട്ടുള്ള ഒരു  ജീവിതം സാധ്യമല്ലെന്ന്  ഞാന്‍  തിരിച്ചറിഞ്ഞു.ഇങ്ങനെ വേദന സഹിക്കുന്നതിലും നല്ലത് ഓപ്പറേഷനാ‍ണെന്ന് ഞാന്‍ പ്രഖ്യാപിച്ചു.എല്ലാവരുടെ മുഖത്തും മ്ലാനത പരന്നു. ഓപ്പറേഷന്‍ ഒഴിവാക്കിക്കൊണ്ടുള്ള മാറ്റു സാധ്യാതകള്‍ ഓരോരുത്താരും അന്വേഷിച്ച് കൊണ്ടിരുന്നു.ഇപ്പോള്‍ വീട്ടില്‍ എല്ലാവരും കൂട്ടത്തോ‍ടെ ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.പക്ഷെ മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.

നാട്ടിലുള്ള സകല തണ്ടല്‍ വേദന,പുറം വേദന,കൈമുട്ട് വേദന കാല്‍ മുട്ട് വേദന തുടങ്ങി അസുഖമുള്ളവരുടേയും എന്തിനധികം കടയില്‍ നിന്നും കളരി മര്‍മ്മാണി തൈലം വാങ്ങുന്നവരുടെ വരെ അസുഖ വിവരങ്ങളും ചികിത്സാ മുറകളും,അനുവര്‍ത്തിച്ച ചികിത്സാ രീതിയും എന്ന് വേണ്ട വയറിന്റെ ശോധനയുടെ വരെ കാനേഷുമാരി എടുക്കപ്പെട്ടു.അതിന്റെ ആകെത്തുക്കയായി ആയുര്‍വേദമാണ് നല്ലതെന്നും അതല്ല അയുര്‍വേദമല്ലേ നല്ലതെന്നും അതല്ല ആയുര്‍വേദം മാത്രമാണ് നല്ലതെന്നുമുള്ള അവസാന തീരുമാനത്തിലെത്തി.ആ തീരുമാന പ്രകാരമാണ് വള്ളത്തോളിന്റെ നാട്ടിലുള്ള ‘പഞ്ചകര്‍മ്മയില്‍’ എന്നെ കൊണ്ട് ചെന്നെത്തിച്ചത്.

പഞ്ചകര്‍മ്മയെക്കുറിച്ച് പറയുകയാണെങ്കില്‍ ചില പാചക റാ‍ണികള്‍ ഒരു സാധനം കൊണ്ട് ഒരായിരം വിഭവങ്ങള്‍ ഒരുക്കുന്നത് പോലെ ആയുര്‍വേദം കൊണ്ട് ഏതൊക്കെ രോഗങ്ങളെ ഭേതമാക്കാന്‍ കഴിയും എന്ന് റിസര്‍ച്ച് ചെയ്യുന്ന ഒരു കേന്ദ്രം കൂടിയാണ് പഞ്ചകര്‍മ്മ.ആയുര്‍വേദത്തില്‍ ചെയ്യാന്‍ കഴിയുന്ന എല്ലാ ചികിത്സയും അവിടെ ലഭ്യമായിരുന്നു.അങ്ങിനെ ഒരു ദിവസം രാവിലെ ഞാന്‍ ഉമ്മയോടൊപ്പം പഞ്ചകര്‍മ്മയുടെ പടി കടന്ന് ഓ.പിയില്‍ എന്റെ ഊഴം കാത്ത് ‍ ക്യൂ നിന്നു.

ഓര്‍ത്തോ ഡോക്ടര്‍ എടുപ്പിച്ച എക്സ് റേ ഷീറ്റുകളുമായി ഞാന്‍ ഡോക്ടറുടെ മുന്നില്‍ ഇരുന്നു.അദ്ദേഹം മരുന്ന് ചീട്ടില്‍ എന്തോ കുറിച്ച ശേഷം എന്താ‍ പ്രശ്നം എന്ന ഭാവേന എന്നെ നോക്കി. ഞാന്‍ രോഗ വര്‍ണ്ണന തുടങ്ങി,

“നട്ടെല്ലിന് ഒരു ഗ്യാപ്പ്, അത് വികാസം പ്രാപിക്കുന്നത് കൊണ്ട് ഭയങ്കര പുറം വേദന!”

“നട്ടെല്ല്ലിന് ഗ്യാപ്പോ?“ ഡോക്ടര്‍ ഞെട്ടിയെന്ന് തോന്നുന്നു. അദ്ദേഹം ചിരിച്ച് കൊണ്ട് എന്റെ കയ്യില്‍ നിന്നും ആ എക്സ് റേ ഷീറ്റ് വാങ്ങി നോക്കിയ ശേഷം ചിരിവിടാ‍തെ ചോദിച്ചു,

“ഗ്യാപ്പാണെന്ന് ആരാ പറഞ്ഞത്? ഗ്യാപ്പൊന്നുമല്ലടോ! എന്തെങ്കിലും ശക്തമായി പുറകില്‍ വന്ന് ഇടിച്ചതായി ഓര്‍ക്കുന്നുണ്ടോ?”

പെണ്ണുമ്പിള്ള കുനിച്ച് നിര്‍ത്തി മുതുകത്ത് പഞ്ചാരിമേളം കൊട്ടിയിട്ടുണ്ടോ എന്നാണോ ചോദിക്കുന്നതെന്ന് ഞാന്‍ ഒരു നിമിഷം ചിന്തിച്ചു!എന്നാലും ശക്തമായി ഇടികിട്ടാന്‍ തക്ക കാരണമുണ്ടായതായി ‍ ഓര്‍മ്മവന്നില്ല.ഫുഡ്ബോള്‍ കളിക്കുമ്പോള്‍ ഡിസ്ക് തെറ്റിയതും അത് പിന്നെ കുറുപ്പ് ഉഴിഞ്ഞ് ശരിയാക്കിയതും ഞാന്‍ വിവരിച്ചു.

ഡിസ്ക് തെറ്റി ഉഴിഞ്ഞ കഥ കേട്ടപ്പോള്‍  ഡോക്ടര്‍ക്ക് എന്റെ രോഗത്തിന്റെ ടെക്നിക്ക് പിടികിട്ടിയെന്ന് തോന്നുന്നു.അന്നത്തെ ഉഴിച്ചിലില്‍ പിഴവ് സംഭവിച്ചത് കൊണ്ടാണ് വീണ്ടും വേദന വന്നതെന്നും ഒരു മാസത്തെ ചികിത്സയും അത്രയും ദിവസത്തെ നല്ല്ലരിക്കയും (റെസ്റ്റ്) കൊണ്ട് ശരിയാകുമെന്നും ഡോക്ടര്‍ പറഞ്ഞു.ഞങ്ങള്‍ക്ക് ആശ്വാസമായി. രണ്ട് ദിവത്തിനു ശേഷം അഡ്മിറ്റ് ആവാനുള്ള തയ്യാറെടുപ്പോടെ വരാന്‍ പറഞ്ഞ് ഡോക്ടര്‍ ഞങ്ങളെ യാത്രയാക്കി.

പുതിയ സ്കൂളില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടിയെപ്പോലെ ഞാന്‍ സന്തോഷത്തിലായിരുന്നു.രണ്ട് ദിവസത്തിന് ശേഷം പഞ്ചകര്‍മ്മയില്‍ അഡ്മിറ്റാകാനുള്ള തയ്യാറെടുപ്പുകള്‍ രാവിലെ  തന്നെ തുടങ്ങി. ആശുപത്രിയില്‍ സഹായത്തിന് ഉമ്മ വരാമെന്നേറ്റു. അവസാനമാ‍യി ലീവിന് വന്ന് പോകുമ്പോള്‍ ഞാന്‍ ഭാര്യക്ക് കൊടുത്ത ഒരു അപ്ലിക്കേഷന്‍ അവള്‍ ഫയലില്‍ സ്വീകരിച്ച്  സത്വര നടപടിയെന്നൊണം അന്നേയ്ക്ക് ആറ് മാസം പഴക്കമുള്ള ഗര്‍ഭിണിയായിരുന്നു.അത് കൊണ്ട് തല്‍ക്കാ‍ലം ആശുപത്രിയിലെ സഹായത്തിന് അവള്‍ വരേണ്ടതില്ല എന്ന തീരുമാനം മുഖം കറുപ്പിച്ച് കൊണ്ട് അവള്‍ അംഗീകരിച്ചു.ആ കാലത്ത് സാധാ‍രണ ആശുപത്രിയിലേക്ക് പ്രസവത്തിന് പോകുമ്പോള്‍ മാത്രമേ ഇത്തരം തയ്യാറെടുപ്പോടെ പോകാറുണ്ടായിരുന്നുള്ളൂ‍. ഏതാണ്ട് അതേ ഒരു ഒരുക്കത്തോടെ ഞാനും ഉമ്മയും പഞ്ചകര്‍മ്മയില്‍ അഡ്മിറ്റാവാന്‍ വീട്ടില്‍ നിന്നും ഇറങ്ങി.ഞങ്ങളുടെ വാഹനം അകലെ മറയുന്നത് വരെ എല്ലാവരും പ്രാര്‍ത്ഥനകളോടെ നോക്കി നിന്നു.ഭാര്യയുടെ കണ്ണുകളില്‍ നനവു പടര്‍‍ന്നിരുന്നു.

ഞങ്ങളുടെ വാഹനം മുള്ളൂര്‍ക്കര വഴി അധികം അകലേയല്ലാത്ത ചെറുതുരുത്തിയിലെ പഞ്ചകര്‍മ്മയെ ലക്ഷ്യമാ‍ക്കി നീങ്ങി!

തുടരും..........

അളിയന്‍ ജോക്കുകള്‍!!

$
0
0

സര്‍ദാര്‍ ജോക്കുകളും ടിന്റുമോന്‍ ജോക്കുകളും നമ്മള്‍ ആവോളം ആസ്വദിച്ചല്ലോ.ആ ശ്രേണിയിലേക്ക് ഞാന്‍ പുതിയൊരു ജോക്ക് കൂടി പരിചയപ്പെടുത്തുകയാണ്. ഇത് ചിലപ്പോള്‍ ഒരു ട്രെന്‍ഡായി മാറിയാലോ? ലോകത്തിലെ ഞാനടക്കമുളള സകലമാന അളിയന്മാര്‍ക്കും ഞാനീ “അളിയന്‍ ജോക്ക്സ്” ഡെഡിക്കേറ്റ് ചെയ്യുന്നു.

അളിയനും ചെയിഞ്ചും

‎"അളിയാ ഒരു ഹണ്ട്രഡ് മണ്ണീസിന് ചെയിഞ്ച് ഉണ്ടോ?

“അയ്യോ അളിയാ എന്റെ കയ്യ്യില്‍ അഞ്ഞൂറിന്റെ നോട്ടാണല്ലോ”

“ഈ അളിയന്റെ ഒരു കാര്യം! നൂറ് ചോദിച്ചാ അപ്പൊ അഞ്ഞൂറ് എടുത്ത് തരും!”

അളിയനും വിരുന്നും

‎"അളിയാ പെങ്ങളെയും കൂട്ടി അടുത്താഴ്ച വരണം.വിരുന്ന് കഴിഞ്ഞിട്ട് പോകാം”

“അതിനെന്താ അളിയാ ഞങ്ങള്‍ രണ്ടാഴ്ച അവിടെ താമസിച്ചേ മടങ്ങൂ”

“അളിയാ ഞാന്‍ ആഴ്ച എന്ന് പറഞ്ഞത് ഞായറാഴ്ച മാത്രമേ ഉദ്ധേശിച്ചുള്ളൂ

അളിയനും ഷോപ്പിങ്ങും

“അളിയാ എന്താ കയ്യിലൊരു പൊതി? ഷോപ്പിങ് കഴിഞ്ഞ് വരുവാണോ?”

“എനിക്കൊരു ഷര്‍ട്ട് വാങ്ങിയതാ അളിയാ“

“സന്തോഷമായി അളിയാ, എന്റെ ഷര്‍ട്ടിന്റെ സൈസ് വരെ അളിയന്‍ ക്യത്യമായി മനസ്സിലാക്കിയല്ലോ! കള്ളന്‍!”

അളിയനും പുതിയ കാറും

“അളിയോ പുതിയ കാറൊക്കെ വാങ്ങിച്ചോ,ആ ചാവി ഒന്ന് തന്നേ ഓട്ടി നോക്കട്ടെ”

“അളിയനതിന് ഡ്രൈവിങ് അറിയില്ലല്ലോ?”

“ഞാന്‍ മരിക്കണം, അളിയന് കാറുള്ളപ്പോ പുറത്ത് പോയി ഡ്രൈവിങ് പഠിക്കാന്‍! അളിയനെ മോശാക്കീട്ടുള്ള ഒരു കാര്യോം എനിക്കില്ല അളിയാ!”

അളിയനും സിനിമയും

“അളിയാ മമ്മൂട്ടിയുടെ പുതിയ പടം റിലീസുണ്ട്. പോയാലോ?”

“മമ്മൂട്ടിക്കുണ്ടോ അഭിനയിക്കാനറിയുന്നു.കത്തി പടമാവും, ഞാനില്ല!”

“രണ്ട് ബാല്‍ക്കണി ടിക്കറ്റ് കിട്ടിയിട്ടുണ്ട്,എന്നാല്‍ ഞാന്‍ കൂട്ടുകാരനെ കൂട്ടിക്കോളാം”

“ബാല്‍ക്കണി ടിക്കറ്റാണെങ്കില്‍ പറയണ്ടേ,ഞാനും വരാം.എന്ത് മാത്രം അവാര്‍ഡ് കിട്ടിയ മനുഷ്യനാ മമ്മൂട്ടി!”

അളിയനും ജോലിയും

“അളിയാ ഒരു അയ്യായിരം രൂപയൊന്ന് മറിക്കാനുണ്ടാവോ? ശമ്പളം കിട്ടിയാല്‍ തിരിച്ച് തരാം”

“ശമ്പളം കിട്ടാന്‍ അളിയന് ജോലി വല്ലതും ഉണ്ടോ?

“കരിനാക്ക് വളക്കാതെ അളിയാ, ‘ശ്രമിച്ചാ‘ കിട്ടാത്ത ജോലിയുണ്ടോ? ഈ അളിയന്റെ ഒരു കാര്യം!”

അളിയനും പോലീസും

“ഹലോ..അളിയാ.. എന്നെ പോലീസ് പിടിച്ചു അളിയാ”

“അളിയനിപ്പോ എവിടേയാ നില്‍ക്കുന്നത്?”

“അതറിയാമെങ്കില് എന്നെ പോലീസ് പിടിക്യോ അളിയാ?”

അളിയനും സ്മോളും

“അളിയാ മക്കളാണേ സത്യം. ഞാനൊരു തുള്ളി അടിക്കില്ല”

“ഒരു ഗള്‍ഫ്കാരന്‍ തന്നതാ,സ്കോച്ചാ..ജോണീവാക്കര്‍”

“മക്കള്‍ക്ക് സത്യം തിരിച്ചറിയാനുളള പ്രായമാവാത്തോണ്ട് മാത്രാ ഞാനിത് കഴിക്കുന്നത് അളിയാ,സത്യം!”

അളിയനും കല്യാണവും


“അളിയന്‍ വന്നത് നന്നായി, കല്യാണത്തിനൊരു പോത്തില്ലാതെ ഇരിക്യായിരുന്നു”

“അളിയന്‍ എന്താ ഉദ്ധേശിച്ചത്?”

“അല്ല അളിയനാകുമ്പോള്‍ നല്ല പോത്തിനെ കണ്ടാല്‍ അറിയാലോ!“

********************************************************************************************************
(“അളിയന്‍‍ ജോക്ക്സ്“ മറ്റൊരവസരത്തില്‍ തുടരും)

പഞ്ചകര്‍മ്മ പുരാണം - ഭാഗം രണ്ട്

$
0
0
ഞങ്ങളുടെ കാര്‍ പത്തരയോടെ പഞ്ചകര്‍മ്മയുടെ ഗേറ്റ് കടന്ന് ഒരു മാവിന്‍ ചുവട്ടിലെ തണലിലേക്ക് ഒഴുകി നിന്നു.അഡ്മിഷന് വേണ്ടി ഓഫീസിന് മുന്നില്‍ അല്‍പ്പ നേരം നില്‍ക്കെണ്ടി വന്നെങ്കിലും പിന്നീട് സജി എന്ന ചെറുപ്പക്കാരന്‍ ഇടപെട്ട് കാര്യങ്ങള്‍ വളരെ വേഗം ശരിയാക്കിത്തന്നു.ഓഫീസില്‍ നിന്നും ഒരു സ്റ്റീല്‍ കിണ്ണവും(പ്ലേറ്റ്) ഒരു സ്റ്റീല്‍ ഗ്ലാസും എനിക്കനുവദിക്കപ്പെട്ടു. ഇനി മുതല്‍ ഞാന്‍ അവിടെ അറിയപ്പെടുക “ബെഡ് നമ്പര്‍ 17“ എന്നാണെന്ന് സജി പറഞ്ഞപ്പോള്‍ വെളുത്ത കുപ്പായത്തിന്റെ പോക്കറ്റിന്റെ ഭാഗത്ത് കറുത്ത അക്കത്തില്‍ 17 എന്ന് എഴുതിയ യൂണിഫോം ഉണ്ടാകുമോ എന്ന് വെറുതെ ഞാനൊന്ന് ഭയപ്പെട്ടു.

പഞ്ചകര്‍മ്മയുടെ കോമ്പൌണ്ട് നിറയെ മാവടക്കമുള്ള വന്‍ മരങ്ങളായിരുന്നു.എന്റെ വരവ് അറിയിക്കാന്‍ മാവിന്റെ വലത്തോട്ട് ചാഞ്ഞ ഇടത്തേ കൊമ്പ് പൊട്ടി വീഴുകയോ, വന്‍ കാറ്റടിച്ച് അപ്പൂപ്പന്‍ താടികള്‍ മാനത്ത് വട്ടമിട്ട് പറക്കുയോ ഉണ്ടായില്ല, എന്നാല്‍ മാവിന്റെ ചില്ലയില്‍ ഇരുന്ന ഇണക്കാക്കളില്‍ ഒന്ന് നടത്തിയ വെണ്‍പുഷ്പവ്യഷ്ടി തലനാരിഴയ്ക്ക് തെക്കോട്ട് മാറി ഭൂമിയില്‍ പതിച്ചു.തന്റെ കണക്ക് കൂട്ടല്‍ തെറ്റിയ ഒരു ജാള്യത ആ കാക്കയുടെ  അന്നത്തെ ഉറക്കം കെടുത്തിയിട്ടുണ്ടാവണം.

ഓഫീസ് കെട്ടിടത്തിന്റെ ഇടത് ഭാഗത്തുള്ള കെട്ടിടത്തിലാണ് പുരുഷന്മാരുടെ വാര്‍ഡ് എന്ന് അറിഞ്ഞതിന്‍ പ്രകാരം ഞാനും ഉമ്മയും കാ‍റില്‍ നിന്നും ബാക്കി സാധനങ്ങള്‍ കൂടി എടുത്ത് ആ കെട്ടിടത്തിലേക്ക് നടന്നു.വരാന്തയിലേക്ക് എത്തിയപ്പോള്‍ അങ്ങേ തലയ്ക്കല്‍ അഞ്ചാറാളുകള്‍ തോര്‍ത്ത് മുണ്ടുടുത്ത് വരിവരിയായി നില്‍പ്പുണ്ടായിരുന്നു. ഉമ്മാടെ വീടിനടുത്തെ ഇല്ലത്തെ നമ്പൂരിമാര്‍ വീട്ടില്‍ ഇതുപോലെ തോര്‍ത്തും താഴേക്ക് നീണ്ട് കിടക്കുന്ന കൌപീനവുമണിഞ്ഞ് നില്‍ക്കാറുള്ളത് മനസ്സില്‍ തെളിഞ്ഞു വന്നു.കാരണം അവിടെ നില്‍ക്കുന്നവരില്‍ ചിലരുടെ തോര്‍ത്തിനു താഴെ കോണകവള്ളി കാറ്റില്‍ ആടിയുലയുന്നുണ്ടായിരുന്നു. എന്റെ സംശയം ഉമ്മയോട് പറഞ്ഞു,
“കണ്ടാ നമ്പൂരിമാര്‍ കൂട്ടത്തോടെ  ആശുപത്രീല് വന്ന് കിടക്കണത് കണ്ടാ? ക്ഷയം ക്ഷയം!”

“പിന്നേപ്പോ, ഇക്കണ്ട നമ്പൂരിമാര്‍ക്ക് ഒന്നിച്ച് ക്ഷയരോഗം വര്വേ? നിന്റെ ഒരു പോയത്തം, മിണ്ടാണ്ട് നടക്കടാ” ഉമ്മ നയം വ്യക്തമാക്കി. 

“അയ്യോ ഉമ്മാ ക്ഷയരോഗമാണ് എന്നല്ല. ഈ നമ്പൂരി ഇല്ലങ്ങളൊക്കെ നശിച്ചതിന് കാരണമാ‍യി പറയാറില്ല്ലേ സുകൃതക്ഷയം സുകൃതക്ഷയം എന്ന്! ഞാനതാ ഉദ്ദേശിച്ചത്”
ഉമ്മാടെ പ്രതികരണം തല്‍ക്കാലം ഒരു ഗൌരവം കലര്‍ന്ന ചിരിയിലൊതുങ്ങി!ഭാഗ്യം.

വരാന്ത അവസാനിക്കുന്നതിന് മുന്‍പായി ഇടത് ഭാഗത്തും വലതുഭാഗത്തുമായി രണ്ട് വാര്‍ഡുകള്‍. ഞങ്ങള്‍ നേരെ ഇടത് ഭാഗത്തെ വാര്‍ഡിലേക്ക് കയറി.വീണ്ടും ഇടത്തോട്ട് തിരിഞ്ഞാല്‍ രണ്ടാമത്തെ ബെഡ്ഡായിരുന്നു എന്നെ കാത്ത് കിടക്കുന്ന മധുരപ്പതിനേഴാം ബെഡ്! ഞങ്ങള്‍ വരുന്നത് അന്തേവാസികള്‍ അറൈവല്‍ ടെര്‍മിനലില്‍ നിന്നും യാത്രക്കാര്‍ ഇറങ്ങി വരുന്നത് പ്രതീക്ഷയോടെ നോക്കി നില്‍ക്കും പോലെ ഞങ്ങളെയും  നോക്കുന്നുണ്ടായിരുന്നു.  ഞങ്ങള്‍ കട്ടിലിനടുത്ത് വന്ന് സാധനങ്ങളെല്ലാം കട്ടിലിന്റെ സൈഡിലുണ്ടായിരുന്ന ഇരുമ്പിന്റെ ഒരു കൊച്ചു അലമാരയില്‍ വെച്ചു. ബെഡില്‍ പുതിയ ഷീറ്റ് വിരിച്ച് ഞാനതില്‍ കയറിക്കിടന്നു.ഉമ്മ അടുത്ത ബെഡിനടുത്ത് നിന്നിരുന്ന സ്ത്രീയുമായി നയതന്ത്രചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞിരുന്നു.

അച്ചടക്കമില്ലാത്ത ഒരു ക്ലാ‍സ് റൂം പോലെയാ‍ണ് എനിക്കാ വാര്‍ഡ് അനുഭവപ്പെട്ടത്.ചിലര്‍ കട്ടിലില്‍ ഇരിക്കുന്നു,മറ്റുചിലര്‍ കിടക്കുന്നു, ചിലര്‍ കട്ടിലിനടുത്തുള്ള നാല്‍ക്കാലികളില്‍ ഇരിക്കുന്നു. ചില ബെഡുകള്‍ കാലിയായി കിടക്കുന്നു. വാര്‍ഡിലാകെ തൈലത്തിന്റേയും അരിഷ്ടത്തിന്റേയും ഗന്ധമുണ്ടായിരുന്നെങ്കിലും അത് പക്ഷേ അത്ര രൂ‍ക്ഷമുള്ളതായിരുന്നില്ല്ല.ഫാനിന്റെ കറക്കം കണ്ടപ്പോള്‍ അതിന്റെ ഡിസ്കിനും കാര്യമായ എന്തോ തകരാറുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.ഞാനങ്ങിനെ ഫാനും നോക്കിക്കൊണ്ട് നെടുവീര്‍പ്പിട്ട് കീടക്കുമ്പോള്‍ ഇടത്തെ ബെഡില്‍ നിന്നും ഒരു ശബ്ദം എന്നെത്തേടിയെത്തി.ഞാനാ ശബ്ദത്തിന് നേരെ തിരിഞ്ഞു. കാഴ്ചയില്‍ ഒരമ്പത് വയസ് തോന്നിക്കും, മെലിഞ്ഞ ശരീരം.അല്‍പ്പം ചിരികലര്‍ത്തിക്കൊണ്ടാണ് ചോദ്യം,
“എന്താ അസുഖം?”

പുറം വേദന എന്ന് പറഞ്ഞാല്‍ ഒരു വെയിറ്റ് കിട്ടിയില്ലെങ്കിലോ എന്നോര്‍ത്ത് എനിക്ക് തണ്ടല്‍ വേദനയാണെന്ന് പറഞ്ഞു.അല്പ നേരത്തെ മൌനത്തിന് ശേഷം അയാള്‍ തുടര്‍ന്നു,

“എവിട്യാണ് വീട്?”

“ഇവിടെ അടുത്താ വാഴക്കോട്, നിങ്ങള്‍ എവിടുന്നാ?”

“ഞാന്‍ പാലക്കാടാണ്, തത്തമംഗലം”
തനി പാലക്കാടന്‍ ശൈലിയില്‍ അയാളുടെ നീട്ടിയുള്ള സംസാരം എനിക്കിഷ്ടപ്പെട്ടു.അയാള്‍ സംസാരിക്കാന്‍ ഒരു ഇരയെ കിട്ടിയ സന്തോഷത്തില്‍ കൂടുതല്‍ വാചാലനായി.

“ഇപ്പഴത്തെ ചെറുപ്പക്കാര്‍ക്കൊന്നും പണ്ടത്തെ ചെറുപ്പക്കാരുടത്രേം ആരോഗ്യം ഇല്ല.കാല്യാണം കഴിഞ്ഞാ പിറ്റേ ദിവസം തുടങ്ങും തണ്ടല്‍ വേദന”

അതെനിക്കിട്ട് താങ്ങീതാണോ എന്ന് വരെ ഞാന്‍ സംശയിച്ചു.എങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അയാളോട് ചോദിച്ചു,
“എന്താ നിങ്ങടെ അസുഖം?“

“എനിക്ക് തണ്ടല്‍ വേദന തന്നെ. പക്ഷേ കല്യാണത്തിന് മുന്‍പ് തുടങ്ങീതാ,കല്യാണം കഴിഞ്ഞപ്പോള്‍ അത് കൂടി,കുറേ ചികിത്സ നടത്തി.അവസാനാ ഇവിടെ എത്തീത്,ഇപ്പോ കുറവുണ്ട്,നല്ല കുറവുണ്ട്”

എനിക്ക് സത്യത്തില്‍ ചിരി വന്നു.ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കൂട്ടത്തില്‍ അയാളേയും പെടുത്താന്‍ ഞാന്‍ പാട് പെട്ടു.എങ്കിലും തണ്ടല്‍ വേദനയെ ഞാന്‍ വെറുത്തു,പിന്നെ ശപിച്ചു,പക്ഷേ പാലക്കാട്ട് കാരന്റെ ആ നിഷ്കളങ്കത എനിക്കിഷ്ടമായിരുന്നു.

സംസാരത്തിനിടയില്‍ പുറത്ത് ബക്കറ്റില്‍ കൊട്ടുന്ന ശബ്ദം കേട്ടു.ഏതോ ഹതഭാഗ്യന്‍ ബാത്ത് റൂ‍മിലെ വെള്ളം കഴിഞ്ഞത് കൊണ്ട് കൊട്ടുകയാണെന്നാണ് ഞാന്‍ കരുതിയത്.ഞാന്‍ സംശയ രൂപേണ പാലക്കാട്ട്കാരനെ നോക്കി.

“അത് ശാപ്പാട് വന്നതാണ്! ആ പാത്രം കൊണ്ട് പോയി വാങ്ങിക്കോളീന്‍...” അയാള്‍ നീട്ടിപ്പറഞ്ഞു.
ഉമ്മ രണ്ട് പാത്രങ്ങളുമാ‍യി വരാന്തയിലേക്ക് പോയി. പുറത്ത് പാത്രങ്ങളുടെ കലപില കൂട്ടലുകള്‍ എന്റെ ശാപ്പാട് സ്വപ്നങ്ങളെ ഉണര്‍ത്തി.ഇനിയുള്ള ഒരു മാസക്കാലം ശുദ്ധ വെജിറ്റേറിയനായി കഴിയണമല്ലോ എന്ന ചിന്ത എന്നെ അലട്ടാതിരുന്നില്ല.എങ്കിലും ചോറും സാമ്പാ‍റും പപ്പടവുമെല്ലാമുള്ള ഒരു മിനി ഊണ് കൊണ്ട് തല്‍ക്കാലം പൊരുത്തപ്പെട്ട് പോകാമെന്ന് മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ച് കൊണ്ടിരുന്നു.

ആ സമാ‍ധാനത്തിന്റെ ആയുസ്സ് ഉമ്മ തിരിച്ച് വന്നതോടെ തീര്‍ന്നു.ഇനി എന്ത് പറഞ്ഞ് മനസ്സിനെ സാന്ത്വനപ്പെടുത്തും എന്നൊരു ആധിയായിരുന്നു പിന്നീട്! കാരണം ഉമ്മ കൊണ്ട് വന്ന പാത്രത്തില്‍  നല്ല ആവി പറക്കുന്ന കഞ്ഞിയും,  ഫുഡ്ബോളിനെപ്പോലെ ഞാന്‍ വെറുക്കുന്ന കാബേജ് തോരനും!ഇതിനെ ശാപ്പാടെന്ന ഓമനപ്പേരിട്ട് വിളിച്ച പാലക്കാട്ട്കാരനെ ഞാന്‍ ദയനീയമായി നോക്കി! പക്ഷേ അയാളുടെ നിഷ്കളങ്കത എനെ ഹഠാതാകര്‍ഷിച്ചു.

കഞ്ഞിബ്രേക്ക് ആയപ്പോഴേക്കും എല്ലാ ബെഡിലും ആളുകള്‍ എത്തി.ഇപ്പോള്‍ ഒരു ബെഡ് പോലും കാലിയില്ല.ഹൌസ് ഫുള്‍!എക്സിബിഷന്‍ ഹാളില്‍ വെച്ച വസ്തുവിനെപ്പോലെ എല്ലാവരും എന്നെ നോക്കുന്നുണ്ട്. എല്ലാവരേയും വഴിയെ പരിചയപ്പെടാമല്ലൊ എന്നോര്‍ത്ത് ഞാന്‍ ഒരു തണ്ടല്‍ വേദനക്കാരന്റെ സകല ഭാവാഭിനയത്തോടും ഗൌരവത്തോടും കൂടി കിടന്നു.ഉച്ചയുറക്കം അവിടെ നിഷിദ്ധമായിരുന്നു.ചികിത്സയുടെ ഭാഗമെന്നോണം ആര് ഉറങ്ങിയാലും തൊട്ടടുത്തുള്ള ബെഡിലുള്ള ആള്‍ക്കാണ് ഉറങ്ങുന്നവനെ ഉണര്‍ത്തേണ്ട ഉത്തരവാദിത്വം.ഒന്ന് രണ്ട് തവണ ഞാന്‍ കണ്ണടച്ച് ചിന്തിക്കുകയാണെന്ന് പറഞ്ഞിട്ടും പാലക്കാട്ടെ തത്തമംഗലത്ത്കാരന്‍ വിശ്വാസിച്ചില്ല, എങ്കിലും അയാളുടെ നിഷ്കളങ്കത എനിക്കിഷ്ടമായിരുന്നു.

നാലുമണിയോടെ ഡോക്ടര്‍ രണ്ട് ലേഡി നേര്‍സ്മാരോടൊപ്പം റൌണ്ട്സിനു വന്നു. അവര്‍ ഓരോരുത്തരുടെയും ബെഡിനരികെ ചെന്ന് ചികിത്സയുടെ ഫലങ്ങള്‍ ചോദിച്ച് മനസ്സിലാക്കുകയായിരുന്നു. ചിലര്‍ കൈ ഉയര്‍ത്തിക്കാണിക്കുന്നു,ചിലര്‍ കാലുകള്‍,മറ്റു ചിലര്‍ പുറം തിരിഞ്ഞ് നിന്ന് മുതുകും പുറവും കാണിക്കുന്നു,ചിലര്‍ കഴുത്ത് കാണിക്കുന്നു, അവിടെയെല്ലാം ഡോക്ടര്‍ തൊട്ട് നോക്കുകയും ഉപദേശങ്ങള്‍ നല്‍കൂകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ കൂ‍ട്ടത്തില്‍ ആര്‍ക്കും മൂലക്കുരുവിന്റെ അസുഖം ഉണ്ടാവരുതേ എന്ന് ഞാന്‍ ഒരു കാര്യവുമില്ലാതെ ആഗ്രഹിച്ചു.അവസാനം എന്റെ ഊഴമായി.ഞാന്‍ തിരിഞ്ഞ് നിന്ന് പുറം കാണിക്കണോ എന്ന് ചിന്തിച്ചതും ഡോക്ടര്‍ പറഞ്ഞു,

“പുതിയ അഡ്മിഷനല്ലെ, നാളെ മുതല്‍ ചികിത്സ ആരംഭിക്കാം”

പിന്നെ നേഴ്സ്മാരോടാ‍യി എന്തൊ തൈലം കുറിക്കാനായി പറഞ്ഞ് അദ്ദേഹം അടുത്ത ബെഡിനരികിലേക്ക് നടന്നു.നേഴ്സ് ഒരു ലിസ്റ്റ് തന്നു,അതില്‍ രണ്ട് തൈലങ്ങളുടെ പേര്‍ കുറിച്ചിരുന്നു.അത് പുറത്ത് നിന്നും വാങ്ങാന്‍ പറഞ്ഞ് തള്ളക്കോഴിയുടെ പിന്നാലെ കോഴിക്കുഞ്ഞുങ്ങള്‍ പോകുന്നത് പോലെ അവര്‍ ഡോക്ടറുടെ പിന്നാലെ പോയി.ഞാന്‍ വീണ്ടും ബെഡിലേക്ക് കയറിക്കിടന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ സജി വന്നു.

“അതേയ് കുറച്ച് സാധനങ്ങള്‍ വാങ്ങിക്കണം“
അതിനെന്താ വാങ്ങാമല്ലോ എന്ന് ഞാന്‍

“നാളെ മുതല്‍ കിഴി പിടിക്കണം”

അത് കേട്ടപ്പോള്‍ എന്റെ മനസ്സ് നിഷ്കളങ്കമായാത് കൊണ്ട് മാത്രം ഞാനൊന്ന് ചിരിച്ചു.അത് കണ്ടപ്പോള്‍ സജിക്ക് കാര്യം മനസ്സിലായെന്ന് തോന്നുന്നു,സജി പ്രതികരിച്ചു,

“ന്തൂട്ടാ നീ ചിരിക്കണേ? ഇലക്കിഴി നടത്തേണ്ട കാര്യാ പറഞ്ഞേ,കിഴി കെട്ടാന്‍ രണ്ട് കിഴിത്തുണി  വാങ്ങണം പിന്നെ രണ്ട് അരഞ്ഞാണോം!”

“അരഞ്ഞാണോ?“ എനിക്കത്ഭുതമായി ഞാന്‍ സജിയോട് പറഞ്ഞു
“ഇത്തിരി നേരത്തെ അറിയായിരുന്നെങ്കില്‍ വീട്ടില്‍ വെല്ലിമ്മാടെ വെള്ളി അരഞ്ഞാണം ഉണ്ടായിരുന്നു, അത് കൊണ്ടുവരാമായിരുന്നു!”

സജിക്ക് ദ്വേഷ്യം വന്നെന്ന് തൊന്നുന്നു,
“നീയെന്തിട്ടാ ഈ പറേണത്? അരഞ്ഞാ‍ണം എന്ന് പറഞ്ഞത് കോണകം! മനസ്സിലായാ?

ഇപ്പോള്‍ എല്ലാം എനിക്ക് കുറേശെ മനസ്സിലായി. തോര്‍ത്ത് മുണ്ട്,കോണകം,നമ്പൂരിമാര്‍, വരിവരിയായി നില്‍ക്കല്‍ എല്ലാം ഒരു ചിത്രം കണക്കെ മനസ്സില്‍ കൂടി മിന്നിമറഞ്ഞു.ഇപ്പോള്‍ ഞാന്‍ ശരിക്കും ഫുഡ്ബോളിനെ വെറുത്തു,പിന്നെ ശപിച്ചു.എങ്കിലും മെസിയേയും റൂണിയേയും മറഡോണയേയുമെല്ലാം എനിക്കിഷ്ടമായിരുന്നു.


തുടരും....

സുപ്രമണി‬ കഥകള്‍

$
0
0

നീണ്ട അഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സുപ്രമണി ലീവിന് നാട്ടിലെത്തിയത്.അറബിയുടെ വീട്ടിലെ പണിക്കാരനായത് കൊണ്ട് സംസാ‍ാരത്തില്‍ അറബി കടന്ന് കൂടുന്നത് സ്വാഭാവികമായിരുന്നു. നാട്ടിലെ ക്ഷേത്രോത്സവത്തിന്റെ അന്ന് മുന്തിയ സ്പ്രേയടിച്ചും മുഖത്തൊരു കണ്ണാടയും ഫിറ്റ് ചെയ്ത് സുപ്രമണി ക്ഷേത്രത്തിലെ ശ്രീകൊവിലില്‍ തന്നെ കയറി തൊഴാന്‍ തീരുമാനിച്ചു.കണ്ണിന് കുളിര്‍മയേകുന്ന തരുണീമണികളെ കണ്ട് ഏത് ദേവിയെ തൊഴണമെന്ന് ശങ്ക സുപ്രുവിനുണ്ടായി.
അപ്രതീക്ഷിതമായാണ് സുപ്രു തന്റെ കൂട്ടുകാരന്‍ രാജുവിനെ അമ്പലത്തിനകത്ത് വെച്ച് കാണുന്നത്.പരിസരം മറന്ന് സുപ്രു രാജുവിനോട്:“അസ്സലാമു അലൈക്കും, ഡാ കൈഫഹാലക്കല്ലേ?”
പിന്നെ സുപ്രു കുറേ നേരത്തിന് നിലത്തായിരുന്നില്ല. ഭക്തരുടെ നീണ്ട കരഘോഷം സുപ്രുവിനെ അവശനാക്കി. ആദ്യ ഘട്ടം ഒരു വിധം ഒതുങ്ങിയപ്പോള്‍ ഒരു ഭക്തന്‍ സുപ്രുവിനോടായി ചോദിച്ചു,”നിനക്കെങ്ങിനെ ധൈര്യം വന്നെടാ ഹിന്ദുക്കളുടെ അമ്പലത്തില്‍ കയറാന്‍? ജീവന്‍ വേണങ്കി സ്ഥലം വിട്ടോ”
ഭക്തരുടെ കരഘോഷത്തിനു ശേഷം സുപ്രുവിന്റെ പല ശരീര ഭാഗങ്ങളും തടി കൂടി വന്നു. വേദന ഉള്ളിലൊതുക്കി സുപ്രു ഭക്തനെ അരികിലേക്ക് വിളിച്ച് കൊണ്ട് പറഞ്ഞു,


“വള്ളാഹി ഞാന്‍ ഹിന്ദുവാണ്“

പിറ്റേ ദിവസം സുപ്രുവിന്റെ ശവമടക്ക് നടന്നു!

സുപ്രമണി കഥകള്‍ - 2

$
0
0
ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടിലെത്തിയ സുപ്രമണി അമ്മയ്ക്കും സഹോദരിക്കും ഡ്രസ്സ് എടുക്കാനായി ഒരു തുണിക്കടയില്‍ കയറി. ഒരു ഗള്‍ഫുകാരന്റെ ലുക്കില്‍ ഒട്ടും കോമ്പ്രമൈസ് ചെയ്യാനാകാത്ത കൂളിങ് ഗ്ലാസും അതിനൊത്ത വേഷഭൂഷാതികളുമായി കടയിലെത്തിയ സുപ്രു അവിടെ നിന്നിരുന്ന ചേച്ചിയോടാ‍യി പറഞ്ഞു,

“ചേച്ചീ പാന്റീസും ബ്രേസിയറുമൊക്കെ ഒന്ന് കാണിച്ചു തരുമോ?”

“ഠേ”
സുപ്രുവിന്റെ കണ്ണിലൂടെ പൊന്നീച്ച പറന്നു,കൂളിങ് ഗ്ലാസ് അത്ക്കും മേലെ. ഒരു വിധം ലെവലായപ്പോള്‍ സുപ്രമണി ദയനീയമായി ചേച്ചിയോട് പറഞ്ഞു,
“ചേച്ചീ കണ്ടാലല്ലേ നല്ല ബ്രാന്‍ഡാണോന്ന് അറിയുള്ളൂ,എന്നിട്ടല്ലേ വാങ്ങാന്‍ പറ്റൂ? അതിനിങ്ങനെ തല്ലണോ?”

കലിപ്പ് തീരാത്ത ചേച്ചി പല്ലിറുക്കിക്കൊണ്ട് സുപ്രുവിനോടായി പറഞ്ഞു,
“തനിക്ക് ഷെഡ്ഡീം ബോഡീം വേണേല്‍ പോയാ സെയിത്സ് ഗേളിനോട് ചോദിക്കടോ, ചേച്ചിയാത്രേ,ഞാന്‍ ചേട്ടനാടോ എരപ്പേ!”

സുപ്രുമണിയെ പിന്നെ കടയില്‍ ആരും കണ്ടവരില്ല!!

സുപ്രമണി കഥകള്‍ - 3

$
0
0
ആദ്യമായി സുപ്രമണി ഗള്‍ഫില്‍ നിന്നും ലീവിന് നാട്ടില്‍ വന്ന ദിവസത്തെ ഒരു പുലര്‍കാലം. കുഴല്‍കിണര്‍ മാത്രമുള്ള വീട്ടില്‍ ടാങ്കില്‍ വെള്ളം തീര്‍ന്നതും പെട്ടെന്ന് കറണ്ട് പോകുകയും ചെയ്തതിനാല്‍ ശൗച്യാലയകൃത്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സുപ്രമണി പപ്പുവിന്റെ കല്ലിഞ്ചന്‍ പോലെ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ നീങ്ങാനാവാതെ വെള്ളത്തിനായി ഓളിയിട്ടു. കറന്റ് വരാതെ ഒരു തുള്ളി വെള്ളം കിട്ടാനില്ലെന്ന് മനസ്സിലാക്കിയ സുപ്രമണി ശൌച്യാലയത്തില്‍ നിന്നും ഗത്യന്തിരമില്ലാതെ കുറച്ച് പേപ്പറിനായി വിളിച്ച് പറഞ്ഞു. ശൌച്യാലയത്തില്‍ നിന്നുള്ള ചങ്ക് പൊട്ടിയ ആ വിളി കേട്ട് സുപ്രമണിയുടെ സഹോദരി അടുക്കളയില്‍ നിന്നും ഒരു തുണ്ട് ന്യൂസ് പേപ്പര്‍ സുപ്രമണിക്കു ചാനലില്‍ ‘ഇപ്പോള്‍ കിട്ടിയ വാര്‍ത്ത‘ കൊടുക്കും പോലെ വാതിലിനടിയിലൂടെ കൊടുത്തു.

അധികം വൈകാതെ ചങ്ക് തകര്‍ന്ന സുപ്രമണിയുടെ നെലോളി കേട്ടാണ് സഹോദരി സൌച്യാലയ വാതിലിന്റെ മുന്നില്‍ നിന്ന് “എന്ത് പറ്റി ഏട്ടാ“ എന്ന് സൌമ്യമായി ചോദിച്ചത്. ഉള്ളില്‍ നിന്നും സുപ്രമണി ആക്രോശിക്കുകയായിരുന്നു.
“നീ എന്ത് പേപ്പറാടീ എനിക്ക് തന്നത്?”

“അത് തങ്കമ്മേടെ വീട്ടിന്ന് മുളക് പൊടി കൊണ്ട് വന്നതാ എന്തേ?“

“എടീ മൂദേവീ ശൌച്യാലയത്തിലിരുന്ന് പേപ്പറ് ചോദിക്കുമ്പോഴെങ്കിലും മുളക്പൊടിയില്ലാത്ത പേപ്പറ് തന്നൂടെടീ? കഴുകാനാണെങ്കി തുള്ളി വെള്ളം പോലുമില്ലല്ലോ ദൈവമേ..”

“അതിപ്പോ മൂട് തുടക്കാനാണെന്ന് ഞാനറിഞ്ഞോ?”

“നിന്ന് കിണുങ്ങാണ്ട് പോയി വെളിച്ചെണ്ണ കുപ്പി എടുത്തിട്ട് വാടീ ഹിമാറെ, വള്ളാഹി ഇവിടുന്ന് ഇറങ്ങിയാല്‍ നിന്നെ ഞാന്‍ മയ്യത്താക്കും“
സുപ്രമണി പിന്നേയും എന്തൊക്കെയോ ദേഷ്യത്താല്‍ പുലമ്പിക്കൊണ്ടിരുന്നു. അപ്പോഴാണ് സുപ്രമണിയെ കാണാതെ അന്വേഷിച്ച് അമ്മാവന്‍ പിന്നാമ്പുരത്ത് എത്തിയത്. ശൌച്യാലയത്തിലാണ് സുപ്രമണി എന്നറിഞ്ഞ അമ്മാവന് പതിവ്പോലെ കോപം വന്നു.
“എടാ സുപ്രൂ നീ ഇത് വരെ ഇറങ്ങിയില്ലെ ഇതിന്റെ ഉള്ളീന്ന്? പെണ്ണ് കാണാനേ സമയത്ത് ചെന്നില്ലെങ്കില്‍ പിന്നെ പെണ്ണ് കിട്ടൂല്ല.മണ്ഡപത്തിലെ കരണ്ട് പോയാ വരെ ഒളിച്ചോടുന്ന പെണ്ണുങ്ങളാ, ഒന്ന് വേഗം ഇറങ്ങി വാ നീ”

അപ്പോഴാണ് വെളിച്ചെണ്ണ ക്കുപ്പിയുമായി സഹോദരി ശൌച്യാലയത്തിലേക്ക് പോകുന്നത് അമ്മാവന്‍ കണ്ടത്. പതിവു പോലെ അമ്മാവന്‍ വീണ്ടും ചൂടായി.
“എങ്ങോട്ടാടി കുപ്പിയുമായിട്ട്? എന്താത്?”

“ഇത് വെളിച്ചെണ്ണ്യാ”

“സുപ്രാ‍ാ‍ാ” അമ്മാവന്‍ അറിയാതെ വിളിച്ചു പോയി.അമ്മാവന്റെ പെര് നാറ്റിക്കാനുണ്ടായ അസുരവിത്താണോ ശൌച്യാലയത്തിലെന്ന് ഒരുവേള കൂണ്ഠിതപ്പെട്ട് അമ്മാവന്‍ ഉമ്മറത്തേക്ക് നടന്നു.

ഉച്ചയ്ക്ക് പപ്പടം കാച്ചാന്‍ വെച്ച എണ്ണ കൊണ്ട് ചന്തികഴുകി സുപ്രമണി ഉമ്മറത്തേക്ക് വന്നു.അമ്മാവന്റെ മുഖത്ത് ഗൌരവത്തോടെയുള്ള ഒരു കള്ളച്ചിരി മാഞ്ഞിട്ടില്ല.അമ്മാവനെ കണ്ടതും സുപ്രമണി കൈഫഹാലക്കല്ലേ എന്ന പതിവു ചോദ്യം ചോദിച്ച് കൊണ്ട് തുടര്‍ന്നു,

“കുളിയൊക്കെ കഴിഞ്ഞതാ, ഇന്നാലും ഇറങ്ങാന്‍ നേരം ഒരു സന്ദേഹം! അത് തീര്‍ക്കാന്‍ പോയതാ”

“പെണ്ണ് കാണാന്‍ പോകുമ്പോ തീര്‍ക്കാന്‍ പറ്റിയ സന്ദേഹം തന്നെ.എന്നാ ഇറങ്ങാം”

പതിവ് പോലെ അമ്മാവനെന്തോ തെറ്റായിധരിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കി സുപ്രമണി പെണ്ണ് കാണാനായി അമ്മാവന്റെ കൂടെ കുറച്ച് ദൂരെയുള്ള ഒരു വീട്ടില്‍ ചെന്നു.
പെണ്ണിനെ സുപ്രമണിക്ക് ബോധിച്ചു, എന്നാല്‍ പെണ്ണും ചെക്കനും സംസാരിക്കട്ടെ എന്ന് പറഞ്ഞ് പതിവു പോലെ അമ്മാവന്‍ സുപ്രമണിക്ക് ഗൌരവത്തോടെ അനുവാദം കൊടുത്തു.

സുപ്രമണിയുടെ ജീവിതത്തിലെ ആദ്യ പെണ്ണ് കാണലാണ്. അല്‍പ്പം വിറയലും അതിലേറെ സുപ്രമണിയുടെ ചങ്കിലെ വെള്ളാം മുഴുവന്‍ വറ്റിയ പോലെ സുപ്രമണിക്ക് തോന്നി. എങ്കിലും ധൈര്യം സംഭരിച്ച് കൊണ്ട് കൊണ്ട് സുപ്രമണി പേര് ചോദിച്ചു.

“ശോഭ”

''ശോഭ സുപ്രു''നല്ല പേര്, ഇനിയെന്ത് ചോദിക്കും എന്ന് ചിന്തിക്കുന്നതിനിടയില്‍ അനുഭവത്തിന്റെ വെളിച്ചത്തില്‍ സുപ്രു ഒറ്റചോദ്യാ!
“ഇവിടെ കിണറാണോ കുഴല്‍ക്കിണറാണോ?''

തന്റെ പെണ്ണുകാണല്‍ ജീവിതത്തില്‍ ഇന്നേവരെ നേരിട്ടില്ലാത്ത ആ ചോദ്യത്തിന് മുന്നില്‍ പകച്ച് പോയെങ്കിലും അല്‍പ്പം നാണം ലാസ്യത്തില്‍ സമം ചേര്‍ത്ത് ശോഭ മൊഴിഞ്ഞു,
''കുഴല്‍ കിണറാ''

''അപ്പോ വെള്ളം വന്നില്ലെങ്കില്‍ ഇവിടേം വെളിച്ചെണ്ണ ഉപയോഗിക്കേണ്ടിവരും അല്ലേ ഹഹഹ .......ശോഭ ചിരിക്കുന്നില്ലേ ?''



താലൂക്കാശുപത്രിയില്‍ നിന്നും എത്രയും വേഗം സുപ്രമണിയെ മെഡിക്കല്‍ കോളേജിലെത്തിച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് പറഞ്ഞു!!


ന്യൂ ജെന്‍ വാരഫലം

$
0
0

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):

പുതിയ മാസം പിറക്കുന്ന ഈയാഴ്‌ച മേടക്കൂറുകാർക്ക് പ്രവർത്തനരംഗത്തും കുടുംബത്തിലും കൂടുതൽ ഫ്രീ വൈഫൈ ലഭിക്കാന്‍ കഴിയും. മനസ്സിനു സ്വസ്‌ഥതയും സമാധാനവും അനുഭവപ്പെടുമെങ്കിലും പോസ്റ്റുകള്‍ക്ക് പ്രതീക്ഷിച്ച ലൈക്കും കമന്റും ലഭിക്കാത്തതില്‍ സങ്കടപ്പെടും. സാമ്പത്തികരംഗത്തു കൂടുതൽ നേട്ടമുണ്ടാക്കാൻ ഫേസ്ബുക്കും വാട്സപ്പും ഡെലീറ്റ് ചെയ്യുന്നതോടെ കഴിയും. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ പോയി കൂട്ടു കാരെ അങ്ങോട്ട് പോയി കാണണം എന്ന് തോന്നും. ചന്ദ്രൻ പന്ത്രണ്ടാംഭാവത്തിൽ വരുന്നതിനാൽ ആണത്. ആഴ്‌ചയിലെ മറ്റു ദിവസങ്ങളിൽ കൂതറ സ്റ്റാറ്റസുകള്‍ക്ക് ആവശ്യത്തിലധികം ലൈക്ക് കിട്ടുന്നതായി അനുഭവപ്പെടും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):

ഈയാഴ്‌ച ഇടവക്കൂറുകാർക്ക് ഫേസ്ബുക്കില്‍ അനുകൂല ഫലങ്ങൾ കണ്ടുതുടങ്ങാൻ സാധ്യതയുണ്ട്. കണ്ടകശ്ശനി തുടരുന്നതിനാൽ സുഹൃത്തുക്കളുമായും മറ്റും ചാറ്റ് ചെയ്യുമ്പോൾ അബദ്ധം പറ്റാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സ്ക്രീന്‍ ഷോട്ട് എടുത്ത് നാറ്റിക്കാന്‍ സാ‍ധ്യതയുണ്ട്. നിസ്സാര സ്റ്റാറ്റസ്സുകള്‍ക്ക് പൊങ്കാല കിട്ടാന്‍ സാധ്യതയുണ്ട്. എങ്കിലും തൊലിക്കട്ടിയുടെ ബലത്തിലൂടെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയും. കുടുംബഭാവത്തിൽ വ്യാഴം തുടരുന്നതിനാൽ അയല്‍വീട്ടിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):

 ഈയാഴ്‌ച മിഥുനക്കൂറുകാർക്ക് പൊതുവെ അനുകൂലഫലങ്ങളാണ് എല്ലാ സ്റ്റാറ്റസ്സുകള്‍ക്കും അനുഭവപ്പെടുക. ജോലിയിൽ സ്‌ഥാനചലനത്തിനു സാധ്യതയുണ്ട്. വിചാരിക്കാത്ത ധനനഷ്ടവും ഉണ്ടാകും. വീട്ടിലും ചാ‍റ്റിലും സ്വസ്‌ഥത അനുഭവപ്പെടാന്‍ സാധ്യത കുറവാണ്. വ്യാഴം മൂന്നാം ഭാവത്തിൽ തുടരുന്നതിനാൽ ചില ദിവസങ്ങളിൽ ലൈക്കുകള്‍ വേണ്ടത്ര കിട്ടുന്നില്ലെന്ന തോന്നൽ ഉണ്ടാകും. എങ്കിൽ പോലും തെറി കമന്റുകള്‍ ലഭിക്കുന്നതില്‍ വലിയ തോതിൽ തടസ്സങ്ങൾ ഉണ്ടാകില്ല.

കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും):

ഈയാഴ്‌ച കർക്കടകക്കൂറുകാർക്കു വീട്ടിൽ നിന്ന് തന്നെ ആവശ്യത്തിലധികം പൊങ്കാല നടക്കും. ആഴ്‌ചയുടെ ആദ്യത്തെ ദിവസം വൈഫൈയുടെ സ്പീഡ് കുറയും. ദൈവാനുഗ്രഹം കൊണ്ട് കൂപ്പണ്‍ ചാര്‍ജ്ജിങ്ങില്‍ എം ബി വേണ്ടത്ര കിട്ടുന്നില്ലെന്ന തോന്നലുണ്ടാകും. ചന്ദ്രൻ അഷ്ടമരാശിയിൽ വരുന്നതിനാൽ ആണിത്. ആഴ്‌ചയുടെ ആദ്യപകുതിയിൽ ലൈക്കുകൾ അനുകൂലമായിരിക്കും പിന്നീട് അക്കൌണ്ട് ഡെലീറ്റ് ചെയ്യുന്നത് വരെ കാര്യങ്ങള്‍ എത്താം. സാമ്പത്തികരംഗത്തു പുതിയ ഉണർവ് കാണപ്പെടാവുന്ന പുതിയ തട്ടിപ്പുകളില്‍ ഏര്‍പ്പെടും. സുഹൃത്തുക്കളിൽ നിന്നു പാരകള്‍ പ്രതീക്ഷിക്കാം.

ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):

കണ്ടകശ്ശനിയും ജന്മവ്യാഴവും തുടരുന്നതിനാൽ ചിങ്ങക്കൂറുകാർക്ക് ഈയാഴ്‌ച പൊതുവെ ഗുണദോഷമിശ്രമായ ഫലങ്ങളാണു പ്രതീക്ഷിക്കാവുന്നത്. ചന്ദ്രൻ അഷ്‌ടമരാശിയിൽ വരുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ലൈക്കും കമന്റും കുറയും. പൊങ്കാല കൂടും. തുടർന്നുള്ള ദിവസങ്ങളിൽ സാമ്പത്തികരംഗത്തു കൂടുതൽ നേട്ടങ്ങൾ ഉണ്ടാക്കാൻ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കുക. വിദ്യാർഥികൾക്കു പഠനകാര്യങ്ങളിൽ വിജയം നേടാൻ മുടങ്ങാതെ സ്കൂളിലും കോളേജിലും പോകുക.

കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ഈയാഴ്‌ച കന്നിക്കൂറുകാർ ഇടുന്ന സ്റ്റാറ്റസുകളുടെ കാര്യങ്ങളിൽ ഗുണദോഷമിശ്രമായിട്ടായിരിക്കും കമന്റ് അനുഭവപ്പെടുക. പന്ത്രണ്ടാം വ്യാഴം തുടരുന്നതിനാൽ ചെറിയ തോതിൽ തലയ്ക് മന്ദത അനുഭവപ്പെടും. ബുധൻ, വ്യാഴം ദിവസങ്ങളിൽ വിചാരിച്ച കാര്യങ്ങൾ മുഴുവൻ സ്റ്റാറ്റസില്‍ ഉള്‍പ്പെട്ടുത്താന്‍ കഴിഞ്ഞെന്ന് വരില്ല, അഷ്‌ടമരാശിക്കൂറു വരുന്നതിനാൽ ആണിത്. എങ്കിലും ഏതു പ്രതിസന്ധിയിലും ഫേക്ക് ഐഡികളുടെ അനുഗ്രഹം അനുഭവപ്പെടും. സാമ്പത്തികരംഗം മെച്ചപ്പെടാന്‍ എന്തേങ്കിലും തൊഴില്‍ ചെയ്യേണ്ടി വരും.

തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്‌ച തുലാക്കൂറുകാർക്ക് പ്രവർത്തനരംഗത്ത് നിന്നും കുടുംബത്തില്‍ നിന്നു പോലും അനുകൂലമായി ലൈക്കോ കമന്റോ ലഭിക്കില്ല. ഏഴരശ്ശനി തുടരുന്നതിനാൽ ഫ്രീ വൈഫിയില്‍ ഇടയ്‌ക്കിടെ ചെറിയ തടസ്സങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരിക്കും. എങ്കിലും അസൂയാലുക്കൾ ഉണ്ടാക്കുന്ന ഈ തടസ്സങ്ങളെ വിജയകരമായി മറികടക്കാൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു പതിവിലേറെ ഓസിന് ഫുഡ് അടിക്കും.മൊബൈല്‍ താഴെ വീഴാനും പൊട്ടാനും സാധ്യതയുണ്ട്,അതിനാല്‍ കറുത്ത് ഒരു കവര്‍ വാങ്ങി മൊബൈലിനിടുക.

വൃശ്‌ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
വൃശ്‌ചികക്കൂറുകാർക്ക് ഇടപെടുന്ന കാര്യങ്ങൾ വിജയത്തിലെത്തിക്കാൻ കൂടുതൽ ഫേക്ക് ഐഡികള്‍ ഉണ്ടാക്കേണ്ടിവരുന്ന ദിവസങ്ങളാണിത്. എങ്കിലും കഴിഞ്ഞയാഴ്‌ചത്തേതിനെക്കാൾ ഭേതപ്പെട്ട തെറി കമന്റുക്ളാണ് ഈ ആഴ്ച ലഭിക്കുക. ജോലിരംഗത്തും വീട്ടുകാര്യങ്ങളിലും ശ്രദ്ധിച്ചാല്‍ നാട്ടുകാര്‍ക്ക് സമാധാനം ഉണ്ടാ‍കും. എങ്കിലും കണ്ടകശ്ശനി തുടരുന്നതിനാൽ ദൈവാനുഗ്രഹത്തിനു പ്രത്യേക പ്രാർഥനകളും ദൈവ വചനങ്ങളും ദൈവീക ചിത്രങ്ങളും മറ്റും ഫോര്‍വേഡ്  ചെയ്യേണ്ടി വരും. സാമ്പത്തികബാധ്യതകളിൽ കുറെയൊക്കെ തീർക്കാൻ കടം വാങ്ങേണ്ടി വരും.

ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ധനുക്കൂറുകാർക്ക് ചില ദിവസങ്ങളിൽ കാര്യങ്ങൾ വിചാരിച്ചതുപോലെ നടന്നുകൊള്ളണമെന്നില്ല. അണ്‍ ലിമിറ്റഡ് ഡൌ‍ണ്‍ലോഡ് പിടിപെടുന്നതിനാല്‍ നല്ലൊരു ഡോക്ടര്‍ ബ്രോയെ കാണേണ്ടി വരും. എങ്കിലും വ്യാഴം ഒൻപതാം ഭാവത്തിൽ ഉള്ളതിനാൽ ദൈവാനുഗ്രഹത്തിലൂടെ കാര്യങ്ങളെയെല്ലാം കണ്ട്ട്രോളിലെത്തിക്കാൻ കഴിയും. കുടുംബത്തിൽ മംഗളകാര്യങ്ങൾ നടക്കുന്നതിനാല്‍ ഈ ആഴ്ചയില്‍ കുളിക്കേണ്ടി വരൂം,ജലദോഷം വരാതെ സൂക്ഷിക്കുക. കൊടുക്കാനുള്ള പണം അൽപ്പമെങ്കിലും തിരികെ കൊടുത്താ‍ല്‍ കാലില്‍ പ്ലാസ്റ്റര്‍ ഇടേണ്ടി വരില്ല.

മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
 ഈയാഴ്‌ച മകരക്കൂറുകാർക്ക് ഫേസ്ബുക്കിലും വാട്ട്സാപ്പിലും നല്ല ഫോര്‍വേഡുകള്‍ പ്രതീക്ഷിക്കാവുന്നത്. എങ്കിലും അഷ്ടമവ്യാഴം തുടരുന്നതിനാൽ ചില ദിവസങ്ങളിൽ വേണ്ടത്ര ക്ലിപ്പുകള്‍ കിട്ടുന്നില്ലെന്നു തോന്നും. പുതിയ ഗ്രൂപ്പിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടിവരും. തൊഴിൽ ഇല്ലാത്തവർക്കു സുഹൃത്തുക്കളുടെ സഹായത്തോടെ പുതിയ വാട്ട്സപ്പ് ഗ്രൂപ്പ് അഡ്മിന്‍ തൊഴിലവസരം വന്നുചേരാനിടയുണ്ട്. സാമ്പത്തികകാര്യങ്ങളിൽ പുതിയ ഉണർവ് കാണപ്പെടാന്‍ സര്‍ക്കാര്‍ ഉല്‍പ്പന്നങ്ങള്‍ മറിച്ച് വില്‍ക്കേണ്ടി വരും. ആഴ്‌ചയുടെ ആദ്യദിവസങ്ങളിൽ കൂടുതൽ ഓര്‍ഡറുകള്‍ ആവശ്യക്കാര്‍ക്കെത്തിച്ച് കൂടുതല്‍ നേട്ടമുണ്ടാക്കാൻ കഴിയും.

കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്‌ച കുംഭക്കൂറുകാർക്ക് ഇടപെടുന്ന കാര്യങ്ങളിലെല്ലാം പൊതുവെ നല്ല ഊക്കന്‍ തെറികള്‍ പ്രതീക്ഷിക്കാവുന്നത്. ചന്ദ്രൻ അനുകൂലഭാവങ്ങളിലൂടെ സഞ്ചരിക്കുന്നതിനാൽ മനസ്സിന്റെ സ്വസ്‌ഥതയും സമാധാനവും നിലനിർത്താൻ സര്‍ക്കാര്‍ ഔട്ട് ലെറ്റുകള്‍ക്ക് കഴിയും . പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാൻ പാതിരാത്രിയില്‍ മൂലധനം സംഭരിക്കാന്‍ സാധിക്കും. വ്യാഴം ഏഴാംഭാവത്തിൽ തുടരുന്നതിനാൽ എട്ടിന്റെ പണി കിട്ടാന്‍ സാധ്യതയുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
മീനക്കൂറുകാർക്ക് പൊതുവെ നല്ല കമന്റുകളും ലൈക്കുകളുമാണ് എല്ലാ പോസ്റ്റിനും ഈയാഴ്‌ച അനുഭവപ്പെടുക. വിചാരിച്ച പെണ്‍ സുഹ്രുത്തുക്കള്‍ മിക്കതും  റിക്വസ്റ്റ് സ്വീകരിക്കും. ആറാം വ്യാഴം തുടരുന്നതിനാൽ ചില ദിവസങ്ങളിൽ ആറ് മണിക്ക് ശേഷം സ്റ്റാ‍റ്റസുകള്‍ ഇടരുത്. അതുകൊണ്ട് ഇടയ്‌ക്ക് ഗ്രൂപ്പ് അഡ്മിനുകളെ വിളിച്ച് സദ്യ നല്‍കുന്നത് നല്ലതാണ്. മനസ്സിന്റെ ഏകാഗ്രത കൂട്ടാൻ സണ്ണിലിയോണിന്റെ ഫോട്ടോ 13 ഗ്രൂപ്പുകളിലേക്ക് ഫോര്‍വേഡ് ചെയ്യുക. സാമ്പത്തികരംഗം മെച്ചപ്പെടാനും വിദ്യാർഥികൾക്കു പഠനകാര്യങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കാനും ഇന്റര്‍നെറ്റ് ബില്‍ അടക്കാതിരിക്കുന്നത് ഉത്തമമാണ്.

ജ്യോതിഷ വൈഡൂര്യം വാഴക്കോടന്‍ തയ്യാറാക്കിയത് !

വാഴക്കോടന്‍ ടൂര്‍ കമ്പനി അറിയിപ്പ്!!

$
0
0
ടൂറിന് പോകുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് :

1. ആവശ്യത്തിന് ചിലവിനുള്ള പണം കരുതിയില്ലെങ്കില്‍ കായില്ലാത്തോന്‍
ഇറച്ചിക്ക് പോയ പോലെയാകും.

2. വയറിനനുസരിച്ച് ആഹാരം കഴിച്ചില്ലെങ്കില്‍ കാഴ്ചകള്‍ കാണാനായി നടക്കാന്‍ ബുദ്ധിമുട്ടാവും.

3. മറ്റുള്ളവര്‍ ടൂത്ത് പേസ്റ്റ് കൊണ്ട് വരും എന്ന് കരുതി ബ്രഷ്
മാത്രമായി വന്നാല്‍ പേസ്റ്റ് ലഭിക്കുന്നതല്ല.

4. കുളിക്കുന്ന സ്വഭാവമുള്ളവര്‍ സോപ്പ് സ്വന്തമായി കൊണ്ട് വരണം.

5. ഫെയര്‍ & ലൌലി ബ്രില്‍ ക്രീം എന്നിവ മറ്റുള്ളവരോട് ചോദിക്കുന്നത്
ക്രിമിനല്‍ കുറ്റമാണ്.

6. സ്പ്രേ കടം നല്‍കല്‍ സുന്നത്തില്ല.

7. സ്പീക്കര്‍ ശക്തനെപ്പോലെ കുനിയാന്‍ ബുദ്ധീമുട്ടുള്ളവര്‍
അടിവസ്ത്രത്തിന് ആവശ്യമായ വള്ളികള്‍ പിടിപ്പിക്കുക. സഹായത്തിന് ഡ്രൈവര്‍
ഉണ്ടാകില്ല.

8. കുട്ടികളുള്ള മാതാപിതാക്കള്‍ കുട്ടികളെ കൈവിട്ടു പോകാതെ ശ്രദ്ധിക്കുക. അഥവാ കുട്ടികള്‍ കൈവിട്ടു പോയാലും ടൂര്‍ ഫീസ് നല്‍കേണ്ടതാണ്.

9. ബിരിയാണിക്ക് എക്സ്ട്രാ റൈസ് വാങ്ങുന്നവരും മസാലദോശയുടെ കൂടെ ഉഴുന്ന് വട വാങ്ങുന്നവരും എക്സ്ട്രാ ഫീ നല്‍കേണ്ടി വരും.

10. വാട്ടര്‍ തീം പാര്‍ക്കിലെ വേവ് പൂളില്‍ ഇറങ്ങുന്നവര്‍ ഒരുമിച്ച് ഒരേ
സമയം മൂത്രമൊഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം, വെള്ളപ്പൊക്ക
അപകടങ്ങള്‍ക്ക് സാധ്യതയുണ്ട്.

11. ഹോട്ടലില്‍ കയറി ബീഫ് ഫ്രൈ ബീഫ് കറി എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഉള്ളിഫ്രൈ, ഉള്ളിക്കറി എന്ന് പറഞ്ഞാല്‍ മതിയാകും.

12.ടൂര്‍ ബസ് തിരിച്ച് വീട്ടിലെത്തുന്നതിന് മുന്‍പ് ടൂറിന്റെ മുഴുവന്‍ സംഖ്യയും മാനേജരെ ഏല്‍പ്പിക്കേണ്ടതാണ്. പിന്നീട് കുറി പിരിക്കാന്‍ വരുന്ന പോലെ വീട്ടിലേക്ക് വരുന്നതല്ല.

13. ഈ ടൂര്‍ ഉമ്മഞ്ചാണ്ടിയുടെ ഭരണ കാലത്ത് നടക്കുന്നതിനാല്‍ എന്തേങ്കിലും അഴിമതി ടൂറില്‍ നടന്നാലും തെളിവുണ്ടായിരിക്കുന്നതല്ല.

14.ടൂര്‍ മാനേജര്‍ വാഴക്കോടന്റെ സകല ചിലവുകളും മറ്റുള്ള ടൂര്‍ അംഗങ്ങള്‍ എടുക്കേണ്ടതാണ്,  ഇത് ചോദ്യം ചെയ്യുന്നവരെ ബസ്സിന്റെ ഏറ്റവും പുറകിലെ സീറ്റില്‍ ഇരുത്തുന്നതാണ്.

15. ടൂര്‍ സുഗമമായി നടക്കുന്നതിന് വിവിധ പള്ളികളിലും ക്ഷേത്രങ്ങളിലും
നടത്തൂന്ന നേര്‍ച്ച വഴിപാടുകളുടെ ചിലവും ടൂര്‍ ഫീസില്‍ ഉള്‍പ്പെടുത്തിയ
സന്തോഷ വാര്‍ത്ത ഏവരേയും അറീയിക്കുന്നു.

എന്ന്
ടൂര്‍ കമ്മറ്റിക്ക് വേണ്ടി,
മാനേജര്‍
വാഴക്കോടന്‍

സുപ്രമണി കഥകള്‍ - 05

$
0
0
ലീവിന് വന്ന സുപ്രമണിക്ക് കല്യാണാലോചനകള്‍ മൂന്നാന്റെ കാര്‍മ്മികത്വത്തില്‍ തകൃതിയായി നടന്നു. ഓരോ ദിവസവും വിവിധങ്ങളായ ഫോട്ടോകള്‍ കാണിച്ച് മൂന്നാന്‍ സുപ്രനെ പറഞ്ഞിളക്കി പെണ്ണ് കാണിക്കാന്‍ കൊണ്ട് പോകും. ഫോട്ടോയില്‍ കാണുന്ന ചന്തം പെണ്ണിനില്ലെന്നും പറഞ്ഞ് സുപ്രന്‍ മാഫി സെയിന്‍ എന്നും പറഞ്ഞ് തടി കയിച്ചലാക്കും. അങ്ങിനെ ഒരു ദിവസം മൂന്നാന്‍ സുപ്രുവിനെ കാണിക്കാന്‍ പുതിയ സെറ്റ് ഫോട്ടോയുമായി വന്നു.

“ഇത് ഒരു നടിയുടെ ഫോട്ടോയാ,സൂപ്പര്‍ ഫിഗറാ”

സുപ്രു ഫോട്ടോ വാങ്ങിക്കൊണ്ട് നോക്കിയ ശേഷം, “ സില്‍മാ നടിയാണോ??”

“അല്ല”

“സീരിയല്‍ നടി?”

“അല്ല”

“പിന്നെ നാടക നടിയാണോ?”

“ഈ നടി വാട്സാപ്പിലും ബ്ലൂടൂത്തിലുമാണ് അധികം അഭിനയിച്ചിട്ടുള്ളത്!നല്ല ഭാവാഭിനയമൊക്കെ വശമുള്ള നടിയാ”

സുപ്രനു ദേഷ്യം വന്നു.”എടോ മൂന്നാന്നെ എന്റെ തരത്തിനൊത്ത ഒരു പെണ്ണിനെയാണ് എനിക്ക് വേണ്ടത്, ഒരു സീരിയല്‍ നടിയെ പൊറുപ്പിക്കാന്‍ തന്നെ പാടാ,അപ്പഴാ ഒരു വാട്സാപ്പ് ബ്ലൂടൂത്ത് നടി!”

അന്നും ഒരു പെണ്ണ് കാണല്‍ മഹാമഹം കഴിഞ്ഞ് സുപ്രന്‍ ഒരു നാടന്‍ തട്ടുകടയില്‍ കയറി മൂ‍ക്കറ്റം കഴിച്ച് ഏമ്പക്കവും വിട്ട് വീട്ടിലെത്തി. വീട്ടിലെത്തിയതും സുപ്രന്റെ വയറിനകത്ത് നിന്നും പെരുമ്പറ മുഴങ്ങി.ഇടി വെട്ടി പെയ്യാന്‍ നേരത്ത് മാനത്ത് ഉരുണ്ട് കൂടിയ പോലെ ഒരു കാര്‍മേഘം സുപ്രുവിന്റെ വയറിനകത്ത് ഉരുണ്ട് കൂടി.അധികം താമസിയാതെ അത് ഇടി വെട്ടി പെയ്തിറങ്ങി. ഒരോ മഴ പെയ്ത് തീരുമ്പോഴും സുപ്രന്‍ ക്ഷീണിച്ചവശനായി.ഒന്ന് രണ്ട് ശക്തിയായ മഴ തീര്‍ന്നപ്പോള്‍ സുപ്രു ആകെ ക്ഷീണിതനായി. സഹോദാരിയെ വിളിച്ച് കൊണ്ട് പറഞ്ഞു, “എടീ വല്ലാത്ത വയറ് വേദന, വയറിളക്കത്തിനും കൂടി മരുന്ന് വാങ്ങിച്ച് വരാന്‍ പറ അച്ഛനോട്!” ഇത്രയും പറഞ്ഞ് സുപ്രു വീണ്ടും ശൌച്യാലയത്തില്‍ പോയി.

അച്ഛന്‍ ഗുളികയുമായി വന്നു, രണ്ടെണ്ണം കഴിക്കാന്‍ പറഞ്ഞത് തന്റെ ശക്തിയായ അടിയൊഴുക്ക് കണക്കാക്കി സുപ്രന്‍ നാലെണ്ണം കഴിച്ചു. ഒരു വിധത്തില്‍ കട്ടിലില്‍ കയറിക്കിടന്നു. പക്ഷേ ഗുളിക വയറിലെത്തിയതും ഇടയ്ക്കൊക്കെ ചെറിയ ഇടവേള കിട്ടിയിരുന്ന സുപ്രന്‍ പിന്നെ നോണ്‍ സ്റ്റോപ്പായി. ശൌച്യാലയത്തില്‍ നിന്നും പുറത്ത് വരാതായി. ഇതിലെന്തോ പന്തികേട് മണത്ത സുപ്രുവിന്റെ സഹോദരി അച്ഛനോട് ചോദിച്ചു,

“അച്ഛന്‍ വയറ്റീന്ന് പോക്ക് നിക്കാനുള്ള ഗുളികയാണോ അതോ വയറ്റീന്ന് പോകാനുള്ള ഗുളികയാണോ വാങ്ങിയത്?”

“വയറു വേദനക്കും വയറ്റീന്ന് പോകാനുള്ള ഗുളികയും! എന്തേ?”

സുപ്രുവിന് 6 കുപ്പി ഗ്ലൂക്കൂസ് കയറിയപ്പോഴാണ് ബോധം വന്നത്!

#സുപ്രമണികഥകള്‍

ഒരു തീവണ്ടി യാത്ര

$
0
0

തമിഴ് നാട്ടില്‍ താമസിക്കാത്തത് കൊണ്ടും ചപ്പാത്തി തിന്നാത്തത് കൊണ്ടും എന്തോ ഹിന്ദി എനിക്ക് അറിയാന്‍ പാടില്ലായിരുന്നു. എങ്കിലും തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയില്‍ എതിര്‍ സീറ്റിലിരുന്നിരുന്ന ഹിന്ദി സുന്ദരി എന്നെ ഹഠാതാകര്‍ഷിച്ചു. അത് കൊണ്ട് എര്‍ണാളം എത്തിയത് അറിഞ്ഞത് തന്നെ കൊച്ചിയുടെ മണമടിച്ചാണ്. അങ്ങിനെ യാത്ര തുടര്‍ന്നു. എന്റെ അടുത്ത് പുതിയൊരാള്‍ വന്നിരുന്നു. തൊട്ട് മുന്നിലിരിക്കുന്ന ഹിന്ദിക്കാരി അനിയനോട് എന്തൊക്കെയോ സംസാരിക്കുന്നു ചിരിക്കുന്നു പക്ഷേ എനിക്കൊന്നും മനസ്സില്ലായില്ല. ചപ്പാത്തി തിന്നാത്തതില്‍ അന്നാദ്യമായി ജീവിതത്തോട് കടുത്ത നീരസവും വിരക്തിയും തോന്നി. ഗോതമ്പിന്റെ നിറമുള്ള ആ കൊച്ചു സുന്ദരി പറയുന്നത് മനസ്സ്സിലാക്കാ‍നെങ്കിലും കഴിഞ്ഞിരുന്നെങ്കിലെന്ന് ഒരു മാത്ര വെറുതേ നിനച്ച് പോയി!

എന്റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്റെ കയ്യില്‍ ഹിന്ദി അക്ഷരമാലകള്‍ അച്ചടിച്ച പുസ്തകം കണ്ടപ്പോള്‍ എനിക്കാവേശമായി. അയാള്‍ക്ക് ഹിന്ദി അറിയാമായിരിക്കും എന്നൊരു കുളിരു എന്നിലൂടെ അരിച്ചിറങ്ങി. ആകാംക്ഷ ഉള്ളിലൊളിപ്പിച്ച് വെക്കാതെ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു,

 “ഹിന്ദി അറിയും അല്ലേ?”

അയാള്‍ ഒരു ഹിന്ദി മുന്‍ഷിയെപ്പോലെ തലയാട്ടി. എനിക്കാശ്വാസമായി.ഞാന്‍ അയാളോട് കാര്യം പറഞ്ഞു, എതിരെ ഇരിക്കുന്ന സുന്ദരി ഏറെ നേരമായി എന്നെ നോക്കി ചിരിക്കുന്നു, എന്തൊക്കെയോ അനിയനോട് പറയുന്നു. അവനും ചിരിക്കാന്‍ കോറസ്സാകുന്നു. ഈ ഭയാനകമായ അവസ്ഥയില്‍ നിന്നും എന്നെയൊന്ന് കരകയറ്റീടേണം!

“ഓ അത്രേ ഉള്ളോ കാര്യം!ഇനി അവര്‍ സംസാരിച്ചാല്‍ അപ്പോള്‍ ഞാന്‍ നിനാക്ക് ട്രാന്‍സ്പോര്‍ട്ട് ചെയ്ത് തരാം ഓക്കെ”!

 ബല്യ പെരുന്നാളറിയിച്ച് മാനത്ത് അമ്പിളി കണ്ടപോലെ ഒരു സാന്തോഷം എനിക്കുണ്ടായി. പക്ഷേ എന്നെ നിരാശനാക്കിക്കൊണ്ട് ആ ഹിന്ദിക്കാരി കുറേ നേരം മിണ്ടാതിരുന്നു. ഹിന്ദി അറിയുന്ന ഒരാളെ കിട്ടിയപ്പോള്‍ ഈ പഹയത്തി മിണ്ടുന്നുമില്ലല്ലോ എന്ന് സങ്കടപ്പെട്ട് ഞാന്‍ അവളുടെ ചുണ്ട് അനങ്ങുന്നത് തന്നെ നോക്കി ഇരിക്കുകയായിരുന്നു. സഹികെട്ടെന്നോണം അവള്‍ ആ ചെറുക്കനെ തോണ്ടിക്കൊണ്ട് പറഞ്ഞു,

 “‘യേ ബുദ്ധു മേരാ ചെഹ്രാ സേ ആങ്ക് ഉടാത്താ നഹീ”

അത് കേട്ട് ആ പയ്യനും എന്നെ തുറിച്ച് നോക്കി, ഞാന്‍ ഉടനെ ട്രാന്‍സ്പോര്‍ട്ട് ചേട്ടനെ തുറിച്ച് നോക്കി. ഉടനെ അയാള്‍ പറഞ്ഞു,

”അതവര് ഒരു നാടന്‍ ചൊല്ല് പറഞ്ഞതാ അതായത് വളരെ ബുദ്ധിമുട്ടാണ് ചേരയെ തിന്നുന്ന നാട്ടില്‍ ചെന്ന് നടുക്കണ്ടം തിന്നാനെന്ന്!’

 എനിക്കാശ്വാസമായി. എന്നെ പറ്റി ഒന്നും പറഞ്ഞില്ല. വീണ്ടും ഞാന്‍ ജാഗരൂകനായി കര്‍മ്മത്തില്‍ മുഴുകി അപ്പോള്‍ അവള്‍ വീണ്ടും,

“യേ പാകല്‍ ദൂസരി സേ ദോസ്തി ബന്‍ ഗയാ! ഉല്ലൂ‍ “

വീണ്ടും ഞാന്‍ അയാളെ നോക്കി

“ അതായത് പകല്‍ സമയത്ത് ബെംഗാളികള്‍ ദൂസര ഉപയോഗിച്ചാണു പുല്ല് ചെത്തുന്നത്!”

 ഹോ അതിലും എനിക്കെതിരെ പരാമര്‍ശമില്ല എന്നാശ്വസിച്ചിരിക്കുമ്പോള്‍ അവള്‍ എന്നോട് നേരിട്ട് സംവദിച്ചു,

“ ഇസ്കെ പഹലെ ലഡ്കി കോ ദിക്താ നഹി?”

ഞാന്‍ പതിവ് പോലെ ട്രാന്‍സ്പോര്‍ട്ടറെ നോക്കി.

“ എടോ ഇതിന് മുന്‍പ് താന്‍ ലഡാക്കിലേക്ക് പോയിട്ടില്ലേ എന്ന്!“

“ഞാന്‍ പോയിട്ടില്ല”

“എന്നാല്‍ നഹി നഹി എന്ന് പറഞ്ഞോ”

ഞാന്‍ പിന്നെ ഒട്ടും ആലോചിച്ചില്ല അവളുടെ മുഖത്ത് നോക്കി

“എന്നാല്‍ നഹി നഹി” എന്ന് പറഞ്ഞു. അതിന് ശേഷം അവള്‍ വേറെ ഒന്നും ചോദിച്ചില്ല. പിന്നെ അവള്‍ പിറു പിറുക്കുകയായിരുന്നു. കേട്ടിട്ട് നല്ല കാര്യങ്ങളല്ല പറയുന്നത് എന്ന് ഞാന്‍ ഊഹിച്ചു.

വണ്ടി കൊല്ലത്തെത്തിയതും എന്റെ സഹയാത്രികന്‍ ഏതോ ഹിന്ദിക്കാരന്റെ പ്രസംഗം തര്‍ജ്ജമ ചെയ്യാനുണ്ടെന്നും പറഞ്ഞ് അവിടെ ഇറങ്ങി.ഇതെല്ലാം കണ്ട് കൊണ്ട് ഇരിക്കുകയായിരുന്ന ഒരു കാര്‍ന്നോരു വന്ന് എന്നോട് പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു,

” എന്തിനാ ആ ഹിന്ദിക്കൊച്ച് നിങ്ങളെ ചീത്ത വിളിച്ചത്? വേറുതേ വീട്ടുകാരെയൊക്കെ ഇങ്ങനെ തെറി കേള്‍പ്പിക്കണോ?”

അതിന് ഞാനൊന്നും പറഞ്ഞില്ലല്ലോ മാത്രമല്ല അവള്‍ ലഡാക്കില്‍ പോയോ എന്നൊക്കെയാ ചോദിച്ചത് ഞാന്‍ എന്നാല്‍ നഹി നഹി എന്ന് ഉത്തരം പറയുകയും ചെയ്തു അത് കുഴപ്പായാ?

“ഹിന്ദി അറിയില്ലല്ലേ? ഇതിന് മുന്‍പ് പെണ്‍കുട്യോളെ കണ്ടിട്ടില്ലേ എന്നാണ് ചോദിച്ചത്?”

“അപ്പോ ആ ഇറങ്ങിപ്പോയ ചേട്ടന്‍ പറഞ്ഞത് ലഡാക്കില്‍ പോയിട്ടുണ്ടോ എന്നാണല്ലോ!”

“ഹ ഹ അയാളെ മനസ്സിലായില്ലേ? അങ്ങേരുടെ ഹിന്ദി അങ്ങിനെയാ!”

അയാളാരാണെന്നോ എന്താണെന്നോ ഞാന്‍ അന്വേഷിക്കാന്‍ നിന്നില്ല. പതുക്കെ അടുത്ത ബോഗിയില്‍ സീറ്റുണ്ടോ എന്നന്വേഷിച്ചു ആ ഹിന്ദി പെണ്‍കുട്ടിയെ വെറുത്ത് ശപിച്ച് ഞാന്‍ അവിടന്ന് സ്ഥലം കാലിയാ‍ക്കി. അല്ലെങ്കിലും ഈ ഹിന്ദി പെണ്ണുങ്ങളൊക്കെ ഒരുമാതിരി ബോറ് പെണ്ണുങ്ങളാ...ഹല്ല പിന്നെ!
----------------------------------------------------
കിട്ടാത്ത മുന്തിരി ഏറെ ഉയരത്തായിരിക്കും!
Viewing all 37 articles
Browse latest View live